Saturday, November 9, 2013

അടയുന്ന വഴിമരങ്ങൾ


നിഴൽ വിരിച്ച താഴ്വരകൾക്കപ്പുറം 
നിണം വഴിയുന്ന ചിന്തകൾകൊണ്ട്
ഭൂമിയില സ്വർഗ്ഗം വിരിയിക്കാൻ വന്നവർ
അധികാരത്തിന്റെ മഹിമ കണ്ടു
കഴുകുകളെ പോലെ പറന്നിറങ്ങുമ്പോൾ
ഇവിടെയില്ലെന്നൊരു പ്രസ്ഥാനവും
പച്ചമനുജന്റെ വിയർപ്പൊപ്പുവാൻ
അവനിലെ കായും പശിയുടെ
അടിവേരറുക്കുവാൻ .

ഉണ്ടായിരുന്നൊരു കാലം
പ്രതീക്ഷകൾ
പൊന്ചായം നിറച്ചൊരു മിഴികളുമായി .
ഇരുണ്ട വനമൌനതയിൽ
ബയണട്ടു കൊണ്ട് കുത്തിതുരന്നിട്ട
പ്രതീക്ഷകളുടെ ചാവേറുകൾ .

ഉണ്ടായിരുന്നൊരു കാലം
ഭയത്തിന്റെ
തീന്മേശകളിൽ നിണം തളിച്ച്
പടിപ്പുരകളിൽ കണ്ണ് മിഴിചിരുന്നൊരു
ശിരസ്സ്‌ കഥ പറഞ്ഞ
പ്രഭാതങ്ങൾ !

ഉണ്ടായിരുന്നൊരു കാലം
നടവഴിയിൽ
ജമ്പറിന്റെ പുള്ളിക്കുത്തുകൾ കണ്ടു
വഴിമാറി നടക്കാൻ കൊതിച്ച
തമ്പ്രാന്റെ പല്ലക്കുകൾ
കിതച്ചു നിന്ന പകലുകൾ .

ഉണ്ടായിരുന്നൊരു കാലം
അറിവാലയങ്ങളിൽ
ചെറുമകിടാവിന്റെ അക്ഷരപാരായണം
കാതിന്നലോസരമായി
ഗുരുക്കന്മാർ
വീട്ടിലിരുന്ന മഴക്കാലത്തിന്റെ
അത്താഴ പട്ടിണികൾ .

മുലയറുത്തവളും 
വഴി നടന്നവനും
കാവ് തീണ്ടിയവനും
പഴം കഥയാകുമ്പോൾ
പുതിയ സമവാക്യങ്ങൾക്ക്
നവ വിപ്ലവങ്ങൾക്ക്
വിഷയമില്ലാതെ ഉഴലുന്നു
അഭിനവ വിപ്ലവജ്വാലകൾ .

മൂത്ത് നരച്ചവർ
മുരടനക്കി പറയുന്ന
അടിപ്പാവടകഥകളിൽ
ജീവിതം ഹോമിക്കുന്നോർ
അധികാരം എന്നതിനപ്പുറം 
ജനമെന്ന വികാരം മറന്ന
കോമരങ്ങൾ

ഇവിടെ
വിശക്കുന്നവന്റെ വിശപ്പ്‌
ഇന്നുമൊരു വിഷാദമാകവെ
ധനികന്റെ ധനം
കുന്നോളം പെരുകവേ
കാലഹരണപ്പെട്ട തത്വസംഹിതകളിൽ
കാലം നല്കിയ ചിതൽ തിന്നുന്നതു
അറിയാതെ ജീവിക്കുന്നു
പ്രതീക്ഷകൾ നശിച്ച
കടൽക്കിഴവന്മാർ .

ഉണരുവാൻ
ഒന്നുറക്കെ അലറുവാൻ
അടിമത്വത്തിന്റെ കാല്ച്ചങ്ങല 
മുറുകി തഴമ്പിച്ച
നവമുകുളങ്ങൾ മടിച്ചു നില്ക്കുന്നു .
കാലം
നോക്ക് കുത്തി ആയി
പകച്ചു നില്ക്കുന്നു .
എവിടെ ?
എവിടെയാണ് പ്രതീക്ഷകൾ പൂവിടുക ?
ആര് നയിക്കുമീ കനവുകൾ ?
ആരെയാണ് ഞാൻ കാക്കേണ്ടത്‌ ?
------------------ബി ജി എൻ വർക്കല

No comments:

Post a Comment