Friday, January 4, 2019

അരികു ജീവിതങ്ങൾ.......... പി.ഇ.ഉഷ

അരികു ജീവിതങ്ങൾ ( കുറിപ്പുകൾ )
പി.ഇ. ഉഷ
സൈകതം ബുക്സ്
വില: 80 രൂപ

         "നിങ്ങൾ എപ്പോഴും മുഖ്യധാരയെന്നു പറയുന്നു. എന്തൊക്കെയാണ് മുഖ്യധാരകൾ? മാത്രവുമല്ല, നിങ്ങൾ മുഖ്യധാരയെന്നു പറയുമ്പോൾ എനിക്ക് ഞാൻ ഒഴിവാക്കപ്പെട്ടതായി തോന്നുന്നു.! യഥാർത്ഥത്തിൽ ഇതാണ് ശരി. നമ്മൾ സ്വയം മുഖ്യധാരയിലാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് അനവധി ധാരകളാണ്‌."
(ത്രിപുരയിൽ നിന്നുള്ള ഒരാദിവാസി നേതാവിനെ ഉദ്ധരിച്ചു കൊണ്ട് പി.ഇ. ഉഷ)

       സമൂഹം ഒരു കൂട്ടായ നിർമ്മിതിയുടെ ഭാഗമാണ്. അവിടെ ജീവിതങ്ങൾ ഒരിക്കലും തട്ടുകളുടെ ശ്രേണികൾ സൃഷ്ടിക്കാൻ പാടില്ല. എന്നാൽ മാനവരാശിയുടെ ഇതുവരെയുള്ള ജീവിതത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത് കൈയ്യൂക്കുള്ളവൻ കാര്യക്കാരനെന്ന പൊതു സമീപനത്തെയാണ്. വിജയിച്ചവന്റെ ചരിത്രമെഴുതുന്ന ലോകത്താണ് നാം ജീവിച്ചിരിക്കുന്നത്. അവിടെ നമുക്ക് എപ്പോഴും പ്രതിപത്തി മുന്നോട്ടു കുതിക്കുവാനും മുന്നിലെ തടസ്സങ്ങളെ നിഷ്കരുണം ഇല്ലാതാക്കുവാനോ ചവിട്ടിത്തെറിപ്പിക്കാനോ ഒക്കെയാകും. നമ്മെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു ലോകമാണ് നാമാഗ്രഹിക്കുന്നത് എന്നു തോന്നിപ്പിക്കുന്നു. ഇത്തരം സമൂഹത്തിലെ നാമിഷ്ടപ്പെടാത്ത, കണ്ടാലും മുഖം തിരിക്കുന്ന, നമ്മുടെ സഹതാപത്തിന് വേണ്ടി മാത്രമുള്ളതെന്ന് കരുതുന്ന അരികു ജീവിതങ്ങൾ ഉണ്ട്. അവയെ നമുക്കാവശ്യമുള്ളപ്പോൾ മാത്രം ഓർക്കുവാനായി നാം മാറ്റി വച്ചിരിക്കുന്ന മാനുഷികതയുടെ അടയാളവത്കരണ ഉത്പന്നങ്ങൾ ആണ്.
   
        പി.ഇ.ഉഷയുടെ "അരികു ജീവിതങ്ങൾ " 26 കുറിപ്പുകൾ ആണ്. അവയെ കുറിപ്പുകൾ എന്നു ലഘൂകരിക്കുന്നത് പോലും തെറ്റാണ് എന്നു പറയേണ്ടതുണ്ട്. കാരണം അവ പങ്കു വയ്ക്കുന്ന ബൃഹത്തായ ചില ചിന്തകളുണ്ട്. നമുക്ക് ഒരിക്കലും വേണ്ടാത്തതായി നാം കരുതുന്ന ചിന്തകൾ. ആദിവാസികൾക്കും, ഗോത്രവർഗ്ഗങ്ങൾക്കും ഇടയിൽ ജീവിതത്തിന്റെ നല്ല പങ്കും ചിലവഴിക്കുന്ന ചുരുക്കം ചില മനുഷ്യർ നമുക്കിടയിലുണ്ട്. ജീവിതത്തിൽ, സമൂഹത്തിന്റെ കുതിപ്പുകൾക്ക് ഒപ്പം സഞ്ചരിക്കാൻ കഴിയാതെ പകച്ചു നില്ക്കുന്ന മനുഷ്യർക്ക് ഊർജ്ജവും വെളിച്ചവും ആശ്വാസവും പകർന്നു നില്ക്കുന്ന ചില മനുഷ്യർ.! മനുഷ്യത്വരഹിതമായ ഒരു ലോകത്ത് ജീവിക്കേണ്ടി വരുന്ന പാർശ്വവത്കരിക്കപ്പെടുന്ന ഒരു ജനതയെ ജീവിത മത്സരത്തിൽ മുന്നേറാൻ പഠിപ്പിക്കുന്ന അത്തരം മനുഷ്യർ കൂടെയില്ല എങ്കിൽ എണ്ണയിട്ട ചക്രം പോലെ തിരിയുന്ന അധികാര യന്ത്രത്തിൽ കുടുങ്ങി അകാല ചരമം പ്രാപിച്ചു പോയേക്കും ആ ജനത.

