ഭ്രാന്ത്(നോവല്‍)
പമ്മന്‍
ഡി സി ബുക്സ് (1980)
വില : ₹ 295.00
സാഹിത്യത്തില്‍ ആരോഗ്യവും അനാരോഗ്യകരവുമായ മത്സരങ്ങള്‍ എന്നും നടന്നിട്ടുണ്ട് . അതിനെത്തുടർന്നു പലപ്പോഴും ഭൂകമ്പങ്ങളും സാംസ്കാരിക രംഗത്ത് സംഭവിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ വ്യക്തമായ ധാരണകളോടെ വ്യക്തിയെയോ, സംവിധാനത്തെയോ,മതത്തെയോ ആചാരങ്ങളെയോ ഒക്കെ വിമർശിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും സാഹിത്യ രചനകള്‍ സംഭവിച്ചിട്ടുണ്ട് . ചില എഴുത്തുകള്‍ ഇതിനാല്‍ തന്നെ വായനക്കാരില്‍ എത്താതെ പോകാറുണ്ട് . അതിനു കാരണം അധികാരം , മതം എന്നിവയുടെ കൈകടത്തലുകളില്‍ കുടുങ്ങി പുസ്തക നിരോധനവും എഴുത്തുകാരന്റെ ജീവന് ഭയവും നല്‍കി നിലനില്‍ക്കുന്നതിനാലാണെന്നാണ് മനസ്സിലാക്കാനാകുന്നത്.. അന്താരാഷ്‌ട്രരംഗത്ത് ഇത്തരത്തില്‍ എടുത്തു പറയാവുന്ന പല സാഹിത്യങ്ങളും ഉണ്ട് . ക്രിസ്തുവിനെ മറ്റൊരു കണ്ണാല്‍ കണ്ട കസാന്‍ദ്‌സാക്കിസും, മുഹമ്മദ് നബിയെ വിമര്‍ശിച്ച അലി സിനയും, ഇസ്ലാം മതത്തിനെ വിമര്‍ശനാത്മകമായി നേരിട്ട തസ്ലീമയും സല്‍മാന്‍ റുഷ്ദിയുമൊക്കെ അത്തരം ആഗോള കാഴ്ചകളില്‍ നില്‍ക്കുമ്പോള്‍ പെരുമാള്‍ മുരുകനും പി ജി ജോൺസനും ആനന്ദ് യാദവ് , വി എസ് നൈപാള്‍ ,മോകി സിംഗ് , ഹമീദ് അന്‍വര്‍ . ഡി എന്‍ ജാ , രാം സ്വരൂപ് , ഹരീഷ് തുടങ്ങിയ ഒരു വലിയ ലിസ്റ്റ് തന്നെ കാണാന്‍ കഴിയും തദ്ദേശീയമായ കണക്കെടുപ്പുകളില്‍. ഇത്തരം എഴുത്തുകള്‍ ഒക്കെയും തടയപ്പെടാന്‍ കാരണമായി നില്‍ക്കുന്നത് പ്രധാനമായും മതം എന്ന വസ്തുതയാണ് . നമ്മുടെ സമൂഹത്തില്‍ മതം എത്ര ശക്തമായ ഒരു പ്രതിരോധമാണ് തങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനെതിരെ എടുക്കുന്നത് എന്നത് തെളിയിക്കുക കൂടിയാണിത്. സഹിഷ്ണുതയും, ശാന്തിയും, സ്നേഹവും, സാഹോദര്യവും, വിശ്വ മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന മതങ്ങളുടെ വക്താക്കള്‍ തന്നെയാണ് ഇത്തരം എഴുത്തുകള്‍ക്ക് നേരെ ആസനത്തില്‍ തീ പിടിച്ചപോലെ പായുന്നതും എന്നത് രസാവഹമായ കാഴ്ചയാണ് .
