Tuesday, January 15, 2019

The Gospel of Yudas............... K.R.Meera.


The Gospel of Yudas (Novel)
K.R.Meera.
Translated from Malayalam By Rajesh Rajamohan
Penguin Books India
Price : 399 Rs


       പ്രണയം അനന്തമായ ഒരു സങ്കേതമാണ് . അനാദിമുതല്‍ നിലനില്‍ക്കുന്ന മാസ്മരികത. എത്രയെത്ര സാമ്രാജ്യങ്ങള്‍ അതിന്റെ കുളമ്പടിയില്‍ തകര്‍ന്നു വീണിരിക്കുന്നു. എത്രയോ ജീവിതങ്ങള്‍ നശിച്ചു പോയിരിക്കുന്നു . നന്മയായും തിന്മയായും മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും അറിഞ്ഞും അറിയാതെയും കടന്നു വരുന്ന ഒന്നേയുള്ളൂ, അത് പ്രണയം മാത്രമാണ് . പ്രണയത്തിനു കാലമോ ദേശമോ ഭാഷയോ വേഷമോ ലിംഗമോ പ്രായമോ ഒന്നും തന്നെ ഒരു വിഷയമേയാകുന്നില്ല. എഴുതാന്‍ പഠിക്കുന്നവര്‍ തൊട്ടു എഴുതി തഴമ്പിച്ചവര്‍ വരെ കോടാനുകോടി  പ്രണയഗീതങ്ങള്‍ എഴുതിക്കഴിഞ്ഞിരിക്കുന്നു ഭാഷയിലും വാമൊഴിയിലും ചിത്രങ്ങളിലും ഒക്കെയായി. ഏറ്റവും അധികം വായനക്കാര്‍ ഉള്ളതും പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ തന്നെ പ്രണയത്തില്‍ ആണെന്ന് വിശ്വസിക്കുന്നവരുമായ ഒരു ജീവിവര്‍ഗ്ഗം ആണ് മനുഷ്യന്‍ .
കെ ആര്‍ മീഎരയുടെ "യൂദാസിന്റെ സുവിശേഷം " ഇത്തരം ഒരു പ്രണയത്തിന്റെ കഥയാണ് പറയുന്നത് . പ്രണയം പറയുമ്പോള്‍ അതിനു പ്രണയത്തിന്റെതായ ഒരു ഭാഷ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് . ആ ഭാഷയാണ്‌ വായനക്കാരെ പ്രണയത്തിന്റെ അനുഭൂതികളെ അതേ ഊഷ്മളതയോടെ ആസ്വദിച്ചുകൊണ്ട് അതില്‍ മുഴുകുവാന്‍ പ്രാപ്തനാക്കുന്ന ഘടകം .  ഇവിടെ അതില്‍ മീര വിജയിച്ചിരിക്കുന്നു എന്നതിനാല്‍തന്നെയാണ് രാജേഷ് രാജമോഹന്‍ അതിനെ ആംഗലേയത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഭാഷയുടെ മൊഴിമാറ്റം പലപ്പോഴും കൃതികളെ അരസികമാക്കാറുണ്ട് എന്നാല്‍ ഇവിടെ ആ ഒരു ഭാവാന്തരം ഭാഷയില്‍ നിന്നും അനുഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം ഒപ്പം ഇത് വായിക്കുമ്പോള്‍ ഇതിന്റെ മൂലകൃതി തേടിപ്പിടിച്ചു വായിക്കണം എന്നൊരു ത്വര സംജാതമാക്കാന്‍ എഴുത്തുകൊണ്ട് കഴിഞ്ഞിരിക്കുന്നു .
