Saturday, October 26, 2013

മരിച്ചവന്റെ സുവിശേഷം

കായും വയറിന്റെ ചൂടകറ്റാൻ
കുടിയിലെയടുപ്പിൽ തീകൊളുത്താൻ
പകലിന്റെ നീളവും രാത്രിതന്നാഴവും
അളന്നുതീർക്കുന്നവനെന്തു
മാനസികാവസ്ഥ !

പെണ്ണുടലുകളിൽ അഗ്നിയും
അധികാരത്തിന്റെ പകിടകളിയിൽ
അശ്വനീക്കവും കണ്ടു തഴമ്പിച്ച
ആവിഷ്കാര ജനസ്വാതന്ത്ര്യത്തിൽ
ഉള്ളിവിലപോലുയരും
ഏഴയുടെ ആധികൾക്കെന്തു മൂല്യം?

ബോണസ്സിനും , അലവൻസിനും
വേതന വർദ്ധനവിനും വേണ്ടി
ഉദ്യോഗവൃന്ദങ്ങൾ കൊടിപിടിക്കുമ്പോൾ
സംഘബലമില്ലാത്ത ദിവസക്കൂലിക്കാരൻ
പച്ചവെള്ളം മോന്തി പള്ളനിറയ്ക്കുന്നു.

ആണ്ടേക്കൊരിക്കലൊരു
ധർണ്ണയ്ക്കും സമരത്തിനും
ഖദറിന്റെ ദല്ലാളന്മാർ
ആഘോഷത്തോടെയാനയിക്കുമ്പോൾ
കൊടിപിടിച്ചുച്ചം വിളിക്കുമ്പോളവൻ തൻ
ശബ്ദത്തിനു  മൂർച്ച കൂടുന്നത്
പാർട്ടിയുടെ ലക്ഷ്യമറിഞ്ഞല്ല ,
തന്റെയുള്ളിലെ മരവിച്ചൊരാഗ്രഹമാണത് .
---------------ബി ജി എൻ വർക്കല ....

1 comment:

  1. ഭരണം ഭരിച്ചാൽ മാത്രം പോരല്ലോ സുഖിക്കുകയും വേണം അത് ആരും അറിയാനും പാടില്ല

    ReplyDelete