മഞ്ഞുതുള്ളിപോൽ
ഏകതാരകം പോൽ
അതുമല്ലെങ്കിൽ
കിനാവിലൊറ്റപ്പെട്ടൊരു
തുമ്പമലരായി
ഓർമ്മ തൻ തീരത്തു നീ
വിരുന്നു വന്നൊരുനാൾ.
നഷ്ടമായ വസന്തത്തെയും
ഗന്ധമില്ലാ പുഷ്പങ്ങളെയും
മഴവില്ലിൻ നിറരാഹിത്യത്തെയും
വരികളിലും വായനയിലും
നിറയെ കുടഞ്ഞിട്ടു
ചിതൽപ്പുറ്റിലൊളിപ്പിച്ചു നീ സ്വയം.
വിരിഞ്ഞ മാറിടത്തിലെ
മായാമറുകിൽ വിരലമർത്തി
പ്രണയം വിരസമെന്നു ചൊല്ലിയും
ചുളിവു വീണ വിരൽത്തുമ്പു
മുടിയിഴകളിൽ മറച്ചു
ലോകം കപടമെന്നും പറഞ്ഞു.
നിന്നെ വായിക്കുവാൻ
നിന്നെ അറിയുവാൻ
ഞാനൊരു യാത്രികനായ് .
അഴിഞ്ഞു വീണ മുഖപടവും
ഊർന്നു പോയ ഉടുപുടവകളും
അടിമുടി നിന്റെ നഗ്നത കാട്ടിയപ്പോൾ
ഞാനറിയുകയായിരുന്നു....
കെട്ടി മൂടിവയ്ക്കുന്ന പലതും
നിസംഗതയുടെ പൊയ്മുഖങ്ങളും
നിരാശയുടെ ആഴക്കടലുകളും
പ്രതീക്ഷയുടെ ഉടഞ്ഞ ഗോപുരങ്ങളുമാണ്.
നീ എന്തെന്നറിയുന്ന നിമിഷം
നീ നീയല്ലാതാകുന്നു.
ഉടഞ്ഞ ശംഖു കൊണ്ടരയിൽ
രക്ഷാകവചം തീർത്ത
നിന്റെ വിശ്വാസങ്ങളെ
ഇനിയെനിക്കു കാണാം .
മറുകുകൾ എണ്ണിയെടുക്കുമ്പോൾ
നീ ചകിതയാകാതിരിക്കുക.
..... ബിജു.ജി.നാഥ് വർക്കല
നല്ല വരികള്‍
ReplyDeleteആശംസകള്‍