          എന്താണ് ഈ പ്രണയത്തിനെ ഇത്ര പറയാന്‍ എന്ന് ചിന്തിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ആ കഥയുടെ പ്രണയത്തിരകളെ ഒന്ന് ചെറുതായി പരിചയപ്പെടുത്തുന്നത് നല്ലതാകും എന്ന് കരുതുന്നു . ഇത് ഒരു പ്രണയ കഥയാണ് . ഇതിൽ ദാസ് എന്നും പ്രേമ എന്നും പേരായ ഒരു മധ്യവയസ്കനും കൗമാരക്കാരിയും തമ്മിലാണ് പ്രണയിക്കുന്നത്. അതിലെന്താണ് ഇത്ര വലിയ കാര്യമെന്നാകും വീണ്ടും ചിന്ത. കാരണം അത്തരം പ്രണയം മലയാളത്തിനു പുതുമയല്ലല്ലോ. പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി നാല്പത് കഴിഞ്ഞ ഒരു പുരുഷനോട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്നും എന്നെ പ്രണയത്തോടെ ഒന്ന് ഉമ്മ വയ്ക്കൂ എന്നും എങ്ങനെയാണു പെണ്‍കുട്ടികളെ പ്രണയിക്കേണ്ടത് എന്നെന്നെ പരിചയപ്പെടുത്തി തരൂ എന്നും പറയുന്നത് ഇന്നത്തെ സദാചാര സംഹിതകള്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ച് ഒരു നാലുകെട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടി ,                         അതും അപരിചിതനും, തടാകത്തില്‍ വീണു മരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍ മുങ്ങി എടുത്തുകൊടുക്കുകയും, ആണ്‍കുട്ടികളെ രതിപാഠം പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പരുക്കന്‍ മനുഷ്യനോടു ആകുമ്പോള്‍ .  ഈ പ്രണയത്തിനു ഒരു പശ്ചാത്തലം ഉണ്ട് അതാണ്‌ ഈ പ്രണയത്തിന്റെ മുഴുവന്‍ രസവും വഹിക്കുന്നത്. കക്കയം ക്യാമ്പിൽ ചങ്ക് തകര്‍ന്നു ജീവന്‍ വെടിഞ്ഞു ചരിത്രമായ നക്സല്‍പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ കഥ കൂടിയാണ് ഇത്. അവിടെ നരഹത്യക്കും കൊടിയ പീഡനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചവരും അതില്‍ പ്രവര്‍ത്തിച്ചവരും ആയ മനുഷ്യരുടെ ഭാവികാലം കൂടിയാണ് ഈ കഥ. ആ ക്യാമ്പിലെ ഭീകരതയുടെ അവസാനത്തില്‍ ജോലി വിട്ടു കുടുംബത്തില്‍ ഒതുങ്ങിക്കൂടിയ ഒരു പോലീസുകാരന്‍ തന്റെ ഭാര്യയോടും മക്കളോടും തുടരുന്ന ഭീകരതയുടെ ഇരയാണ് പ്രേമ. അവള്‍ അതിനാല്‍ തന്നെ സ്വയമറിയാതെ ഒരു നക്സലായി മനസ്സാ മാറുകയാണ്. അതുകൊണ്ട് തന്നെ അജ്ഞാതനായ ആ മനുഷ്യന്‍ യൂദാസ് എന്ന പേരില്‍ അറിയപ്പെടുന്ന ജെ യൂ ദാസ് എന്നാ മനുഷ്യനെ സ്നേഹിക്കുന്നത്. ക്രമേണ അറിയുവാന്‍ കഴിയുന്നത് ഈ മനുഷ്യന്‍,ദാസ് എന്ന പേരില്‍ തന്റെ അച്ഛന്‍ അടക്കമുള്ളവര്‍ ചവിട്ടി മെതിച്ച ഒരു യുവാവായിരുന്നു എന്നതാണ് .