രണ്ടു പെണ്‍കുട്ടികള്‍ , നേർച്ച തുടങ്ങിയ പുസ്തകങ്ങള്‍ പക്ഷെ ലൈംഗികതയുടെ വിഷയവും സദാചാരവും കൂട്ടിക്കുഴച്ചാണ് മലയാളിയുടെ ഉറക്കം കെടുത്തിയതും ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയതും എന്ന് കാണാം . ഒരു കാലത്ത് കേരളശബ്ദം വാരികയിലൂടെ പ്രശസ്തമായ, ഇന്ദ്രജിത്ത് എന്ന തൂലികാ നാമത്തിന്റെ "എത്രയെത്ര മദാലസരാത്രികള്‍ " ഇതുപോലെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സദാചാര വായനയായിരുന്നു . മാധവിക്കുട്ടിയുടെ "എന്റെ കഥ" ഉയര്‍ത്തിയ അലയൊലി അക്കാലത്തെ മലയാളിയുടെ സദാചാരത്തിൻ്റെ മുഖത്തിനേറ്റ വലിയ ഒരു അടിയായിരുന്നു . പില്‍ക്കാലത്ത് പക്ഷെ ആ കാഴ്ചപ്പാടുകള്‍ മാറി വന്നതിനാല്‍ മാത്രമാണ് സ്ത്രൈണ കാമസൂത്രവും, പ്രണയ കാമസൂത്രവും .ആമേന്‍, നളിനീ ജമീലയുടെ ആത്മകഥ തുടങ്ങിയവയ്ക്ക് സാഹിത്യത്തില്‍ ഇടം കിട്ടിയതും ഒച്ചപ്പാടുകള്‍ ഉണ്ടാകാതെയിരുന്നതും എന്നത് സമൂഹത്തിന്റെ മാറി വരുന്ന കാഴ്ച്ചപ്പാടിനു ഉദാഹരണങ്ങളാണ് . എന്നാലും ചില ഇടങ്ങളില്‍ ഇന്നും സാഹിത്യത്തില്‍ ചെറിയ തോതില്‍ എങ്കിലും സദാചാര നിഷ്ഠയില്‍ ഊന്നിയ ചില എതിര്‍ശബ്ദങ്ങള്‍ ചില തുറന്നെഴുത്തുകള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ട് . മാധവിക്കുട്ടിയുടെ "എന്റെ കഥ'യ്ക്ക് മറുപടിയോ ആക്ഷേപമോ ആയി പമ്മന്‍ "ഭ്രാന്ത് ;എഴുതിയത് പോലെ അല്ലെങ്കിലും വളരെ കാലങ്ങള്‍ക്ക് ശേഷം കണ്ട ഒരു വായനയായിരുന്നു പ്രവാസത്തിലെ രണ്ട് എഴുത്തുകാർ തമ്മിൽ നടന്ന പുസ്തക പ്രസാധനങ്ങൾ. പമ്മന്റെ എഴുത്തിനു ഉണ്ടായിരുന്ന ഭാഷാ ചാതുരിയും സത്യസന്ധതയും ഏകപക്ഷീയമല്ലാത്ത കാഴ്ചപ്പാടുകളും പക്ഷേ ഇവിടെ പ്രതിരോധ പാത പിന്തുടർന്ന അഭിനവ എഴുത്തുകാരന് പിന്തുടരാനോ അനുകരിക്കാനോ കഴിയാതെ പോയതിനാലും തുറന്നെഴുത്തുകാരി മുന്നോട്ട് വച്ച വികാരനാടകങ്ങളെ പ്രതിരോധിക്കാൻ എഴുത്തുകാരന് കഴിയാതെ വന്നതിനാലും അവ രണ്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് . ഇവിടെ പക്ഷേ ഇന്നും വായനയില്‍ വിസ്മയവും അതുപോലെ തുറന്നെഴുത്തിന്റെ സൗന്ദര്യവും ഭ്രാന്തിന് നല്കാൻ സാധിക്കുന്നുണ്ട് എന്നത് ഭ്രാന്തിനും, എന്റെ കഥ എന്ന ആത്മകഥയ്ക്കും ഇന്നുമുള്ള വായനയുടെ തിരക്കുകള്‍ സാഹിത്യലോകത്തില്‍ ചർച്ചയാകുന്നുണ്ട്. എന്നതും ഒരു പക്ഷേ തുറന്നെഴുത്തുകൾ എന്നതിനപ്പുറം അതിൽ തുടിക്കുന്ന ജീവിതം ഉണ്ട് എന്നതിനാലാകണം .
ഒരു കാലത്ത് വായനശാലകളില്‍ കിട്ടാന്‍ ബുദ്ധിമുട്ടായതും കിട്ടിയാല്‍ എല്ലാ പേജുകളും ഇല്ലാതെയും പഴകി മുഷിഞ്ഞും കണ്ടിരുന്ന ഒരു പുസ്തകമാണ് പമ്മന്റെ "ഭ്രാന്ത് " . രതിയുടെ ഭ്രാന്തമായ ലോകമെന്നും, അശ്ലീലത്തിന്റെ തുറന്ന വായനയെന്നും ഒക്കെ വിലയിരുത്തപ്പെട്ട ഈ നോവല്‍ എണ്‍പതുകളില്‍ തുടങ്ങി ഇന്നും പരസ്യമായി കൈയ്യില്‍ വയ്ക്കാനോ, വായിക്കാനോ മലയാളിയില്‍ ലജ്ജയാണ് ഉളവാക്കുന്നത് . അമ്മുക്കുട്ടി എന്ന പെൺകുട്ടിയുടെ ബാല്യത്തില്‍ നിന്നും തുടങ്ങി അവളുടെ യൗവ്വനം വരെയുള്ള അനുഭവങ്ങള്‍ ആണ് ഭ്രാന്ത് എന്ന പുസ്തകം പങ്കുവയ്ക്കുന്ന വിഷയം . ഇന്ന് തുറന്നെഴുത്തിന്റെ കാലത്തും എഴുത്തുകാരികള്‍ തുറന്നു പറയാന്‍/ എഴുതാനും മടിക്കുന്ന പലതും പമ്മന്‍ വിളിച്ചു പറയുന്നുണ്ട് അമ്മുക്കുട്ടിയിലൂടെ ലോകത്തോട് എന്നതാണ് ഈ നോവലിനെ മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം . എഴുത്തുകാരികള്‍ എന്ന് എടുത്ത് പറയാന്‍ കാരണം എഴുത്തുകാര്‍ തങ്ങളുടെ ബാല്യ കൗമാരങ്ങളെയോ തങ്ങളുടെ യൗവന വാസനകളെയോ തുറന്നു പറയാനോ മറ്റുള്ളവരെ അറിയിക്കാനോ താത്പര്യപ്പെടുന്നവര്‍ ആയി കാണാന്‍ കഴിയുന്നില്ല എന്നതിനാലാണ് . ആർത്തവവും , ആദ്യമായി അറിഞ്ഞ രതി , വിവാഹ പൂർവ്വ ബന്ധങ്ങള്‍ , പൊതു ഇടങ്ങളിലോ മറ്റോ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ ഇവയൊക്കെ അനുഭവിക്കേണ്ടി വരുന്നത് മൊത്തം സ്ത്രീകള്‍ ആണ് എന്നതുകൊണ്ടാണ് ഇത്തരം ഒരു എഴുത്തിലെ ലിംഗ വ്യത്യാസം എന്ന് കരുതുന്നു . പക്ഷേ, ബാല്യകൗമാരങ്ങളില്‍ മിക്കവാറും ആണ്‍കുട്ടികളും ലൈംഗികമായ ആക്രമണങ്ങളെ നേരിടുന്നുണ്ട് എങ്കിലും അവന്റെ ലജ്ജയോ പുരുഷനെന്ന മിഥ്യാഭിമാനമോ മറ്റോ ആകാം ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാനോ വിളിച്ചു അറിയിക്കാനോ മുതിരുന്നതിൽ നിന്നും അവനെ മാറ്റിനിർത്തുന്നത് എന്ന് കരുതുന്നു. അതോ പെണ്ണിന് സംഭവിക്കുന്നത് വായിച്ചാല്‍ മാത്രം ഉദ്ദാരണം സംഭവിക്കുന്ന ഒരു ലോകമാണ് വായനയുടെ എന്ന ധാരണയും പൊതുബോധവുമാകാം .
ഒരു പെണ്‍കുട്ടി എന്ന നിലയില്‍ അമ്മുക്കുട്ടി ജീവിക്കുന്ന സാഹചര്യങ്ങള്‍, അവളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു കൂട്ടം പുരുഷന്മാരുടെ അതിക്രമങ്ങളില്‍ കൂടിയാണ് കടന്നു പോകുന്നത് . അവളുടെ മുറച്ചെറുക്കന്‍ ആയാലും കളിക്കൂട്ടുകാരന്‍ ആയാലും അധ്യാപകന്‍ ആയാലും അവളുടെ അമിതമായ ശരീര വളര്‍ച്ചയെയും അവളുടെ ദുര്‍ബലതകളെയും ഉപയോഗപ്പെടുത്തി അവളില്‍ പകര്‍ന്നുകൊടുക്കുന്ന രതി വികാരവും ചിന്തയും ആണ് അവളുടെ പിന്നീടുള്ള ജീവിതത്തെ കരുപ്പെടുത്തുന്നത് . അറിയുന്നതൊന്നുമല്ല, അല്ലെങ്കില്‍ തേടുന്ന തൊന്നുമല്ല യഥാര്‍ത്ഥ പ്രണയവും രതിയും എന്ന തിരിച്ചറിവാണ് അവള്‍ക്ക് ഓരോ ബന്ധവും അനുഭവപ്പെടുത്തിക്കൊടുക്കുന്നത് . സ്വതവേ മനസ്സില്‍ അടിഞ്ഞുപോയ കറുത്തവൾ എന്ന അപകര്‍ഷതാബോധത്തില്‍ നിന്നും അവളില്‍ ഉരുത്തിരിയുന്ന വെളുപ്പിന്റെ ആകർഷതയാണ് വിദേശിയായ കാമുകനിലൂടെ അവള്‍ അനുഭവിക്കുന്നതും അയാളില്‍ അവള്‍ പ്രണയം കാണാന്‍ കഴിയുന്നതുമായൊരു അവസ്ഥയിലേക്ക് എത്തുന്നത്. മലയാളിയുടെ ആക്രാന്തം പിടിച്ച കടന്നുകയറ്റങ്ങള്‍ ഇല്ലാതെ, രതിയെ മാന്യമായും, സ്ത്രീയുടെ മനസ്സറിഞ്ഞും അനുഭവിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന നിലയില്‍ അയാൾക്ക് അവൾ നല്ലൊരു സ്ഥാനം നല്കുന്നു മനസ്സിൽ. മറ്റെല്ലാവരും തന്റെ ശരീരത്തിന്റെ അമിതമായ വളര്‍ച്ചയും, സാഹിത്യ രംഗത്തെ പ്രശസ്തിയും, എഴുത്തിന്റെ തുറന്ന ഭാഷയും മൂലം ഇവള്‍ എന്തിനും വഴങ്ങുന്നവൾ എന്ന കാഴ്ചപ്പാടുമായി സമീപിക്കുന്ന വെറും പുരുഷന്മാരാണ് . അവളുടെ ഭർത്താവാകട്ടെ പണം എന്ന ഒറ്റ വസ്തുവിനെ മാത്രം സ്നേഹിക്കുകയും ഭാര്യയുടെ ശരീരം തന്റെ സ്വന്തം ആവശ്യങ്ങൾക്കും പിന്നെ പണത്തിനു വേണ്ടി, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉപയോഗിക്കാനോ ആസ്വദിക്കാനോ അനുവദിക്കപ്പെടുന്ന "കപ്പളങ്ങാ മുലകളും വലിയ ചന്തിയും" ഉള്ള ഒരു ജീവിയായി മാത്രം കാണുന്ന മനുഷ്യനാണ് . പക്ഷെ എത്ര തന്നെ വെറുപ്പും അവഗണനയും ഉണ്ടങ്കിലും ഭര്‍ത്താവ് എന്നത് അമ്മുവിന് ഒരു വലിയ താങ്ങും തണലും ആത്മബലവും ആണ് . അയാള്‍ ഇല്ലെങ്കില്‍ താനില്ല എന്ന അവളുടെ മനസ്സിന്, അടക്കാനാകാതെ ആഘാതമായി ഒടുവില്‍ അയാള്‍ തകരുമ്പോള്‍ അവളും ഒരു ഭ്രാന്തിയായി മാറുന്നതില്‍ നിന്നും അവര്‍ തമ്മിലുണ്ടായിരുന്ന അവള്‍ക്കുമാത്രം ഉണ്ടായിരുന്ന അയാളോടുള്ള അടങ്ങാത്ത പ്രണയവും ആത്മാര്‍ഥതയും വെളിവാക്കുന്നുണ്ട് .
മനുഷ്യ ജീവിതത്തിലെ കാണാക്കയങ്ങള്‍ ആണ് മനസിന്റെ നിഗൂഢതകള്‍ . അവിടെ ആര്‍ക്ക് ആരോട് എന്ത് എന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഒരു കറുത്ത ഇടം ഉണ്ടാകും . വെറുപ്പും അവഗണയും ഒക്കെ നിലനില്‍ക്കുന്ന ഒരാള്‍ പുറമേ ശത്രുവായി നിന്നാലും അയാളുടെ നേര്‍ക്ക് ഉള്ളിൽ ഒരു ഇഴയടുപ്പവും ബന്ധവും ഉണ്ടാകും. ബലാത്സംഗിയെ സ്നേഹിക്കാനും പ്രണയിക്കാനും തോന്നുന്ന മാനസിക ഘടന അവിടെയാണ് സംഭവിക്കുക . രതിയുടെ വേളയില്‍ മാത്രം സംഭവിക്കുന്ന പ്രണയങ്ങള്‍ താത്കാലികമായ ഒരു ബന്ധമാണ് എന്ന അമ്മുക്കുട്ടിയുടെ കാഴ്ചപ്പാടില്‍ അത് വളരെ നന്നായ് പറഞ്ഞു വയ്ക്കുന്നുമുണ്ട് . മാനസികമായ് അപഗ്രഥിക്കുകയാണെങ്കില്‍, അമ്മുക്കുട്ടിയുടെ ശരീരമോഹങ്ങള്‍ അവൾ തന്നെ കരുതുംപോലെ ഒരു പുരുഷനില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല . അനവധി ഭാര്യമാര്‍ ഉള്ള പുരുഷന്മാരും അനവധി ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും ഉണ്ടായിരുന്ന സമൂഹത്തില്‍ നിന്നും മനുഷ്യര്‍ കരകയറി ഏക പത്നി, പതിവ്രതക്കാര്‍ ആയിട്ട് അധികം കാലം ആയിട്ടില്ല എന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടുന്ന വസ്തുതയാണ് . മനു എസ് പിള്ളയും സി ബാലകൃഷ്ണനും റോബിൻ ജെഫ്രിയും ഈ വിഷയങ്ങളിൽ ഇവിടെ നിലനിന്ന സാമൂഹ്യക്രമങ്ങളും സംസ്കാരവും എന്തെന്ന് വ്യക്തമായി പറയുന്നുണ്ട് അവരുടെ പുസ്തകങ്ങളിൽ . പമ്മന്‍ തന്റെ നോവലില്‍ അവതരിപ്പിക്കുന്നത് ഒരു അമ്പതു വര്‍ഷം മുന്‍പുള്ള കേരളത്തിൻ്റെ ചരിത്രമാണ് . അതിൻ്റെ വായനയിലൂടെ കടന്നു പോകുമ്പോള്‍, നായര്‍ തറവാടുകളില്‍ നിലനിന്ന സാമൂഹ്യക്രമങ്ങളും കേടുപാടുകളും ഒക്കെ വളരെ നല്ല രീതിയല്‍ തന്നെ മനസ്സിലാകുന്ന ഭാഷയിൽ തുറന്നും മറച്ചും പറഞ്ഞു പോകുന്നുണ്ട് . നിർഭാഗ്യവശാല്‍ അതിലേക്കൊന്നും വായനക്കാര്‍ അധികവും കടന്നു പോകാതെ അമ്മുക്കുട്ടിയുടെ രതിവിശേഷങ്ങള്‍ മാത്രം വായിച്ചു സായൂജ്യമടഞ്ഞവര്‍ ആണ് ഭൂരിഭാഗവും . ഒരു പക്ഷെ ഈ നോവലിനെ , അതിന്റെ അര്‍ത്ഥവ്യാപ്തി അനുസരിച്ച് വായിച്ചു പോകുവാന്‍ കഴിയാതെ വായനക്കാരെ തളച്ചിട്ട വിഷയം ഈ രതിവർണ്ണന ആണ് എന്ന് പറയാം . ഇന്നാണ് ഇതെഴുതിയിരുന്നതെങ്കില്‍ ഒരു പക്ഷെ വായനക്കാര്‍ക്ക് ആ രതിവർണ്ണനകളെ കുറച്ചുകൂടി പാകതയോടെ കണ്ടു വായിച്ചു പോകാനും നോവലിനെ ഉൾക്കൊള്ളാനും കഴിഞ്ഞേനെ എന്ന് തോന്നുന്നു . അങ്ങനെ വന്നാല്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ ദർശിക്കാതെ നോവല്‍ വായിക്കാന്‍ കഴിഞ്ഞേക്കും . എന്നാല്‍ അതൊരു യാഥാർത്ഥ്യമാണ് . മാധവിക്കുട്ടി എന്റെ ലോകം , എന്റെ കഥ എന്നിവയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ നോവലില്‍ കാണാനായതുകൊണ്ട് മാത്രം ഇത് മാധവിക്കുട്ടിയുടെ എഴുത്തിനുള്ള മറുപടിയാണ് എന്ന് ഇരുവരെയും വായിച്ചവര്‍ക്ക് എളുപ്പം ബോധ്യമാകും . രണ്ടും രണ്ടായി വേർതിരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യും . എന്നാല്‍ ബോധപൂര്‍വ്വമല്ലെങ്കിലും ആ കഥാപാത്രത്തിലൂടെ പമ്മന് മാധവിക്കുട്ടി എന്ന സ്ത്രീയുടെ മനസ്സിനെ വരച്ചിടാന്‍ പൂര്‍ണ്ണമായും കഴിയാതെ പോയി എന്ന് കൂടി കരുതുന്നു. ഒടുക്കത്തിന്റെ കാല്പനികത മാറ്റി വച്ചാല്‍ തീര്‍ച്ചയായും ഭ്രാന്തിനു ഒരു തുടര്‍ച്ച ഉണ്ടാകേണ്ടിയിരുന്നു എന്നും കരുതാം . അങ്ങനെ ഒരു തുടർച്ചയുണ്ടായാൽ, അതും ഇന്നത്തെ സാഹചര്യത്തിൽ ആ പുസ്തകത്തിന് എപ്പോൾ നിരോധനം നേരിട്ടു എന്നു ചോദിച്ചാൽ മതിയാകും എന്നൊരു കറുത്ത വശം കൂടി ആ ചിന്തയ്ക്ക് കുറുകെ നില്‍ക്കുന്നുണ്ട് .
ഭ്രാന്ത് എന്ന നോവലിൻ്റ വായനയുടെ രണ്ടാം ഘട്ടം ആണിത് . പതിനഞ്ചാം വയസ്സില്‍ വായിച്ച വായനയെ ഇന്ന് നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ വീണ്ടും വായിക്കുമ്പോള്‍ വികാരത്തിന് പകരം വിവേകം ആണ് നയിക്കുന്നത് എന്നതിനു ഈ പുനര്‍വായന കടപ്പെട്ടിരിക്കുന്നു. ആശംസകളോടെ ബിജിഎന്‍ വര്‍ക്കല .
No comments:
Post a Comment