പുസ്തക പരിചയം
“അറേബ്യന്‍ സെല്‍ഫി”
രാജേഷ് വിതുര
പ്രസാധകര്‍ ; നീര്‍മാതളം ബുക്സ്
വില : 60 രൂപ
ഹാസ്യസാഹിത്യത്തിന്‍റെ ശ്രേണിയില്‍ പെടുത്താന്‍ ഒരു പുസ്തകം കൂടി മലയാളത്തിനു എന്നവകാശപ്പെടാം എങ്കിലും തത്വത്തില്‍ ആ അവകാശവാദത്തില്‍ കഴമ്പില്ലാതെ പോകുന്ന ഒരു വായനയാണ് ശ്രീ രാജേഷ് വിതുരയുടെ അറേബ്യന്‍ സെല്‍ഫി . നിത്യജീവിതത്തില്‍ നാം കണ്ടു മുട്ടുന്ന സന്ദര്‍ഭങ്ങളെ കുറിച്ചിടുന്ന ഈ ചെറിയ പുസ്തകം സമയം പോക്കാന്‍ വേണ്ടി ഉള്ള ഒരു ഉപാധി എന്നതിനപ്പുറം സൂക്ഷിച്ചു വെയ്ക്കാന്‍ ഒന്നും തന്നെ തരുന്നില്ല എന്നത് നിരാശപ്പെടുത്തുക തന്നെ ചെയ്യും . പ്രവാസജീവിതത്തില്‍ കണ്ടു മുട്ടിയ , അനുഭവിച്ച ചില സന്ദര്‍ഭങ്ങളെ പ്രത്യേകിച്ചും അവയിലെ നര്‍മ്മ നിമിഷങ്ങളെയും അതുപോലെ അവധിക്കാലവും , കുട്ടിക്കാലവും നല്‍കിയ നര്‍മ്മ നിമിഷങ്ങളും കുറിച്ചിടുന്ന ഒരു ലഘുവായ പുസ്തകം ആക്ഷേപ ഹാസ്യം നന്നായി ഈ എഴുത്തുകാരന് ചേരുന്നുണ്ട് എന്നത് എയര്‍ അറേബ്യ എന്ന കുറിപ്പിലും മറ്റും തെളിഞ്ഞു കാണുന്നുണ്ട് . ലേഖകന്‍ പറയും പോലെ നിങ്ങളില്‍ ഒരു പുഞ്ചിരി വിരിയിക്കാന്‍ ഉതകുന്ന നാം കണ്ടുംകേട്ടും പരിചയിച്ചും പോന്ന ചില നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ശ്രീമതി ഹണി ഭാസ്കര്‍ ആണ് . അജോയ് കുമാര്‍ , അജി വിരോധാഭാസന്‍ , രാജീവ് മേനോന്‍ എന്നിവരുടെ വായനക്കുറിപ്പുകള്‍ എന്നിവ അടങ്ങിയ ഈ പുസ്തകം ഒരു യാത്രയില്‍ , ഒഴിവു വേളയില്‍ , മാനസിക പിരിമുറുക്കം നിറഞ്ഞു നില്‍ക്കുന്ന വേളയില്‍ മനസ്സിനെ ഒന്ന് ഫ്രഷ് ആക്കാന്‍ നന്നായിരിക്കും . എഴുത്തിനെ ഗൌരവപരമായി കാണുകയാണെങ്കില്‍ വളരെ നല്ല ഹാസ്യവും , സാഹിത്യപരമായ രചനകളും ഈ എഴുത്തുകാരന്‍ സ്വന്തം പേരില്‍ അടയാളപ്പെടുത്താന്‍ കഴിവുണ്ട് . ഓരോ കുറിപ്പുകളിലും അതിന്റെ അനുരണനങ്ങള്‍ വായനക്കാരന് തൊട്ടെടുക്കാന്‍ കഴിയുന്നുണ്ട് . പച്ചയായ മനുഷ്യന്റെ വികാര വിചാരങ്ങളെ അതുപോലെ പകര്‍ത്തി എഴുതുമ്പോള്‍ അതില്‍ ഒരുപക്ഷെ നാം കരുതുന്ന രീതിയില്‍ ഹാസ്യം പ്രയോഗിക്കപ്പെട്ടില്ല എന്ന് വരും പക്ഷെ അതുകൊണ്ട് അതിലെ ഹാസ്യം ഹാസ്യമല്ലാതാകുന്നുമില്ല. കൂടുതല്‍ വായനയും , എഴുത്തും ആവശ്യം വേണ്ടതുണ്ട് എഴുത്തുകാരന് എന്ന് ഓര്‍മ്മപ്പെടുത്തുന്ന അറേബ്യന്‍ സെല്‍ഫി തുടക്കക്കാരന്റെ ജാമ്യം എടുത്തു കൈകെട്ടി മാറി നില്‍ക്കുന്നു എങ്കിലും മുന്നോട്ടു വരികയും കൂടുതല്‍ ഊര്‍ജ്ജത്തോടെ കൂടുതല്‍ രചനകളിലൂടെ വായനക്കാരുടെ പരാതി തീര്‍ക്കുകയും ചെയ്യും എന്ന പ്രതീക്ഷ നല്‍കുന്ന ശ്രീ രാജേഷ് വിതുര നാളെയുടെ വാഗ്ദാനം ആണ് .
സ്നേഹാശംസകളോടെ ബി ജി എന്‍ വര്‍ക്കല
ആശംസകള്‍
ReplyDelete