Thursday, July 9, 2020

ഇബുനൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍................... ഡോ സി കെ കരീം


ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ (പഠനം)
ഡോ സി കെ കരീം
വിചാരം ബുക്സ് (2013)
വില : 100. രൂപ

ചരിത്രത്തെ നാം അടയാളപ്പെടുത്തുക സത്യസന്ധത കൊണ്ട് മാത്രമാകണം എന്നു പറയുന്നതു മറ്റൊന്നുകൊണ്ടുമല്ല. ആ ചരിത്രം മറ്റൊരു കാലത്ത് മറ്റൊരു ജനത വായിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ടത് യാഥാര്‍ഥ്യങ്ങള്‍ ആയിരിക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ്. നിര്‍ഭാഗ്യവശാല്‍ നമുക്ക് ലഭിക്കുന്ന ചരിത്രങ്ങള്‍ ഒന്നും യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഉള്ളവയല്ല. ആരൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി എഴുതുന്ന ചരിത്രങ്ങള്‍ക്ക് വളച്ചൊടിക്കലുകളും ഭാവനകളും വലിയ തോതില്‍ കുടപിടിക്കും. ഇത് സത്യത്തിന്റെ നേരെ പിടിക്കുന്ന മറയാണ്. ഇത്തരം ചരിത്ര കളവുകളെ പില്‍ക്കാലം വായിക്കുമ്പോള്‍ അവ ചര്‍ച്ചകള്‍ക്കും രക്തചൊരിച്ചിലുകള്‍ക്കും കാരണമാകുക സ്വാഭാവികമാണ് . ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും എഴുതപ്പെട്ട ചരിത്രങ്ങള്‍ ആയി വായിക്കാന്‍ കഴിയുക പലപ്പോഴും വിശ്വാസയോഗ്യമായി അനുഭവപ്പെടുകയില്ല. ഇതിന് കാരണം ഇവ എഴുതപ്പെട്ട കാലവും ആ കാലത്തെ രാഷ്ട്രീയ , സാമൂഹിക കാഴ്ചപ്പാടുകളും ആണ് . സ്തുതിപാഠകരുടെ സമൂഹം രചിച്ച ചരിത്രങ്ങള്‍ ആണ് ഇന്ന് വായിക്കാന്‍ കഴിയുക. മാറിയ രാഷ്ട്രീയപരിതസ്ഥിതിയില്‍ ആ ചരിത്രങ്ങള്‍ ഒക്കെയും ബലമായി തന്നെ തിരുത്തുകയും വീണ്ടും അതില്‍ അസത്യത്തിന്റെ വലിയ തോതിലുള്ള കൈ കടത്തലുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇന്ന് ചരിത്രത്തെ അറിയാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . അതിലൊന്നു ഈ ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന കാലം , സമൂഹം , വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെ മറ്റിടങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ടതോ വേറിട്ട കാഴ്ചകള്‍ രേഖപ്പെടുത്തി വച്ചവയോ ഒക്കെയും പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുക എന്നുള്ളതാണ് . ഇതിലൂടെയാണ് പല മിത്തുകള്‍ക്കും അസ്തിത്വം നഷ്ടപ്പെടുന്നത്. ഇത്തരം പരിശോധനാനിലപാടുകളില്‍ തകരുന്ന ഒരു പ്രധാന മിത്താണ് ഭഗവത് ഗീതയും മഹാഭാരതവും തമ്മിലുള്ള ബന്ധം. രണ്ടും രണ്ടു കാലഘട്ടത്തിലെ രചനകള്‍ ആണെന്നും അവ ഒന്നില്‍ മറ്റൊന്നു കാലാന്തരേണ തിരുകി കയറ്റിയതാണ് എന്ന അറിവ്. ഇതുപോലെ മറ്റൊരു ചരിത്രപരമായ തെറ്റാണ് ക്രിസ്തുമതവും പേറുന്നത്. രണ്ടായിരം കൊല്ലം മുന്പ് ജീവിച്ചിരുന്നതായി കരുതുന്ന ഒരു അതിപ്രധാനിയായ ചരിത്രപുരുഷനായ പ്രവാചകനായ ദൈവ പുത്രന്‍ യേശു എന്ന വ്യക്തിയെ ആ വ്യക്തി ജീവിച്ചിരുന്ന കാലത്തിനും ഇരുന്നൂറോ മുന്നൂറോ കൊല്ലത്തിന് ശേഷം എഴുതപ്പെട്ട ബൈബിള്‍ എന്ന പുസ്തകത്തില്‍ കാണാന്‍ കഴിയുന്നത്. യേശു ജീവിച്ചിരുന്ന കാലത്തുള്ള ആരുടേയും ഒരു ചരിത്ര രേഖകളിലും യേശു എന്ന്‍ വ്യക്തിയെക്കുറിച്ചുള്ള പരാമര്‍ശമോ ക്രിസ്തുമതത്തിന്റെ ഉത്ഭവമോ കാണാന്‍ കഴിയില്ല. അന്നത്തെ രാജാവിന്റെ ചരിത്രത്തില്‍ പോലും ഇങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് ഒരു ചെറിയ പരാമര്‍ശം പോലും ഇല്ല. ഇത്തരം ചരിത്രപരമായ കളവുകള്‍ ഇന്നും തുടരുന്നുണ്ട് എന്നതാണു ചരിത്രത്തെ അന്ധമായി വിശ്വസിക്കാന്‍ കഴിയില്ല എന്നു പറയാന്‍ കാരണം.
ഇബ്നുന്‍ ബത്തൂത്ത എന്ന സഞ്ചാരിയെക്കുറിച്ച് അധികമൊന്നും അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതാണു വാസ്തവം. അദ്ധേഹത്തെയോ അദ്ദേഹത്തിന്റെ പുസ്തകത്തെയോ അറിയില്ല. എന്നാല്‍ ഡോ സി കെ കരീം എഴുതിയ ഇബ്നൂന്‍ ബത്തൂത്തയുടെ കള്ളക്കഥകള്‍ എന്ന പുസ്തകം വായിച്ചപ്പോള്‍ ആരാണ് ഇബ്നുന്‍ ബത്തൂത്ത എന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു . പതിനാലാം നൂറ്റാണ്ടില്‍ ഇരുപത്തി രണ്ടാം വയസ്സില്‍ മൊറോക്കയില്‍ നിന്നും ലോക സഞ്ചാരത്തിന് ഇറങ്ങിയ വ്യക്തി എന്നും , മൂന്നുകൊല്ലം സൌദിയില്‍ താമസിച്ചു മത പഠനത്തില്‍ മുഴുകിയ ആളും , എല്ലാ മുസ്ലീം രാജ്യങ്ങളും സന്ദര്‍ശിച്ച സഞ്ചാരി എന്നും ഇന്ത്യയില്‍ കുറെക്കാലം ജീവിച്ച മനുഷ്യന്‍ എന്നും ഒക്കെയുള്ള ചരിത്രം മനസ്സിലാകുന്നത്. മുപ്പതു കൊല്ലത്തെ നാടു ചുറ്റലിന് ശേഷം തിരികെ മൊറോക്കയില്‍ എത്തിയതും അവിടെ കൂട്ടുകാര്‍ക്കും മറ്റും പറഞ്ഞു കൊടുത്ത തന്റെ യാത്രാ വിശേഷങ്ങളെ രാജാവു ഏര്‍പ്പെടുത്തി കൊടുത്ത എഴുത്തുകാരനെ കൊണ്ട് പുസ്തകമാക്കിയതും ആയ സംഗതികള്‍ ഈ പുസ്തകത്തിലൂടെ അറിയാന്‍ കഴിഞ്ഞു . തന്റെ പുസ്തകത്തില്‍ കൂടി ഇന്ത്യ എന്ന രാജ്യത്തെയും ഡല്‍ഹി അക്കാലത്ത് ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന സുല്‍ത്താനെയും ഇന്ത്യയിലെ അന്നത്തെ സാമൂഹികരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്നുണ്ടത്രെ. ഡോ സി കെ കരീമിന്റെ  ഈ പുസ്തകം പക്ഷേ പറയാന്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ് . ഇബ്നൂന്‍ ബത്തൂത്ത പറഞ്ഞ കളവുകളെക്കുറിച്ച് പറയാനാണ് ലേഖകന്‍ ശ്രമിക്കുന്നത്. എന്തൊക്കെയാണ് ആ കളവുകള്‍ എന്നു വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇബ്നുന്‍ ബത്തൂത്ത ചൈന സന്ദര്‍ശനം നടത്തിയെന്ന് പറയുന്നതും ഇന്ത്യയിലെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന്‍ സുല്‍ത്താനെ കുുറച്ചുള്ള വിവരങ്ങളും ആണത്..
ലേഖകന്റെ വിവരണങ്ങള്‍ സശ്രദ്ധം ശ്രദ്ധിക്കുമ്പോള്‍ ഒരു വായനക്കാരനെന്ന നിലയില്‍ മനസ്സിലാകുന്ന കാര്യം ബത്തൂത്ത പറഞ്ഞ കളവുകള്‍ തുഗ്ലക്കിനെ തേജോവധം ചെയ്യാനും ലോകത്തിന് മുന്നില്‍ നിഷ്ഠൂരന്‍ ആയി ചിത്രീകരിക്കുവാനും സഹായിച്ചു എന്നും അതിനു മുന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാര്‍ ആണ് എന്നുമാണ് . മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യയില്‍ താവളം ഉറപ്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ ചരിത്രകാരന്മാരെക്കൊണ്ട് തിരുത്തി എഴുതിച്ച ചരിത്രങ്ങളില്‍ ബത്തൂത്തയുടെ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയതിനാല്‍ മാത്രം ചരിത്രത്തില്‍ ക്രൂരനായ ഒരാളായി മാറിയ നല്ലവനായ ഭരണാധിപന്‍ ആണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നും ലേഖകന്‍ സമർത്ഥിക്കുന്നു. . ഇസ്ലാം മത വിശ്വാസികളില്‍ രണ്ടു തരം വിശ്വാസം ഉള്ളവര്‍ പൊതുവേ കാണാറുണ്ട് . ഒന്നു മതത്തിലെ അന്ധവിശ്വാസങ്ങള്‍ ആയ ചില കാര്യങ്ങള്‍ തുടരുന്നവര്‍ മറ്റൊന്നു ഏക ദൈവവിശ്വാസം മാത്രം മുന്നില്‍ നിര്‍ത്തി മതത്തെ കാണുന്നവര്‍ . ഇതില്‍ തുഗ്ലക് രണ്ടാമത് പറഞ്ഞ കൂട്ടത്തില്‍ ആയതിനാല്‍ അക്കാലത്ത് ഉണ്ടായിരുന്ന ആദ്യം പറഞ്ഞ വിഭാഗക്കാരെ കഠിനമായി ശിക്ഷിക്കുകയും ഒതുക്കുകയും ചെയ്ത ഒരു ഭരണാധിപന്‍ ആണെന്ന ചിത്രം ആണ് ലേഖകനിലൂടെ കാണാന്‍ കഴിയുന്നത് . ഇതൊക്കെയാണ് ബത്തൂത്തയെക്കൊണ്ടു തുഗ്ലക്കിനെ നെഗറ്റീവ് ആയി ചിത്രീകരിപ്പിക്കപ്പെട്ടത് എന്നും അതുപോലെ തന്നെ ബത്തൂത്ത ഒരു വിഷയലമ്പടന്‍ ആയതിനാലും ചരിത്ര വസ്തുതകളില്‍ ഒരുപാട് കളവുകളും പൊലിപ്പിക്കലുകളും നടത്തിയ ആളും ആയി ലേഖകന്‍ വിലയിരുത്തുന്നു. നാട്ടിന്‍പുറത്ത് പട്ടാളത്തില്‍ നിന്നും വിരമിക്കുന്നവരെ കളിയാക്കിക്കൊണ്ടു പറയുന്ന ഒരു സംഗതിയായ പട്ടാളം പൊങ്ങച്ചക്കഥകള്‍ പോലെ ബത്തൂത്ത തന്റെ സഞ്ചാരാനന്തരം നാട്ടില്‍ കൂട്ടുകാര്‍ക്കിടയില്‍ വെടിവട്ടം പറഞ്ഞിരിക്കുമ്പോള്‍ പറഞ്ഞ നുണകളും ഊതിപ്പെരുപ്പിച്ച വിഷയങ്ങളും ആണ് ഈ പുസ്തകത്തില്‍ ലേഖകന്‍ അവതരിപ്പിക്കുകയും സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്നു കാണാം .
കേരളത്തിലും ഇന്ത്യയിലും മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍ പതിനാലാം നൂറ്റാണ്ടില്‍ നിലനിന്ന സാമൂഹികമായ അവസ്ഥകളും ആചാരം , പ്രകൃതം , ശീലങ്ങള്‍ , പ്രത്യേകതകള്‍ എന്നിവയും ഇബ്നുന്‍ ബത്തൂത്തയുടെ സഞ്ചാരകൃതിയായ കിത്താബ് റഹലയില്‍ കൂടി അറിയാന്‍ കഴിയും എന്നൊരു പ്രത്യേക്ത ലേഖകന്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും . എല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നതില്‍ കാര്യമില്ല , പൊതുവേ കാര്യങ്ങള്‍ അറിയാന്‍ ഒരു വായന നല്ലതാണ് എന്നു തോന്നുന്നവര്‍ക്കായി ഒരു നല്ല പുസ്തകം ആകും എന്നു കരുതുന്ന കിത്താബ് റഹല വായനയ്ക്കായി തിരഞ്ഞെടുക്കാന്‍ ഈ പഠനം സഹായകമാകും എന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment