ഹേ പുരുഷാ
വെള്ളവും വളവും നല്കി
പൂത്തുലയുന്നൊരു മാമരമാക്കി
വില പറയുന്നവന്
വിലകൊടുത്തു വിൽക്കും
നിന്റെ പേരോ
രക്ഷകൻ?
ഹേ പുരുഷാ
ഉരുവിനെ പോൽ
കഴുത്തിലിട്ട ചരടിൽ
വില വാങ്ങി വന്ന നീ
അടുക്കളത്തോട്ടത്തിൽ
കിടക്കപ്പായയിൽ
അടിമയായി
പ്രതിഫലമില്ലാതെ
പണിയെടുപ്പിച്ച്
നിന്റെ വിഴുപ്പലക്കി
ജന്മം നശിപ്പിക്കുമ്പോൾ
നിനക്ക് പേരോ
രക്ഷകൻ?
ഹേ പുരുഷാ
ഉദരത്തിൽ ഉദയം തന്നും
പൊന്നുപോലെ കാത്തു വച്ചും
ആണൊരുത്തനാക്കി
ലോകം കീഴടക്കാൻ
പ്രാപ്തനാക്കിയപ്പോൾ
സദനങ്ങളിലും
അമ്പലവളപ്പിലും
ചായ്പ്പിലെ നായ്ക്കൂട്ടിലും
മഞ്ചമൊരുക്കും
നിന്റെ പേരോ
രക്ഷകൻ?
(കൗമാരത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും പെണ്ണിന് രക്ഷകൻ ?)
ചില ആദരവുകള്‍ തേടിചെല്ലുന്നതാണ്.
ReplyDelete