Tuesday, November 12, 2013

നൂല്‍പ്പാവകള്‍


ഓരോ രാവുകളും
പ്രണയത്തിന്റെ മഞ്ഞു തുള്ളികളില്‍
വീണു മരിക്കുമ്പോള്‍
പ്രിയതെ
നിന്‍ ഗന്ധത്തിലലിഞ്ഞ്
ഊഷ്മാവിന്‍ ചിറകിലേറി
ജീവിതം ഒരു
ഫീനിക്സ് പക്ഷിയാകുന്നു .

രാമഴകള്‍ പെയ്തിറങ്ങുന്ന
കുന്നിന്‍ചരുവുകളില്‍
മിന്നാമിനുങ്ങുകള്‍പോലെ
നമുക്കിനി
ഒളിച്ചു കളിക്കാം  .

സ്വപ്നങ്ങളെ
ഹിമശൈലങ്ങളില്‍
ഉറഞ്ഞു കൂടും
മൌനം പോലെ
കണ്ണുകളില്‍ ഒളിപ്പിച്ചു വയ്ക്കാം .

അകലങ്ങളില്‍
നമ്മുടെ ശബ്ദങ്ങള്‍
കൂട്ടിമുട്ടുന്ന നിശബ്ദതകള്‍
സൃഷ്ടിക്കാം.
പിന്നെ ,
മോഹിപ്പിക്കുന്ന പകലിലേക്ക്
ശലഭങ്ങളായി
തണല്‍ തേടിയലയാം .

ഇത് പ്രണയകാലം !
സിരകളില്‍ പടരുന്ന
അനുരാഗത്തിന്റെ
തീമഴക്കാലം .
ഇടനെഞ്ചില്‍ പ്രാവുകള്‍
കുറുകുന്ന
തരളരാവുകള്‍
നമുക്കേകും വസന്തകാലം .
------------------ബി ജി എന്‍ വര്‍ക്കല

1 comment:

  1. വസന്തകാലം നിലനില്‍ക്കട്ടെ

    ReplyDelete