നിലാവ് കടമെടുത്തതുപോൽ
ഹൃദ്യമീ വദനം
അത്രമേൽ സുഗന്ധം പൊഴിക്കും
നിന്റെ സാമീപ്യം തരുമ്പോൾ
പ്രിയതേ നിന്റെ ചാരത്തോരിത്തിരി
നേരമെൻ ജീവനുപേക്ഷിച്ചു പോകണം
നക്ഷത്രപ്പൂക്കൾ വിരിയുമീ നയനങ്ങളിൽ
വെളിച്ചം തേടണം രാവുകളിൽ
അലിഞ്ഞു ചേരണമീ പുഞ്ചിരികടലിൽ
ഒരു മധുരമാമോർമ്മപോൽ .
അമ്മമനസ്സിൽ , തുടിക്കുംമാറിൽ
ഒരിളംപൈതലായ് ചൂട് തേടുന്നു ഞാൻ
ചോരിവാ തേടുന്നൊരു സ്മൃതിമധുരമിന്നു-
നിൻ കരവല്ലരിയിൽ ഒതുങ്ങിടുമ്പോൾ
മിഴികളടയുന്നുവോ നിർവൃതി തൻ
മധുരമോലും ദിവാസ്വപ്നമൊന്നിലായ് .
പകരുമോ നിൻസ്നേഹമാം പാനപാത്രം
നുകരുവാൻ ഒരു മാത്ര എങ്കിലും .
പകരുമോ നിൻ ഹൃദയകമലത്തിലെ
നറുമണമെനിക്കായി ഒരു നിമിഷമെങ്കിലും.
--------------------ബി ജി എൻ വർക്കല
വാത്സല്യം തിരികേ പിടിക്കണം.
ReplyDelete