Thursday, October 22, 2015

യേശു മഴ പുതയ്ക്കുന്നു ...... സജിനി എസ് ന്റെ കഥാ സമാഹാരം


വായനയുടെ പുത്തന്‍ അനുഭവം ആണ് 'ശ്രീമതി സജിനി എസ്സി'ന്റെ "യേശു മഴ പുതയ്ക്കുന്നു" എന്ന കഥാ സമാഹാരം . ശ്രീ സജിനിയുടെ മൂന്നാമത്തെ കഥാ സമാഹാരം ആണിത് എന്ന് അവതാരികയില്‍ ശ്രീ ഇ ഹരികുമാര്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു . പതിനാലു കഥകളുടെ ഈ സമാഹാരത്തില്‍ ഇറങ്ങി മുങ്ങി നിവരുമ്പോള്‍ കഥകളുടെ സാമ്രാജ്യത്തില്‍ ഒരു ഇരിപ്പിടം നേടിയ ഒരു എഴുത്തുകാരിയുടെ തലയെടുപ്പ് മനസ്സില്‍ ഉണര്‍ത്തുന്നു വായനകള്‍ .
വായനയിലേക്ക് കടക്കും മുന്നേ എഴുത്തുകാരി പറയുന്ന വാചകം ആണ് ആദ്യം എന്നെ സ്പര്‍ശിച്ചത് . "ഈ കഥകളൊക്കെ സംഭവിച്ചു പോയതാണ് . എനിക്കറിയില്ല എങ്ങനെ എഴുതി എന്ന് . ജീവിതവും ഇങ്ങനൊക്കെ തന്നെയാണല്ലോ സംഭവിക്കുന്നത്‌ "
സംഭവിച്ചു പോയ ആ കഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം നമുക്ക് .
ഒന്നാമത്തെ കഥ ജ്ഞാനസ്നാനം . ഈ കഥ നമ്മോടു പറയുന്നത് രണ്ടു തലം ആണ് . വഴിവക്കില്‍ വച്ച് ഒരു പേപ്പട്ടി കടിച്ചു എന്നു പറഞ്ഞു കടന്നു വരുന്ന മകളോട് അമ്മ ഡെറ്റോള്‍ ഒഴിച്ച് നന്നായി ഒന്ന് കുളിച്ചാല്‍ മതിയെന്ന് പറയുന്ന ഒരു കവിതാ ശകലം ഞാന്‍ ഒരിക്കല്‍ എഴുതിയിരുന്നു . ആ രീതിയില്‍ ശാലിനിയെ രൂപപ്പെടുത്താന്‍ ശ്യാമള ചേച്ചി ശ്രമിക്കുന്നിടത്തു ആ കഥയെ വിട്ടു പോകാമായിരുന്നു . എങ്കില്‍ ആ കുട്ടിയില്‍ ഉണ്ടാവുക ആ സംഭവത്തെ ലാഘവത്വത്തോടെ കാണാനും ജീവിതത്തെ അഭിമുഖീകരിക്കാനും കഴിയുന്ന ഒരു തലം ആയിരുന്നു അത് . പക്ഷെ കഥാകാരി നമ്മെ കൂട്ടി കൊണ്ട് പോയത് കുട്ടിയമ്മയിലെ തന്റേടിയായ സ്ത്രീയിലേക്ക് ആണ് . പുരുഷനെ വെല്ലു വിളിക്കുന്നതും സമത്വം കാണിക്കുന്നതും അവനെ പോലെ നിന്നുകൊണ്ട് മുള്ളുന്നതിലും മരം കേറുന്നതിലും തെറി വിളിക്കുന്നതിലും മറ്റും ആണെന്ന ഒരു ധാരണ പൊതുവേ നാം ധരിച്ചു വച്ചിരിക്കുന്ന ഒരു വസ്തുത ആണ് . ശ്യാമള ചേച്ചി കുട്ടിയുടെ മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതും അത്തരം ഒരു ബിംബത്തെ കാണിച്ചു കൊടുത്ത് കൊണ്ട് ആണ് . ഇവിടെ കുട്ടി പരകായ പ്രവേശം ചെയ്യുന്നത് കുട്ടിയമ്മയിലെ നിഷേധിയായ സ്ത്രീയിലേക്ക് അല്ല പകരം കുട്ടിയമ്മയിലെ ലൈംഗിക പ്രതികരണങ്ങളിലേക്ക് ആണ് . ആധുനികതയുടെ അതിപ്രസരണങ്ങളില്‍ ലഭ്യമായ സാഹചര്യങ്ങളില്‍ കൂടി അവള്‍ കടന്നൂ പോകുന്നതും ആ ഒരു ലോകത്തേക്ക് ആണ് . ഒടുവില്‍ അസംതൃപ്തമായ മനസ്സ് കുട്ടിയമ്മയ്ക്കൊപ്പം കയറാന്‍ ഒരു മരം തേടുന്നത് ആ കുട്ടിയില്‍ ആ ബിംബം ചെലുത്തിയ തെറ്റായ ധാരണകള്‍ക്ക് ഉദാഹരണമാണ് .ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത ഇന്നേറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു കാലഘട്ടം എന്നതിനാല്‍ തന്നെ ഈ കഥ നമുക്ക് ആ ന്യൂനതകളെയും , തെറ്റായ ദിശകളിലേക്ക് കൈ പിടിച്ചു നടത്തിയാല്‍ സംഭവിക്കാവുന്ന വിഷയങ്ങളിലെയ്ക്കും നമ്മെ നടത്തും എന്നത് ഉറപ്പ് .
രണ്ടാമത്തെ കഥ ആയ പാഠഭേദം നമ്മില്‍ രാധ എന്ന തൊഴിലുറപ്പ് സ്ത്രീയുടെ ഒരു കാഴ്ചയിലൂടെ കുറെ ദൂരം നടത്തിക്കുന്നുണ്ട് . അവള്‍ കാണുന്ന തലയോട്ടി , അതിനെ ചുറ്റിപ്പറ്റി ഉള്ള അഴുക്കുകളുടെ വിവരണം എന്നിവയില്‍ കൂടി ആ തലയോട്ടിയുടെ ചരിത്രം നമ്മോടു സംസാരിക്കുന്നു മൂകമായി . തീര്‍ച്ചയായും രാധ അതില്‍ കാണുന്നത് അല്ലെങ്കില്‍ രാധയിലൂടെ കാട്ടുന്നത് ആ തലയോട് ഒരു സ്ത്രീയുടേതു ആണെന്ന ബോധം തന്നെയാണ് . ആ തലയുടെ നഗ്നഉടലിനെ തേടി രാധ അലയുമ്പോള്‍ അവളില്‍ നിറയുന്നതും ആ തലയോട്ടി കടന്നു പോയേക്കാവുന്ന സാഹചര്യങ്ങളില്‍ കൂടിയാണെന്ന് തോന്നിപ്പിക്കുന്നുണ്ടു . സഹോദരന്റെ സുഹൃത്തിന്റെ ലൈംഗിക ആക്രമണവും , പൊതു ജന സമൂഹത്തിലെ വിഷയ സമീപന രീതികളെയും നന്നായി പറഞ്ഞു പിടിപ്പിക്കുന്നുണ്ട് കഥാകാരി ഇവിടെ . ഒടുവില്‍ രാധ ആ തലയോട്ടിയിലേക്ക് പരകായപ്രവേശം ചെയ്യുന്ന തലത്തിലേക്ക് ചെന്നെത്തുമ്പോള്‍ ഇവിടെ കണ്ടത് രാധയുടെ തന്നെ തലയോട്ടി അല്ലേ എന്ന് സംശയിച്ചു പോകുന്നതില്‍ കുഴപ്പമില്ല എന്ന് കരുതുന്നു . ഒരു പക്ഷെ എഴുത്തുകാരിയുടെ മാസ്മരികത അതാകാം നമ്മെ കൊണ്ട് ചെയ്യിക്കാന്‍ ശ്രമിച്ചതും .
ഭിന്ന സംഖ്യകള്‍ എന്ന കഥയില്‍ കല്‍ക്കട്ടയെയും കേരളത്തെയും ഒരേ ഫ്രെയിമില്‍ കൊണ്ട് വരുന്നുണ്ട് . മാതൃത്വഭാവമാണ് ഓരോ നിഴലിലും എഴുത്തുകാരി ഉപയോഗിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ എല്ലാ കഥകളിലും മുലകള്‍ക്ക് പാല്‍മണം നിറഞ്ഞിരിക്കുന്നു . ഇവിടെ കൊച്ചമ്മിണിയും പത്രത്താളുകളില്‍ ഇറച്ചി തുണ്ടുകളുടെ എണ്ണം എടുക്കുന്ന അവസാനകാലങ്ങള്‍ പോലും ഇതില്‍ നിന്നും ഭിന്നമാകുന്നില്ല എന്നത് വായനക്കാരെ സന്തോഷിപ്പിക്കുമോ അതോ ചിന്തിപ്പിക്കുമോ എന്നത് ഒരു ചോദ്യചിഹ്നം തന്നെയല്ലേ എന്ന് വായന തോന്നിപ്പിച്ചു .
ഇതില്‍ ഉള്ള എല്ലാ കഥകളും ഒന്നിനോടൊന്നു വേറിട്ട്‌ നില്‍ക്കുകയാണ് . ഓരോന്നും എടുത്തു പറഞ്ഞാല്‍ വായനക്കാര്‍ക്ക് അസ്വാരസ്യം നേരിടുമോ എന്ന് ഭയക്കുന്നു ഞാന്‍ . എങ്കില്‍ കൂടിയും സ്ത്രീ എന്ന തലത്തില്‍ നിന്നുകൊണ്ട് വായിക്കപ്പെടേണ്ട കൃതിയല്ല ഇതെന്ന് നിസ്സംശയം പറയാം കാരണം ഇതിലെ എഴുത്തിന്റെ ശക്തിയും വിഷയ അവതരണ ശൈലിയും തുറന്നെഴുത്തിന്റെ വിശാലതയും ഈ എഴുത്തുകാരിയുടെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്ക് പിന്നില്‍ അല്ല മുന്‍ നിരയില്‍ തന്നെയാണ് എന്ന് ദ്യോതിപ്പിക്കുന്നുണ്ട് . യേശു മഴ പുതയ്ക്കുന്നു എന്ന കഥയില്‍ പുഴയെ സ്നേഹിച്ച പുഴയ്ക്കു വേണ്ടി ജീവിച്ചു ഒടുവില്‍ തന്റെ സ്ത്രീത്വം വാര്‍ധക്യത്തിലും സുരക്ഷിതമല്ല എന്ന അറിവില്‍ ആ പുഴയില്‍ തന്നെ ഒടുങ്ങുകയും ചെയ്യുന്നത് വളരെ ഹൃദയഹാരിയായി അനുഭവപ്പെട്ട ഒരു വായന ആയിരുന്നു . വിലക്കപ്പെട്ട കുഞ്ഞിന്റെ ശൈശവതയെ അവതരിപ്പിച്ച രീതി മനസ്സില്‍ നോവ്‌ പടര്തിയെന്നത് തുറന്നു പറയാതെ വയ്യ .ഇറച്ചി എന്ന് പേരിട്ട ആ കഥ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു . രതിയുടെയും പകയുടെയും സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും എന്ന് വേണ്ട ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ഇതില്‍ അവതരിപ്പിക്കുവാനും ഓരോ കഥയും ഒന്നിനൊന്നു വ്യത്യസപ്പെടുത്താനും കഴിഞ്ഞു ഈ എഴുത്തുകാരിക്ക് . തീര്‍ച്ചയായും ഇതൊരു നല്ല വായന നിങ്ങള്‍ക്കും നല്കുമെന്ന വിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു . സസ്നേഹം ബി ജി എന്‍ വര്‍ക്കല

1 comment:

  1. അവലോകനം നന്നായി
    ആശംസകള്‍

    ReplyDelete