Tuesday, November 26, 2013

നിരാലംബരുടെ ലോകം



ആറടി മണ്ണ് സ്വന്തമായില്ലാത്തവൻ
എങ്ങനെ മരിക്കാൻ ?
അടുക്കള കുഴിച്ചും
കക്കൂസ് പൊളിച്ചും
കുഴിച്ചിടപ്പെടാൻ വിധിക്കപ്പെട്ടവന്
മരിക്കുവാൻ ഭയമാണ്.

അടച്ചുറപ്പില്ലാത്ത കൂര സ്വന്തമായുള്ളവൾക്ക്
ഇരുട്ടിനെ ഭയമാണ് .
തഴച്ചു നിൽക്കുന്ന
മുലകളെ വെറുപ്പാണവൾക്ക് .

അടുക്കളയിലെ പുകയിൽ
നിറയാത്ത കണ്ണുകൾ
പക്ഷെ, പിഞ്ഞിയ 
പെറ്റിക്കോട്ടിൽ
മുറ്റത്ത്‌ പറക്കുന്ന ശലഭത്തെ
ഓർത്ത്‌ കലങ്ങിയൊഴുകാറുണ്ട് .

ഏകാന്തതയെ ഭയമില്ലവർക്ക്
പക്ഷെ
തൊഴുത്തിലെ ,
നായ്ക്കൂട്ടിലെ
ചെള്ളൂകളെ ഭയമാണ് .

ഇരുട്ടിൽ
ഉറക്കത്തെ ഭയന്ന് കിടക്കും
രാവുകളിൽ
അമ്മയാകാൻ കൊതിച്ച
പാലൂട്ടി വളര്ത്തിയ
നല്ല നാളുകളെ
ഓർമ്മയിൽ പുണരാൻ
ഇഷ്ടമാണ് .

വർണ്ണങ്ങളുടെ ലോകത്തെ ഭയമാണവർക്ക്
ചുവന്നു തുടുത്ത അച്ഛൻ കണ്ണുകളെ ,
കൗശലം നിറഞ്ഞ അമ്മ മിഴികളെ ,
വഴിവക്കിൽ നാവു നുണയുന്ന
കഴുകൻ നേത്രങ്ങളെ ,
തഴുകാൻ കൈ നീട്ടും
ആന്റിമാരുടെ നീണ്ട വിരലുകളെ,
അറിവ് പകരുന്ന
കണ്ണാടി കണ്ണുകളെ ,
പ്രണയം തളിർക്കുന്ന
മധുവചനങ്ങളെ .

പകച്ചു നില്ക്കുന്ന
ശാപജന്മങ്ങൾക്ക് നടുവിൽ
പടുത്തുയർത്തുന്ന
സ്വപ്നസൗധങ്ങളുടെ
അടിവേരുകളിൽ
നിരാലംബരുടെ തേങ്ങലുകൾ
പശയിട്ടുറപ്പിച്ചു
വെറുംവാക്കിന്റെ
കോട്ടകൾ കെട്ടുന്നു നാം .
കണ്ടിട്ടും കാണാതെ
മിണ്ടാതെ
പറയാതെ
നപുംസകങ്ങളാകുന്നു നാം .

(ശവം മറവു ചെയ്യാൻ ഇടമില്ലാതെ വീടിനുള്ളിൽ കുഴിച്ചിടപ്പെട്ടവർക്കും , മക്കളാൽ പുറംതള്ളി നായ്ക്കൂട്ടിൽ കിടക്കേണ്ടി വരുന്ന മാതൃത്വങ്ങൾക്കും ,പ്രാപ്പിടിയൻ കരങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും  , അവരെ ഓർത്ത്  വേവുന്ന അമ്മമനസ്സുകളെ , കൗമാരപുഷ്പങ്ങളെ പാർത്തിരിക്കുന്ന  ലോകത്തെ ഒക്കെ  ഓർത്ത്‌ നോവുന്ന മനസ്സുകളുടെ ഗീതകം ആണ് ഇത് . പ്രതികരിക്കാൻ കഴിയാതെ നിസ്സഹായമാകുന്ന അവരോടു ചേർന്ന് നിൽക്കാൻ എനിക്ക് കഴിയാതെ പോകുന്ന വിങ്ങലിൽ നിന്നും ഞാൻ ഇങ്ങനെ എങ്കിലും പ്രതികരിക്കട്ടെ )

1 comment:

  1. ചെറിയ മനസ്സും വല്യ ശരീരവും ഉള്ള മനുഷ്യ ബന്ധങ്ങൾ

    ReplyDelete