Saturday, November 16, 2013

ഒരു സ്വപ്നം.



സമയം വൈകുന്നേരം . ഇളം വെയിലിന്റെ മഞ്ഞ നിറം ചുറ്റാകെ പുളകം കൊള്ളിക്കുന്ന സായം സന്ധ്യയുടെ  വരവിനെ അറിയിക്കുന്ന സുന്ദരമായ ഒരു സായാഹ്നം , ഒരു ചെറിയ മഴയിൽ കുളിച്ചു നില്ക്കുന്നു .
മുറിയിലേക്ക് കടന്നു വന്ന എന്നെ എതിരേറ്റത്  ജാലകത്തിലൂടെ പുറത്തെ മഴ ആസ്വദിക്കുന്ന അവൾ ആയിരുന്നു . കുളിച്ചു ഈറൻ മുടിയിഴകൾ വിടർത്തിയിട്ടു എന്തോ ഒരു ഗാനത്തിന്റെ ശീലുകൾ മെല്ലെ മൂളി അവൾ പരിസരം മറന്നു  മഴയെ നോക്കി നില്ക്കുന്നു . മുടിയിൽ നിന്നും തറയിൽ ഇറ്റു വീഴുന്ന ജലകണങ്ങൾ . നനഞ്ഞ ചുരിദാർ പുറം ഭാഗം ഒട്ടിക്കിടക്കുന്നു.
മെല്ലെ നടന്നടുത്തു പിന്നിലെത്തി . തോളിൽ കരമമർത്തി മൂർദ്ധാവിൽ ചുംബിച്ചു പിന്നെ പുറത്തെ മഴയിലേക്ക്‌ നോക്കി അവളോട്‌ ചേർന്ന് നിന്ന് . തോളിൽ നിന്നും എന്റെ കയ്യുകൾ അവൾ എടുത്തു വയറിൽ ചുറ്റിപ്പിടിപിച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാരിക്കൊണ്ടു എന്റെ കൈകൾക്ക് മേലെ അമർത്തി പിടിച്ചു .
നമ്മൾ  ഒന്നും സംസാരിച്ചില്ല . നമുക്കിടയിൽ മൌനത്തിന്റെ ചിതൽപുറ്റു വളർന്നു പന്തലിച്ചു .
നിശബ്ദമായി നമ്മൾ അങ്ങനെ നിന്ന് .  മഴയുടെ ധൂളികൾ മുഖത്തും ശരീരത്തും പതിക്കുമ്പോൾ ശരീരം കൂമ്പി വിറച്ചു അവൾ എന്നിലേക്ക്‌ കൂടുതൽ ചേർന്ന് നിന്ന് .
നമ്മളുടെ ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു . പ്രണയത്തിന്റെ നാലുമണിപ്പൂക്കൾ വിരിയും പോലെ സൌന്ദര്യം , സൌരഭ്യം നിറഞ്ഞ  അവരുടെ സംഭാഷണത്തിന് തടസ്സം നേരിടാതിരിക്കാൻ നമ്മൾ നിശബ്ദത കൂട്ട് പിടിച്ചു . ഒന്നനങ്ങതെ അങ്ങനെ നിന്ന് .
എത്രയോ നേരം അറിയില്ല . പുറത്തു മഴ തോർന്നതും ഇരുൾ കൂട് വച്ചതും ഒന്നും നമ്മൾ അറിഞ്ഞതെ ഇല്ല .
കാലവും സമയവും നിശബ്ദത കൊണ്ട് നമ്മെ തഴുകി തലോടിക്കൊണ്ടിരുന്നു . ഒടുവിലെപ്പോഴോ ഉറക്കത്തിന്റെ അഗാധതകളിൽ നമ്മൾ പരസ്പരം വേറിട്ട്‌ മാറി . പുലരിയിൽ എന്റെ മനസ്സ് വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു . കാരണം മഞ്ഞിന്റെ തണുപ്പോ മഴയുടെ സംഗീതമോ ഇല്ലായിരുന്നു , നീയും . ഉഷ്ണ വാതങ്ങളുടെ മരുപ്പച്ചകളിലേക്ക് സമയത്തിന്റെ തേര് തെളിയിച്ചു ഇറങ്ങുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും നിന്റെ മുടിയുടെ നനവും നിന്റെ മണവും നിറഞ്ഞു നിന്നിരുന്നു .
------------------------------  ബി ജി എൻ വർക്കല 

2 comments:

  1. കവിത വിട്ടപ്പോഴും പ്രണയം വിട്ടില്ല .നിറഞ്ഞു നില്‍ക്കുന്നുണ്ട് പ്രണയം.

    ReplyDelete
    Replies
    1. ചുക്കില്ലാത്ത കഷായമുണ്ടോ?

      Delete