Sunday, January 13, 2019

ഒരു സങ്കീര്‍ത്തനം പോലെ...............പെരുമ്പടവം ശ്രീധരന്‍


ഒരു സങ്കീര്‍ത്തനം പോലെ (നോവല്‍)
പെരുമ്പടവം ശ്രീധരന്‍
സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്
വില :200 രൂപ


"നിനക്കറിയില്ല കുട്ടീ എത്ര ദൂരം താണ്ടിയാണ് ഞാനിവിടെയെത്തിയതെന്നു ..എന്തെല്ലാം അനുഭവിച്ചാണ് ഞാനിവിടെ എത്തിയതെന്ന് . എത്ര കുരിശുമരണങ്ങള്‍ ....ഞാനുഭവിച്ച ദുരന്തങ്ങളെ ക്കുറിച്ച് പറയുമ്പോള്‍ ആ വാക്കാണ്‌ യോജിക്കുന്നത്."

               ലോക സാഹിത്യങ്ങളില്‍ നമ്മെ ആകര്‍ഷിക്കുന്ന എല്ലാ കൃതികളും ആ ആകര്‍ഷണം നിലനിര്‍ത്തുന്നത് അതിന്റെ അവതരണ ശൈലി കൊണ്ടും അതിലൂടെ വായനക്കാരെ കൈയ്യിലെടുക്കാനുള്ള കഴിവും കൊണ്ട് മാത്രമാണ് . എത്ര കഥയില്ലായ്മയിലും ഈ കഴിവുകള്‍ വശത്തായ ഒരെഴുത്തുകാരന് വളരെ എളുപ്പം തന്റെ കൃതി ജനമനസുകളില്‍ പതിപ്പിക്കാന്‍ അനായാസം കഴിയും. കഥയില്ലായ്മ അങ്ങനെയെങ്കില്‍ കഥ കൂടി ഉണ്ടെങ്കില്‍ എന്താകും അവസ്ഥ . ആ കഥയ്ക്ക് വായനക്കാരനിലേക്ക് ഇറങ്ങി ചെല്ലാനും അവനാണോ അതെന്നു തോന്നിപ്പിക്കാനും കഴിയുക കൂടി ചെയ്താലോ? എഴുത്തുകാരന്‍ പലപ്പോഴും തന്നില്‍ നിന്നും ഇറങ്ങിപ്പോവുകയും അവിടേക്ക് കഥാപാത്രം കടന്നു വരികയും ചെയ്യുന്നത് വായനക്കാര്‍ ഒരുപാട് വട്ടം അനുഭവിച്ചതാണ്‌ . അത്തരം സ്വകീയതയില്‍ നിന്നുകൊണ്ടുള്ള കഥാ വികാസം വളരെ മനോഹരമായ വായനകള്‍ നല്‍കുന്നതുമാണ് . രണ്ടാമൂഴത്തില്‍ നാമത് കണ്ടതായിരുന്നു . പാണ്ഡവപുരത്തിലും ഈ ഒരു പരകായപ്രവേശത്തെ കണ്ടു . ആരാച്ചാരിലും ഇത് പ്രകടമായിരുന്നു . വായനയുടെ രസചരട് പൊട്ടാതെ ഇങ്ങനെ നിര്‍ത്താന്‍ കഴിയുക എന്നത് എഴുത്തിന്റെ മര്‍മ്മം അറിയാവുന്നവര്‍ക്കെ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുകയുള്ളൂ .
                  'ശ്രീ പെരുമ്പടവം ശ്രീധരന്‍' എഴുതിയ "ഒരു സങ്കീര്‍ത്തനം പോലെ" എന്ന നോവല്‍ വായിക്കുമ്പോള്‍ പലപ്പോഴും കഥാപാത്രത്തെ നോക്കി നില്‍ക്കേണ്ടി വന്നുപോയി . ഒരെഴുത്തുകാരന് മാത്രമേ മറ്റൊരു എഴുത്തുകാരനെ മനസ്സിലാകുകയുള്ളൂ. അവന്റെ ആത്മാവ് കാണാന്‍ കഴിയുകയുള്ളൂ . അവനെ സത്യസന്ധമായി  അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ നോവല്‍ വിഖ്യാത എഴുത്തുകാരനായ ദസ്തയോവിസ്കിയുടെ ജീവിതം ആണ് . നോവലെഴുത്തുകാരന്റെ നോവുന്ന ജീവിതം പച്ചയായ് ആവിഷ്കരിക്കുന്ന നോവല്‍. ദസ്തയോവസ്കി എന്ന വിഖ്യാതനായ എഴുത്തുുകാരൻ ഒരു ചൂതാട്ടക്കാരനും മദ്യപാനിയും ആയ ദരിദ്രന്‍ ആണ് . ഒരുപാട് കടമകളും കടപ്പാടുകളും നിറഞ്ഞ ജീവിതം . മറ്റുള്ളവര്‍ക്ക് വേണ്ടി , തന്റെ ജീവിതത്തെ ദാരിദ്ര്യമാക്കിയവന്‍ എന്നു പറയാമോ എന്നറിയില്ല കാരണം അദ്ദേഹം മറ്റുള്ളവരെ സഹായിച്ചതിലും അധികം നഷ്ടപ്പെടുത്തിയത് മദ്യപാനത്തിനും ചൂതാട്ടതിനും ആയിരുന്നു എന്ന് കാണാം . അങ്ങനെ കടത്തിലും മാനസിക സംഘര്‍ഷത്തിലും നില്‍ക്കുന്ന ദസ്തയോവസ്കിയെ ഒരു പബ്ലീഷര്‍ കുരുക്കിലാക്കുന്നു . നവംബര്‍ ഒന്നിന് മുന്നേ ഒരു നോവല്‍ എഴുതി കൊടുത്തില്ല എങ്കില്‍ ഇന്നുവരെ എഴുതിയതും ഇനി എഴുതാന്‍ പോകുന്നതും എല്ലാം തന്റെ സ്വന്തമാകും എന്നൊരു കരാറില്‍ ഒപ്പിടുവിച്ചു മൂവായിരം റൂബിള്‍ നല്‍കി. പതിവുപോലെ പണം ചൂതാട്ട കേന്ദ്രത്തില്‍ തീര്‍ത്ത ദസ്തയോവസ്കി ഇനി എന്ത് എന്ന ചിന്താക്കുഴപ്പത്തില്‍ ആയി . സമയം അടുത്തു വരികയും തന്റെ നോവല്‍ തുടങ്ങുക പോലും ചെയ്യുകയും ചെയ്യാന്‍ കഴിയാതെ നിരാശനായി അലയുന്ന അദ്ദേഹം ഒടുവില്‍ ഒരു സ്റ്റെനോയുടെ സഹായം തേടാനും നോവല്‍ എഴുതി പൂര്‍ത്തിയാക്കാനും തീരുമാനിക്കുന്നു .
                     ഈ ആവശ്യത്തിലേക്കായാണ് അന്ന എന്ന ഇരുപതുകാരി , ദസ്തയോവസ്കിയുടെ വീട്ടിലേക്ക് കടന്നുവരുന്നത്. തന്റെ ജീവിതം കടന്നു പോകാന്‍ പോകുന്ന അവസ്ഥകളെക്കുറിച്ച് ഒന്നും അറിയാതെ അവള്‍ നോവല്‍ എഴുത്തിന്റെ സഹായം വാഗ്ദാനം ചെയ്യുന്നു . ഒരു തുക നിശ്ചയിക്കപ്പെട്ട അവളുടെ ദിനങ്ങള്‍ നോവല്‍ എഴുതുന്നതിലേക്ക് കടക്കുമ്പോള്‍ തന്നെ കല്ലുകടി അനുഭവപ്പെടുന്നു. ചുഴലി ദീനക്കാരനും , ദേഷ്യക്കാരനുമായ നോവലിസ്റ്റിന്റെ അയാളറിയാത്ത ആരാധികയായ അന്ന, പതിയെ പതിയെ അയാളുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യക്കാരിയുടെ തലത്തിലേക്ക് നീങ്ങാന്‍ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട് . എങ്കിലും ചില