ഹൃദയം പറയാതെ പോയത്.
..............................................
എല്ലാം നല്കി നീ മറഞ്ഞുവെന്നാകിലും
എല്ലാം മറന്നു നീ പോകുന്നതറിയാതെ
ഇന്നീ പകലിന്റെ പൊരിവെയിലിലൊറ്റക്ക്
നിന്നെ പ്രതീക്ഷിച്ചു ഞാൻ നില്പതെന്തിത്?
സ്വപ്നങ്ങളായിരുന്നെന്നു നീ പറയവേ
സ്വപ്നമല്ലാതൊന്നുമില്ലന്ന് കരുതാമോ?
അന്നാദിനം ,നമ്മളാദ്യമായ് കണ്ടപ്പോൾ
ചുണ്ടിണ ചുവന്നതും നീ ഭയന്നൊളിച്ചതും.
പിന്നെയും വന്നു നീയെൻ മുന്നിലില്ലയോ
ഉമ്മകൾ നല്കി ഞാനാപാദചൂഡവും.
കൊണ്ടു പോയാവഴികളെല്ലായിടവും നീ
ചൊന്നതില്ലൊന്നും എനിക്കുള്ളതല്ലെന്ന് .
എത്രയെളുപ്പം മറക്കാൻ കഴിയുന്നു നാം
എത്ര വേഗത്തിൽ അപരിചിതരാകുന്നു.
നല്കിയ വാഗ്ദാനം ഒക്കെയും മറന്നൊരു
കുറ്റബോധം പോലും ഇല്ലാതെയിന്നു നീ.
ഇല്ലെനിക്കൊന്നുമേയെന്നു പറഞ്ഞന്ന്
പോയതാണിരുവരും രണ്ടു വഴികളിൽ.
തിരികെ,നീ നല്കിയ വാക്കിൻ ബലത്തി -
ലേറി ഞാൻ വന്നതാണോർമ്മയില്ലെങ്കിലും.
വേണ്ടായിരുന്നെന്നെ തിരികെ വിളിച്ചതും
പ്രണയമാണെന്നന്നു വിങ്ങിപ്പറഞ്ഞതും.
ഓർത്തു ഞാൻ നീറുന്നിപ്പോഴെൻ ശൂന്യമാം
രാവുകളിൽ നിത്യവും നീയറിയില്ലെങ്കിലും.
........ ബിജു. ജി. നാഥ്. വർക്കല
No comments:
Post a Comment