Tuesday, January 15, 2019

ഭാവനാലോകം

ഇരുണ്ട ഭൂഖണ്ഡങ്ങള്‍ കടന്നു 
നാമൊരു ചുവന്നലോകത്തെത്തും.. 
പട്ടുപരവതാനികളിൽ, 
സുഗന്ധപൂരിതമാം മാരുതനില്‍, 
മനം മയക്കുന്ന സംഗീതത്തില്‍, 
നാം നമ്മെ മറക്കാന്‍ ശ്രമിക്കും . 

നീ നിന്റെയും ഞാന്‍ എന്റെയും
മിഴികളെ, അന്ധതയിലേയ്ക്കയക്കും .
നമുക്കിടയില്‍ ഇരുളിനെ തളംകെട്ടിക്കും .
അനന്തരം നാം ജീവിതത്തിന്റെ സാരം പഠിക്കും . 

നഷ്ടപ്പെട്ട ഭൂമിക ഓര്‍ത്തും 
വിട്ടുപോയ ശ്രുതികള്‍ ചേര്‍ത്തും 
മറന്നുപോയ ചുവടുകള്‍ വച്ചും 
നാം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമവയെ .
ഓര്‍മ്മകളുടെ ഇരുട്ടില്‍ നിന്നോ,
മറവിയുടെ കടന്നൽക്കൂട്ടിൽ നിന്നോ 
നാമവയെ തിരയാന്‍ തുടങ്ങും. 

പറയാന്‍ മടിച്ച പ്രണയം ,
എഴുതാന്‍ മടിച്ച കാവ്യം ,
വരയാന്‍ ശ്രമിച്ച ചിത്രം ....
നാം പകപ്പോടെ തിരയാന്‍ തുടങ്ങും . 

വെളിച്ചം വീഴുമ്പോള്‍ 
നമ്മുടെ ലോകം ചുരുങ്ങുകയും 
നാം ഉണരുകയും ചെയ്യും . 
പഴകിയ, എണ്ണ മെഴുക്കു പുരണ്ട 
അതേ തല്പത്തില്‍ 
ഉറക്കത്തിന്റെ മറ്റൊരു രാവു വരുംവരെ 
പിന്നെ നാം മറക്കും. 
സ്വപ്‌നങ്ങള്‍ വെയിലില്‍ ഉണങ്ങാന്‍ വിട്ടു 
ജീവിത നാടകം നടിക്കാന്‍ തുടങ്ങും 
ചമയങ്ങളും ഭാഷ്യങ്ങളും നിറച്ചു 
രാത്രി വരുവോളം .........
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment