Tuesday, January 15, 2019

ഒരു വണ്ടിയും കുറച്ചു യാത്രക്കാരും

ഒരു വണ്ടിയും കുറച്ചു യാത്രക്കാരും
........................................................
യാത്രക്കാർ കയറാനില്ലാത്തൊരു സ്റ്റാൻഡിൽ
വെറുതെ കാത്തു കിടക്കുന്ന വാഹനം.
ലക്ഷ്യങ്ങളിലെത്താൻ
ധൃതിയും പരവേശവുമെടുത്തു
കുറച്ചു പേരകത്തുണ്ടെങ്കിലും
വാഹനത്തിനോ
സാരഥിക്കോ
യാത്ര തുടങ്ങാനാകുന്നതേയില്ല.
എത്തിച്ചേരാനുള്ള യാത്രികനെയും കാത്ത്
വാഹനം തണുത്തുറഞ്ഞു കിടക്കുന്നു.
സാരഥിക്ക് വായനക്കാരുടെ മനോധർമ്മം പോലെ
പാട്ടുകേൾക്കാനോ
പുകവലിക്കാനോ
തമ്പാക്ക് തിന്നാനോ
മൊബൈൽ നോക്കാനോ വിടുന്നു.
എത്തിച്ചേരുമെന്നുറപ്പുള്ളത് വാഹനത്തിന് മാത്രമാണ്,
ചോദ്യങ്ങൾ
ശാപവാക്കുകൾ
തെറി വാക്കുകൾ
അപേക്ഷകൾ
കണ്ണീര്
ഇല്ല
വാഹനത്തിന്റെ അനുമതിയില്ലാതെ
സാരഥിക്ക് പോകാനാവില്ല.
ഇറങ്ങി നിന്നും
കീഴ്ശ്വാസം വിട്ടും
കാറിത്തുപ്പിയും
കണ്ണെറിഞ്ഞും
യാത്രക്കാർ അസ്വസ്ഥതയെ കാർന്നുതിന്നുന്നു.
ഇരുട്ട് വന്നെത്തുന്ന ഭയത്താൽ
യാത്രക്കാർ ഓടി രക്ഷപ്പെടുന്നു
കൈ കാട്ടി കിട്ടിയ വാഹനങ്ങളിൽ.
ഒറ്റയ്ക്കാകുന്ന വാഹനത്തിൽ
പിറകിലേ സീറ്റിലേക്ക് നടക്കുന്നു സാരഥി.
നീണ്ടു നിവർന്ന് കിടക്കുമ്പോൾ
വാഹനത്തിൽ നിന്നും ഒരു പാവക്കുട്ടിയുടെ കരച്ചിൽ
ഇരുട്ടിന്റെ വിജനപാത കേട്ടു കിടക്കുന്നു.
ഇനിയും വരാത്ത യാത്രികനെ നോക്കി
വാഹനം അപ്പോഴും
തണുത്തുറഞ്ഞു കിടക്കുന്നു.
....... ബി.ജി.എൻ വർക്കല

No comments:

Post a Comment