Tuesday, October 11, 2016

ചുംബനം ചോദിച്ചൊരു രാവ് .


നിശ്ശബ്ദത കൂടുകൂട്ടും
ഇരുൾ മുറികൾ കടന്നു നീ
കൊറ്റികൾ തപം ചെയ്യും
പച്ചപ്പ് മിഴികളിൽ നിറയ്ക്കവേ
പറയുക വേനലേ നിന്നിൽ നിറയുന്ന
ഹർഷ ബാഷ്പത്തെ ഞാനിന്നു
ഉമ്മ വച്ചെടുത്തോട്ടെ.

കലപില കലഹം കൊണ്ടു
പകലുകൾ വശംകെട്ട
നിണഗന്ധമോലും മണ്ണതിൽ
നിന്നൊരു കിളിക്കൊഞ്ചൽ,
നിലയ്ക്കാത്ത പടിപ്പുര മുന്നിൽ
മറയ്ക്കുവാനാവാത്തോരാ മോദം
മിഴികളിൽ നിറപ്പോളെ
മറയ്ക്കട്ടെ നിൻ മിഴികളെയെൻ
നനുത്ത ചുംബനങ്ങളാലെ .

പരിഭവം പറഞ്ഞും
കുസൃതിയാൽ ചിണുങ്ങിയും
വഴുതി മാറാൻ പിടയ്ക്കും
വരാൽ മത്സ്യമേ , നിൻ
ഉറപ്പു മാത്രം വഹിച്ചു കടന്നു പോം
കാറ്റിൽ നിറച്ചുവയ്ക്കുന്നു
നിൻ വാക്കിൽ മറഞ്ഞിരിക്കും
മധുരവും മമതയും.

ഇനി വരുമൊരു നാളിൽ
അധരങ്ങൾ വിശ്രമിക്കാ
കഥകൾ ചൊല്ലിയാടും
നാഴികകൾ നമുക്കെന്നു
മിഴികൾ ചൊല്ലുന്നതു കണ്ടു
മനസ്സും നിറയുന്നുവല്ലോ.
'..... ബിജു.ജി.നാഥ് വർക്കല

1 comment:

  1. ഹൃദ്യമായ വരികള്‍
    ആശംസകള്‍

    ReplyDelete