      എഞ്ചിനീയറിംഗ് പഠിക്കാൻ പോയിട്ട് പാതി വഴിയിൽ പഠനം നിർത്തി കർണ്ണാടിക് സംഗീതവും മനസ്സിൽ ചേർത്തു പിടിച്ചു കൃഷിയിലേക്ക് ജീവിതം തിരിച്ചു വിട്ട യുവത്വത്തിനെ ഈ കുറിപ്പിൽ കാണാം. കാലങ്ങൾ എത്ര കഴിഞ്ഞിട്ടും ചേർത്തു പിടിക്കാനോ ഒപ്പം നടത്താനോ തയ്യാറാകാത്ത നഗരസന്തതികളുടെ മുന്നിൽ നിന്നും പരാജിതരായി തിരിച്ചിറങ്ങുന്ന യുവതയെ നമുക്കീ നൂറ്റാണ്ടിലും കാണാൻ കഴിയുന്നത് ഖേദകരമാണ്. ജയമോഹന്റെ നൂറുസിംഹാസനങ്ങൾ വായിക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിത്രമുണ്ട്. അതിലേക്ക് നടന്നു നീങ്ങാൻ ആഗ്രഹിക്കാത്ത അഭിമാനബോധമുള്ള ഒരു തലമുറയാണ് എന്ന് പറയാൻ കഴിയുന്നില്ല. കാരണം മറുവശത്തെ സമൂഹം ആ ഒരു പിന്മാറ്റം ആഗ്രഹിക്കുമ്പോൾ അതിനെ അനുവദിക്കുന്നതാണ് തെറ്റ് എന്നു കരുതുന്നതു കൊണ്ടു മാത്രം ആ യുവത ഒരിക്കലും തങ്ങളുടെ വിജയങ്ങളുടെ യാത്രകൾ പാതി വഴിയിൽ ഉപേക്ഷിക്കരുതെന്നു കൊതിച്ചു പോകുന്നു.

        മല്ലിക, ശോഭന, വേലമ്മ, പാപ്പമ്മ, കാടയമ്മ, നഞ്ചി,ഈശ്വരി ... തുടങ്ങി ഒരു ഡസൻ സ്ത്രീകളുടെയെങ്കിലും സ്ഥൈര്യത്തിന്റെയും , ഉറച്ച കാൽവയ്പ്പുകളിലൂടെ വെട്ടിപ്പിടിച്ച വിജയത്തിന്റെയും, മരണത്തിലും കീഴടങ്ങാത്ത അഭിമാനത്തിന്റെയും , വേദനകൾ തിന്നു മരണത്തെ പുൽകിയ നിസ്സഹായതയുടെയും , അതിജീവനത്തിന്റെയും നേർക്കാഴ്കൾ ഈ പുസ്തകം തരുന്ന വായനകളാണ്. അവയിൽ കലർപ്പുകളോ പൊടിപ്പും തൊങ്ങലുകളുമോ കണ്ടെത്താനാകില്ല. അവരിലെ സമരത്തെ ഉൾപ്പുളത്തോടെ കാണാനും അവരുടെ നോവിനെ അതേ തീവ്രതയോടെ അനുഭവിക്കാനും അതിനാൽത്തന്നെ വായനക്കാരനു കഴിയും. മദ്യത്തിന്റെ കൈകളിൽ പെട്ടു ദിശാബോധം നഷ്ടപ്പെട്ട തന്റെ സമൂഹത്തെ വേലമ്മയും പാപ്പമ്മയുമൊക്കെ വീണ്ടെടുത്ത വഴികൾ വളരെ യാഥാർത്യബോധവും ഉൾക്കാഴ്ചയുമുള്ള സ്ത്രീ മനസ്സിന്റെ സമരവീര്യവും ഉത്തരവാദിത്വബോധവും കാട്ടിത്തരുന്നുണ്ട്. സ്ത്രീ പരാജയപ്പെട്ടു പോകേണ്ടവൾ അല്ലെന്നു മല്ലികയും അമ്മയും പറഞ്ഞു തരുന്നതു അവരുടെ ജീവിതം കൊണ്ടാണ്. ജീവിതസമരത്തിൽ അമ്പേ പരാജയപ്പെട്ട ശോഭന എത്ര നിസ്സഹായയായിട്ടാണ് മരണത്തിലേക്ക് നടന്നു പോയത്  എന്ന് വായിക്കുമ്പോൾ ആ വെന്ത ശരീരഗന്ധം സ്വയം അനുഭവിക്കുന്ന ഒരവസ്ഥയുണ്ടാകുന്നു വായനക്കാരനിൽ .

