Thursday, November 7, 2013

തിരക്കഥയിൽ ഇല്ലാത്തത്


നഗരത്തിലെ തിരക്കിലൊഴിഞ്ഞു
തലയെടുത്ത് നില്ക്കുന്നു
ഗോമതി അപ്പാർട്ട്മെന്റ്
അഞ്ചാം നിലയിലെ മൂന്നാം മുറിയിൽ
ക്യാമറ സൂം ചെയ്യുന്നു .

പരപരാ വെളുപ്പിന്റെ
മഞ്ഞ വെളിച്ചം
ജാലകത്തിന്റെ തിരശ്ശീല മാറ്റുമ്പോൾ
കുഴിഞ്ഞ
നരവീണ കണ്ണുകൾക്ക് മേൽ
മഞ്ഞിച്ച ശുഷ്ക്കമായ ഒരു കൈ ഉയരുന്നു

നനഞ്ഞ ഷീറ്റിൽ നിന്നും
മൂത്രഗന്ധത്തോടെ
ഒരു വിറയാർന്ന രൂപം
മെല്ലെ ക്യാമറക്ക്‌ മുന്നിലൂടെ
കുളിമുറിയിലേക്ക് തെറിച്ചു തെറിച്ചു ...

സമയം പത്തു
വെളിച്ചത്തിന്റെ വെള്ളിരേഖകളിൽ
കൂനിക്കൂടി ഇരിക്കുന്ന
അവശരൂപത്തിന്റെ മുന്നിലൂടെ
പ്രാകലിന്റെ അകമ്പടിയോടെ
വേലക്കാരിയുടെ ചവിട്ടുനാടകം
കുളിമുറിയിൽ കലമ്പൽ കൂടുന്നു .

നാഴികമണി വല്ലാതെ പായുന്ന
പിടയലിനിടയിലൂടെ
സൂര്യൻ പടിഞ്ഞാറ് മറഞ്ഞ ഭൂമി
ക്യാമറയിൽ ഇരുണ്ട നിറത്തിന്റെ
നിഴലുകൾ ആകുന്നു കാഴ്ചകൾ

പതിവുപോലെ
അകലെനിന്നും ഒഴുകി വരുന്ന
സുഖവിവരങ്ങളിൽ
ലോകത്തിന്റെ സൌന്ദര്യം നിറച്ചു
ഉറക്കറയുടെ വാതിൽ കടന്നു പോകുന്നു
വെളുത്ത നരയുടെ ഒരു പഞ്ഞിക്കൂട് .

കിടക്കയിൽ
ഗതകാലം കണ്ണീരുകളിൽ
ചലച്ചിത്രമായൊഴുകുമ്പോൾ
പതിവുപോലെ
ജോലിക്കാരിയുടെ കിടക്ക
യന്ത്രം പോലെ അരയുന്ന സംഗീതത്തിൽ
ഉറക്കം പീളകെട്ടുന്നു

ക്യാമറ ഇരുട്ടിലേക്ക്
സൂം ഔട്ട് ചെയ്യുമ്പോൾ
നിശബ്ദത കട്ടപിടിക്കുന്നു
കഫം നിറഞ്ഞ ചുമയുടെ നിലവിളിയിൽ .!
-----------------ബി ജി എൻ വർക്കല ----

1 comment:

  1. ഹോം നഴ്സിംഗ് വൃദ്ധ സദനങ്ങൾ അറ്റാച്ചട്

    ReplyDelete