അവസരങ്ങളില്‍ ഒക്കെ അവളുടെ വാശിക്കു മുന്നില്‍ അയാള്‍ വഴങ്ങിക്കൊടുക്കുന്നുണ്ട്. അവളുടെ നിര്‍ബന്ധവും , വാശിയോടുള്ള രണ്ടുപേരുടെയും ശ്രമവും നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നു . ഒപ്പം നോവലിസ്റ്റിലെ യഥാര്‍ത്ഥ മനുഷ്യനെ അന്ന  അറിയുകയും ചെയ്യുകയാണ്. ജീവിതത്തില്‍ പ്രണയവും , ദുരന്തങ്ങളും ദാരിദ്ര്യവും കടവും രോഗവും ചൂതാട്ടവും കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരാള്‍ . തന്റെ അക്ഷരങ്ങളില്‍ ഒരിക്കലും തന്നെയോ തന്റെ ജീവിതത്തെയോ അല്ലാതെ ഒന്നും പറയാന്‍ ഇല്ലാതെ പോയ മനുഷ്യന്‍ . അയാള്‍ എഴുതിയതൊക്കെയും തന്നെത്തന്നെയായിരുന്നു എന്ന അന്നയുടെ കണ്ടെത്തല്‍ ആണ് അദേഹത്തിന് അന്നയോടു  കൗതുകവും ഇഷ്ടവും വിശ്വാസവും ഉണ്ടാക്കിയ വിഷയം. പതിയെ പതിയെ എഴുത്തുകാരന്‍ തന്റെ മനസ്സിലെ പ്രണയം അന്നയോടു പറയുന്നു. തുടര്‍ന്ന് വളരെ മനോഹരമായി നോവലിസ്റ്റിന്റെ പ്രണയവും ജീവിതവും കടമകളും എങ്ങനെ രണ്ടുപേരും ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നു എന്നും നോവലിസ്റ്റിന്റെ മനസ്സ് എങ്ങനെ അന്ന മനസ്സിലാക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്നു എന്നതും പെരുമ്പടവം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കുറിച്ചിടുന്നു.
ഒറ്റയിരുപ്പില്‍ വായിച്ചു പോകാവുന്ന ഒരു നോവല്‍ എന്നതിനപ്പുറം വായിച്ചു കഴിയുമ്പോള്‍ കഥാപാത്രങ്ങള്‍ ഉള്ളില്‍ കൂട് കൂട്ടുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. വായനയില്‍ റിക്കോർഡിട്ട  ഒരു പുസ്തകം എന്ന നിലയില്‍ ഈ പുസ്തകത്തിനെ കുറിച്ച് അധികം പറയുന്നത് പൊന്‍ നൂലില്‍ വാഴനാര് കൂട്ടിക്കെട്ടുന്നതു പോലുള്ള  ഒരു പ്രക്രിയയായിടും എന്നതിനാൽ അധികം വിസ്താരം നല്‍കാന്‍ കഴിയുന്നില്ല . വായനയുടെ ഏതൊക്കെയോ തലങ്ങളില്‍ നോവലും കഥാപാത്രങ്ങളും വായനയാണെന്നു മറന്നു നോവലിസ്റ്റ്, എന്നെ എങ്ങനെ അറിയുന്നു എന്ന അവസ്ഥയിലേക്ക് നയിച്ച്‌ എന്നതാണ് ഈ വായന എനിക്ക് നല്‍കുന്ന അനുഭവം എന്ന് മാത്രം പറഞ്ഞുകൊണ്ട് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

No comments:

Post a Comment