         ഒരു പേരിലെന്തിരിക്കുന്നു എന്നല്ല പാർശ്വവത്കരിക്കപ്പെട്ടവന് ഒരു പേര് നല്കി അവനെ ഉദ്ദരിക്കാൻ ശ്രമിക്കുന്ന അധ്യാപക , അധികാര ചിന്തകളെ തുറന്നു കാട്ടുന്നുണ്ട് എഴുത്തുകാരി ചില അധ്യായങ്ങളിൽ. അതുപോലെ തന്നെ ഭൂമി സംരക്ഷണ നിയമത്തെ എങ്ങനെ മേലാളവർഗ്ഗം അട്ടിമറിച്ചുവെന്നതും അക്കമിട്ട് നിരത്തി കണ്ണു തുറപ്പിക്കാനുള്ള തീവ ശ്രമം കാണാൻ കഴിയും. ആദിവാസി സമൂഹത്തിന്റെ ഇടയിൽ താമസിച്ചു അവർക്കു വേണ്ടി പ്രവർത്തിച്ചു മരിച്ച ശ്രീധരനെപ്പോലുള്ള മനുഷ്യരെ ഒരു പക്ഷേ ചരിത്രം ഓർമ്മിക്കുക ഈ പുസ്തകത്തിലൂടെ ആയിരിക്കാം. ഓരോ മനുഷ്യനും ഒരു ദൗത്യം നിർവ്വഹിക്കേണ്ടവൻ ആണ്. അതവൻ കണ്ടെത്തി, അതിനായി പ്രവർത്തിച്ചാൽ മാത്രം മതിയാകും.

      പ്രകൃതിയോടുള്ള എഴുത്തുകാരിയിലെ പ്രണയം അക്ഷരങ്ങളിലൂടെ വെളിവാക്കുമ്പോൾ പോലും തന്നിലെ കവിയെ ഗൂഢമായി മറച്ചു പിടിക്കുന്നുണ്ട്. വരികൾ നല്കുന്ന സംഗീതം പരിസ്ഥിതിയുടെ സൗന്ദര്യം സ്വഭാവം, മഴയുടെ  സുഗന്ധം ഒക്കെ എത്ര ഹൃദ്യമായി എഴുതപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും മലമുകളിലെ മഴയെക്കുറിച്ചുള്ള ചിന്തകൾ വായിക്കുന്ന ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും മഴയെ മലമുകളിൽ പോയി അനുഭവിക്കാനും കാണാനും ആഗ്രഹിച്ചു പോകുന്ന തരത്തിൽ എഴുതി വരയ്ക്കുവാൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു. ഭാഷയെ വളരെ മനോഹരവും ഹൃസ്വവും ഒപ്പം തന്നെ അജീർണ്ണതകളില്ലാതെ പ്രയോഗിക്കുവാനും കഴിഞ്ഞു. അരികു ജീവിതങ്ങളെ അടുത്തറിയാനും തുറന്ന ചർച്ചകൾക്ക് തുടക്കമിടാനും വളരെ പ്രയോജനകരമായ ഒരു വായന നല്കും ഈ പുസ്തകം എന്ന് വിശ്വസിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment