Tuesday, August 7, 2018

താക്കോല്‍


താക്കോല്‍
അധികാരത്തിന്റെ ചിഹ്നമാണ് താക്കോല്‍.
അധിനിവേശത്തിന്റെ സമ്മതപത്രവും.
വര്‍ഷങ്ങളുടെ അടുപ്പമല്ല,
മനസ്സിന്റെ വിശ്വാസമാണത്.
അതുകൊണ്ടുതന്നെ
കണ്മുന്നിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടേക്കാം.
ഒറ്റ വാക്കിനാല്‍ നിഷേധിച്ചേക്കാം.
മറന്നുപോയെന്നു കളവു പറഞ്ഞേക്കാം.
നമുക്കിടയില്‍ എന്തിനു പൂട്ടെന്നു
കളി പറഞ്ഞേക്കാം.
തരുവാന്‍ ഏല്‍പ്പിച്ചിടത്തു
പറയാന്‍ മറന്നു പോയെന്നു തമാശ പറയാം .
കാരണം
താക്കോല്‍ വിശ്വാസത്തിന്റെ ശേഷിപ്പാണ്.
ആര്‍ക്കും കൈമാറാവുന്ന ഒന്നല്ലത്.
ആരും കാണാതെ സൂക്ഷിക്കുന്നതൊന്നാകുമ്പോള്‍
ആര്‍ക്കും കൈമാറാവുന്ന ഒന്നല്ലത്.
തിരിച്ചറിവുകളുടെ മാപിനിയാണ് താക്കോല്‍ .
പിടിച്ചു വാങ്ങാനുള്ളതല്ല.
തുറന്നിട്ട വാതിലുകള്‍ പോലല്ലല്ലോ
അടച്ചിടുന്ന മനസ്സുകള്‍ പോലെയാണ്
പൂട്ടി സൂക്ഷിക്കുന്ന മുറികള്‍ .
അതിനാല്‍ തന്നെ
താക്കോല്‍ സൂക്ഷിക്കാന്‍ എല്പിക്കേണ്ടതും
അവ കാണാന്‍ അവകാശമുള്ളവര്‍ക്ക് മാത്രമാണ് .
-----------ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment