Saturday, October 22, 2016

നമുക്കിനി കവിതകളെക്കുറിച്ചു പറയാം .


നമുക്കിനി കവിതകളെക്കുറിച്ചു പറയാം.
വാക്കിൽ നിറയ്ക്കുന്ന
വാചാല നിമിഷങ്ങളെ പങ്കുവയ്ക്കാം .
നിശബ്ദനോട്ടങ്ങളിൽ
പകർന്നു നല്കിയ സ്നേഹവും
പുഞ്ചിരികൾ എറിഞ്ഞിട്ട
ദ്വേഷ വിദ്വേഷങ്ങളും
കടക്കണ്ണിൽ കൊടുത്തിട്ട
ഹൃദയ നോവുകളും പങ്കിടാം.
രാവിന്റെ യാമങ്ങളിൽ
ഉറക്കം നഷ്ടപ്പെട്ടു നെയ്തുകൂട്ടിയ
സ്വപ്നങ്ങൾക്കാകാശം നല്കാം.
നമുക്കെന്നു കരുതി
മാറ്റിവച്ച നാളെകളെയോർത്തു
നെടുവീർപ്പുകൾ പൊഴിക്കാം.
തലയിണയോടും
ഇരുളിനോടും
തൊടിയിലെ കിളികളോടും
പൂക്കളോടും ശലഭങ്ങളോടും
പറഞ്ഞവയൊക്കെയും എഴുതിവയ്ക്കാം .
മണ്ണിന്നുള്ളിൽ ശ്വാസം മുട്ടി
തണുപ്പിൽ ഞെരിഞ്ഞമരുവോളം
നമുക്ക് വികാരങ്ങളുടെ
ഉഷ്ണവാക്കുകളെ കുറിച്ചിടാം.
പിടി കൊടുക്കാത്ത രണ്ടു ശലഭങ്ങളായി
നമുക്ക് പറന്നു നടക്കാം.
നമ്മെ വായിക്കുന്നവരിലൂടെ
നമുക്ക് സാഫല്യമടയാം.
കാമനകളുടെ ആകാശത്തിൽ
നഗ്നതയുടെ സാധ്യത തേടി
മേഘങ്ങളിൽ സഞ്ചരിക്കാം..
നമുക്കിനി
കവിതകളെക്കുറിച്ചു മാത്രം പറയാം.
..... ബിജു. ജി. നാഥ് വർക്കല.

1 comment:

  1. 'നമ്മെ വായിക്കുന്നവരിലൂടെ
    നമുക്ക് സാഫല്യമടയാം'
    ആശംസകള്‍

    ReplyDelete