Sunday, January 6, 2019

സിംഹാസനങ്ങൾ ഉറപ്പിക്കുന്നതെങ്ങനെ.

സിംഹാസനങ്ങൾ ഉറപ്പിക്കുന്നതെങ്ങനെ.
................
നന്നായി പൊരിച്ചെടുത്ത ഭ്രൂണങ്ങൾ
ശൂലമുനയിൽ കോർത്തെടുത്ത്
അമ്മമാരുടെ നിറമാറിടത്തിനു നടുവിൽ താഴ്ത്തണം.
ബോധിവൃക്ഷക്കൊമ്പുകളിലും
നാട്ടു മാക്കൊമ്പിലും
തുളവീണ യോനികൾ തുടവഴി രക്തമൊലിപ്പിച്ച്
തൂങ്ങിയാടണം.
തെരുവുകളിൽ നഗ്നശരീരങ്ങൾ
ചെണ്ടകൊട്ടി എഴുന്നെള്ളിക്കണം.
അഴുകിയ പശുത്തോൽ മണക്കുന്ന മനുഷ്യർ
തല തകർന്നും
വയർ പിളർന്നും
തെരുവുകളിൽ ഈച്ചയാർക്കണം.
കുരുന്നുടലുകൾ
ഗർഭഗ്രഹങ്ങളിൽ വേദമന്ത്രങ്ങൾ കേട്ട്
കശേരുക്കൾ തകർന്നു പിടയണം.
ദർഗ്ഗകളിലും ,
മിനാരങ്ങളിലും
ഉടലുകൾ ചിതറിയ ചിത്രം വരക്കണം.
സ്ഖലനഭയം പൂണ്ട ദൈവങ്ങൾക്കു വേണ്ടി
തെരുവുകൾ കത്തണം.
തരുണികളുടെ തല തകർക്കണം.
നോക്കൂ,
സിംഹാസനങ്ങൾ വെറുതെ ഉറയ്ക്കുന്നതല്ല.
അതിന് നിരന്തരമായ പ്രവർത്തനങ്ങൾ ഉണ്ട്.
അവർണ്ണരുടെ ചോരയിൽ മുക്കി
സവർണ്ണർ കുറിക്കുന്ന ചരിത്രങ്ങളിൽ
ദേവതയെ നിർമ്മിക്കുന്ന ശില്പിയുടെ വിധിയുണ്ട്.
ഉറപ്പിച്ച സിംഹാസനങ്ങൾ താങ്ങാൻ
ഇവയൊക്കെയും മറക്കണം .
മനസ്സിലൊരൊറ്റ ചിന്തയേ പാടുള്ളു.
നമ്മൾ ഹിന്ദുക്കളാണ്.
സനാതന ധർമ്മം പരിപാലിക്കാൻ
ആർഷഭാരത സംസ്കാരം നിലനിർത്താൻ
ചിലതൊക്കെ നാം കണ്ടില്ലെന്നു നടിക്കണം.
കാരണം
ദേശീയത നമ്മുടെ പ്രഥമാവശ്യമാണ്.
സിംഹാസനങ്ങളിൽ ഇരിക്കുന്നവർ
നമ്മെ ഭരിക്കേണ്ടവരാണ്.
അവർ ജനിച്ചത് അതിനു വേണ്ടി മാത്രമാണ്.
ഷണ്ഡത ബാധിച്ച നമ്മെ ഭരിക്കാൻ വേണ്ടി മാത്രം.
..... ബി.ജി.എൻ വർക്കല

No comments:

Post a Comment