അവളുടെ മിഴികളില്‍ ആകാശം കാണുകയായിരുന്നു ഞാന്‍
---------------------------------------------------------------------------
മലര്‍ന്നു കിടന്ന് മേലേക്ക് നോക്കി മാത്രമല്ല
മാറില്‍ കിടക്കുന്നവളുടെ കണ്ണിലൂടെയും
ആകാശം കാണാം എന്നവളാണ് പഠിപ്പിച്ചത് .
നക്ഷത്രങ്ങളെയും,
അനന്തകോടി ഗ്യാലക്സികളെയും,
മില്‍ക്കിവേകളും,
ബ്ലാക്ക് ഹോള്‍സും കാണാനും
കൊള്ളിയാന്‍ പാച്ചിലുകളും,
അന്യഗ്രഹവാഹനങ്ങളും കാണാന്‍ കഴിഞ്ഞു .
ചിലപ്പോഴൊക്കെ മേഘങ്ങള്‍ വന്നു മൂടിയിരുന്നു .
ചിലപ്പോള്‍ തെളിഞ്ഞ നീലവാനം
മറ്റു ചിലപ്പോള്‍ ഉച്ചസൂര്യന്റെ തീവെളിച്ചമേറ്റ്
മിഴികള്‍ തനിയെ അടച്ചു പോയിട്ടുണ്ട്.
മഴ പെയ്യുന്നതു പലപ്പോഴും രസാവഹമായിരുന്നു,
ചിലപ്പോള്‍ വേദനാജനകവും.
പ്രഭാതത്തില്‍ വിരിയുന്ന തുഷാരബിന്ദുക്കളും
കര്‍ക്കിടകപ്പെരുമഴയും
ഇളവെയില്‍ നിറഞ്ഞചാറ്റല്‍ മഴയും
മഴവില്ല് നിറഞ്ഞ ആകാശച്ചെരിവും
അവളുടെ മിഴികളിലൂടെ ഞാന്‍ കാണുകയായിരുന്നു .
പഞ്ഞിക്കെട്ടുകള്‍ പോലെ വെളുത്ത മേഘങ്ങള്‍,
കറുത്തിരുണ്ട മേഘക്കൂട്ടങ്ങള്‍,
നീണ്ടവാല്‍ ഉപേക്ഷിച്ചു കടന്നുപോകുന്ന വിമാനങ്ങള്‍.
ചിലപ്പോള്‍ താഴേക്ക് കുതിച്ചു വരുന്ന
കൃഷ്ണപ്പരുന്തിനെ കണ്ടു ഞെട്ടി മുഖംതിരിച്ചിട്ടുണ്ട് .
എനിക്കാകാശക്കാഴ്ചകള്‍ ഒരുക്കുന്നതില്‍
അവള്‍ക്കെന്തൊരു ആഹ്ളാദമായിരുന്നു .
മോണിട്ടറില്‍, എന്നെ നോക്കിയിരിക്കുന്ന മിഴികള്‍
സ്ക്രീന്‍ സേവര്‍ ആയി വച്ചാണ്
ഇന്ന് ഞാനാ ആകാശം കാണുന്നത്.
അവള്‍ ഇന്നും ആകാശം കാട്ടുന്നുണ്ടാകാം.
മറ്റൊരാള്‍ അതിനെക്കുറിച്ചെഴുതും വരെ
ആ ആകാശം എന്റേത് മാത്രമായി ഞാന്‍ സൂക്ഷിക്കട്ടെ .
----------ബിജു. ജി.നാഥ് വര്‍ക്കല
No comments:
Post a Comment