        അയാള്‍ ഒരിക്കല്‍ പോലും അവളെ സ്നേഹിക്കുന്നതായി പറഞ്ഞിട്ടേയില്ല അയാളുടെ മനസ്സില്‍ സുനന്ദ എന്ന അയാളുടെ കാമുകി, ക്യാമ്പിലെ ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ നദിയുടെ ആഴങ്ങളില്‍ അയാളാല്‍ എറിയപ്പെട്ടവൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ അവളില്‍ നിന്നും ഓടി മറഞ്ഞുകൊണ്ടേയിരുന്നു..
               പതിനഞ്ചാം വയസ്സില്‍ അയാളോട് പ്രണയം പറഞ്ഞ നാളില്‍, അയാള്‍ അവിടം വിട്ടു പോയെങ്കിലും അവള്‍ അയാളെ മറന്നതേയില്ല. പതിനഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷവും അയാളെ അവള്‍ തിരഞ്ഞു കണ്ടു പിടിച്ചു അയാളുടെ മടിയില്‍ കിടന്നുകൊണ്ട് അവള്‍ പറയുന്നുണ്ട് . എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഞാന്‍ നിങ്ങളോട് എന്റെ പ്രണയം പറഞ്ഞു . ഇന്നെനിക്ക് മുപ്പത്താറു വയസ്സായി . എന്റെ യൗവനം , ആരോഗ്യം എല്ലാം നശിച്ചു പക്ഷെ ഇന്നും ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു . നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു .നിങ്ങള്‍ എവിടെപ്പോയാലും തിരഞ്ഞു വന്നുകൊണ്ടേയിരിക്കും . അതിനയാള്‍ മറുപടി പറയുന്നതും അത് തന്നെയാണ് എനിക്കറിയാം ഞാന്‍ എവിടെയെന്നു മണത്തറിഞ്ഞു നീ അവിടെ എത്തുമെന്ന് എനിക്കറിയാം. അയാള്‍ ഒരിക്കലും അവളോട്‌ പ്രണയമാണെന്ന് തുറന്നു പറഞ്ഞിട്ടില്ല ഒരു ഭീരുവിനെ പോലെ അവളില്‍ നിന്നയാള്‍ ഓടി ഒളിച്ചുകൊണ്ടേയിരുന്നു. . അവര്‍ക്കിടയില്‍ പ്രണയത്തിനു, ശരീരത്തിന് ഒരു പ്രാധാന്യവും ഉണ്ടായിരുന്നുമില്ല അവള്‍ അതാഗ്രഹിച്ചിരുന്നു എങ്കിലും ഒടുക്കം അവള്‍ പറയുന്നത് പോലെ രോഗികള്‍ ആയ രണ്ടു മനുഷ്യരാണ് നാം . ഒടുവില്‍ ഏതെങ്കിലും ഒരു പുഴയിലോ തടാകത്തിലോ നിന്നും നീയെന്നെ വാരിയെടുക്കും . അവള്‍ മനസ്സില്‍ കാണുന്നുണ്ട് ഏതെങ്കിലും ഒരു നദിയില്‍ മീനുകള്‍ തിന്ന ഒരു ശവമായി അയാളെയും .
         തികച്ചും പ്രണയം ,മരണം, വിപ്ലവം ഇവയെ ഒരേ താളത്തില്‍ കൊണ്ട് പോകാന്‍ കഴിയുന്നുണ്ട് നോവലില്‍. വേദനിക്കുന്ന മനസ്സുകള്‍ക്ക് മാത്രം സ്ഥാനം ഉള്ള ഒരു കഥയാണിത്. ശവഗന്ധം നിറഞ്ഞ ഒരു പ്രണയ കഥ . രക്തത്തിന്റെ നിറവും ചൂരും നിറഞ്ഞു നില്‍ക്കുന്ന കഥ. എങ്കിലും ആ പ്രണയത്തിന്റെ ആഴത്തില്‍ അതിന്റെ നേരില്‍ ആ ഭാവതീക്ഷ്ണണതയിൽ വായനക്കാര്‍ ഒരിക്കലും മനസ്സ് മടുക്കുകയോ വിട്ടുപോവുകയോ ഇല്ല എന്നതാണു ഈ നോവല്‍ നല്‍കുന്ന വായനാസുഖം .
ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല


No comments:

Post a Comment