Saturday, November 16, 2013

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർ

വിരലറുത്തത് കൊണ്ട് മാത്രം പരാജയം
ശിരസ്സിലേറ്റാതെ പോയവന്‍
ഒളിയമ്പുകളെ ഭയക്കാതെ നേരിന്റെ
കണ്ണുകളിലേക്കു ഉറ്റു നോക്കിയോന്‍

വിലപേശി വാങ്ങുന്ന വിദ്യക്ക് മുന്നിലായ്
പരിഹാസമായി ചില ജന്മങ്ങള്‍
വിലയില്ലാതെ പോലും വിദ്യതേടാന്‍
വിലങ്ങുകള്‍ ഉള്ളവന്‍ മണ്ണിന്റെ മക്കള്‍ .

അറിവ് നേടാന്‍ അവകാശമറ്റവന്‍
അറിവ് മുറിവെന്നറിയുന്നു മക്കള്‍ .
കനിവ് തേടി പാഠശാലതന്‍ വരാന്തയില്‍
കരുണയോലും കടാക്ഷം കൊതിപ്പവന്‍.

വറുതിയോലും കുടിലിന്റെ കോണിലെ
വെളിച്ചമില്ലാത്ത തീരത്തിരുന്നും
വിശപ്പ്‌ തിന്നും വയറിന്റെ കാളലില്‍
അറിവ് ഭക്ഷിക്കുന്നു നാളെ തന്‍ നാളങ്ങള്‍ .

അറിവ് തേടും കുഞ്ഞു കുരുന്നുകള്‍ തന്‍
ചിന്തയില്‍ പോലും കുരുക്കും വിവേചനം
ജാതി , വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ കൊണ്ടവര്‍
കോട്ടകള്‍ തീര്‍ക്കുന്നിരിപ്പിടങ്ങള്‍ പോലുമേ.

വിദ്യയേകാന്‍ ബിരുദമെടുത്തവര്‍ തൊട്ടു
തീണ്ടാത്ത സംസ്കാര ശൂന്യരായി
അതിരുകള്‍ വച്ചും അപഹസിച്ചും എന്നും
തിരികിടുന്നുള്ളില്‍ അടിമത്വവിത്തുകള്‍ .

അവര്‍ വളരുന്നു അപകര്‍ഷത തന്നുള്ളില്‍
അടിമയായും വിഷാദജ്വരം പിടിച്ച
നിഷേധിയായും സ്വതം ഇല്ലാതെ പോകും
കീഴാളനായി തലമുറ കൈമാറി തലകുനിക്കുന്നു
--------------------ബി ജി എൻ വർക്കല ----


No comments:

Post a Comment