ജനിതകം
(നോവൽ)
എം
സുകുമാരൻ
എച്ച് & സി ബുക്സ്
വില: 50 രൂപ
ചിലപ്പോഴൊക്കെ
വായന, പ്രതീക്ഷകളെ അപ്പാടെ
മാറ്റിമറിച്ചു കൊണ്ട് നിരാശ നല്കും. കാതലായ വായനകൾ ചിലരുടെ എഴുത്തുകളിൽ നിന്നും
വായനക്കാർ പ്രതീഷിക്കുന്നത് തീർച്ചയായും അവരുടെ മറ്റു സംഭാവനകളെ
വിലയിരുത്തിക്കൊണ്ടാകും. എം സുകുമാരൻ എഴുതിയ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച “ജനിതകം”
എന്ന ചെറു നോവൽ വായനക്കെടുക്കുമ്പോൾ ഒരു പാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.
എഴുത്തിന്റെ വേറിട്ട രീതികൾ കൊണ്ട് പുതുമയുള്ള എന്തെങ്കിലും ലഭിക്കും എന്ന
പ്രതീക്ഷ. സ്ഥിരം എഴുത്തുകാരുടെ പ്രധാന രചനകൾ എല്ലാം പങ്കുവയ്ക്കുന്ന ആശയപരമായ
പ്രണയത്തിന്റെ അച്ചുകൂടത്തിൽ തന്നെയാണ് എന്നാൽ ഈ നോവലും നിലകൊള്ളുന്നത്.
കമ്യൂണിസ്റ്റ് ആദർശത്തെ വള്ളി പുള്ളി തെറ്റിക്കാതെ
ജീവിക്കുന്ന ഭാസ്കരൻ നായരും ഭർത്താവിനൊപ്പം ജീവിച്ചു തുടങ്ങിയതോടെ കമ്യൂണിസ്റ്റു
പ്രവർത്തകയായി മാറിയ ഒളിച്ചു മാത്രം ദൈവഭക്തി കാട്ടുന്ന ഭവാനിയമ്മയും തികഞ്ഞ ഭക്തയും
എന്നാൽ അച്ഛന്റെ രാഷ്ട്രീയാദർശങ്ങളെ ഇഷ്ടപ്പെടുകയും കാമുകന്റെ രാഷ്ട്രീയ ചിന്തകളെ
വിമർശിക്കുകയും ചെയ്യുന്ന സുചിത്രയും കാലഹരണപ്പെട്ട നക്സൽചിന്തകളെ ഇപ്പഴും
രക്തത്തിൽ അലിയിച്ചു ചേർത്ത് അവയെ കവിതകളിലൂടെ പ്രവഹിപ്പിക്കുന്ന കവിയായ
ഗോകുലനെന്ന ഗോകുലകുമാരൻ നായരും ചേർന്നു ഈ നോവലിനെ മുന്നോട്ട് നടത്തുന്നു.
ആദർശവിവാഹത്തിലൂടെ കുടുംബ ജീവിതത്തിലേക്കു കടന്നുവന്ന
ഭാസ്കരൻനായർ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ചില ഇടപാടുകളിൽ ചിലപ്പോഴൊക്കെ ഖിന്ന
ചിത്തനാകുന്നുണ്ട്. എങ്കിലും കുടുംബവും ആദര്‍ശവും തമ്മില്‍ ചേരായ്മ
വരാതെയിരിക്കാന്‍ വേണ്ടിയുള്ള ജാഗ്രത ഇപ്പോഴും അദ്ദേഹം കാണിക്കുന്നു. ഭർത്താവിന്റെ കൂടെ കൂടിയതോടെ പാർട്ടി
പ്രവർത്തനങ്ങളിൽ സജീവമാകുകയും പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും
ചെയ്യുന്ന അമ്മയും, മുഴുവൻ സമയ പ്രവർത്തകനായ അച്ഛനും സുചിത്ര
എന്ന മകൾക്ക് വേണ്ടത്ര വാത്സല്യം പകർന്നു നല്കാൻ കഴിയാതെ പോയപ്പോൾ
വീട്ടുവേലക്കാരിയും മുത്തച്ഛനും ആണ് സുചിത്രയെന്ന കുട്ടിയെ മോൾഡ്
ചെയ്തെടുക്കുന്നത്. അവളുടെ ജീവിതത്തിലേക്ക് നിയമ കോളേജിൽ വച്ചാണ് ഗോകുലൻ എന്ന
വിപ്ലവകവി ചേക്കേറുന്നത്. ഒരു നക്സൽ ആയിരുന്ന പിതാവും, കുഞ്ഞായിരിക്കുമ്പോൾ
തന്നെ ആത്മഹത്യ ചെയ്ത അമ്മയും കൂടി അനാഥനാക്കിയ ഗോകുൽ ഒരു റിബലായി വളർന്നു
വന്നതാണ് എന്ന് കാണാം. തന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ മാത്രം ,
മിടുക്കനായിട്ടും എല്ലായിടങ്ങളിലും തിരഞ്ഞെടുക്കപ്പെടുമ്പോഴും
അധികനാൾ ഒരിടത്തും തങ്ങാൻ കഴിയാതെ ഇറങ്ങിപ്പോകുന്ന ഒരു മനുഷ്യൻ. സ്വതന്ത്രമായി
എഴുതിയും അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനവും , ആവശ്യപ്പെടുമ്പോഴൊക്കെ
സുചിത്ര നല്കുന്ന സാമ്പത്തിക വായ്പകളും കൊണ്ട് അയാൾ ജീവിതം മുന്നോട്ടു
നയിക്കുന്നു.
ഒരിക്കൽപ്പോലും അയാൾക്ക് അവളോട് പ്രണയമോ ,വിവാഹചിന്തയോ
ഉദിക്കുന്നില്ലെങ്കിലും അവൾ അത് സ്വപ്നം കാണുന്നു. അയാളുടെ കവിതകളെയെല്ലാം തന്നെ
അതിനിശിതമായി വിമർശിക്കുന്ന ഒരാൾ എങ്കിലും അവളെ അയാൾക്ക് ഇഷ്ടമാണ്
പക്ഷേ. ഒടുവിൽ, വീട്ടുകാരുടെ മുന്നിൽ അയാളെത്തന്നെ വിവാഹം
കഴിക്കണം എന്ന വാശിയെടുത്ത് സമ്മതം വാങ്ങി അയാളുടെ അടുത്ത് ചെന്ന് അവൾ പറയുന്ന
വാക്കുകൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു കൊണ്ട് നീയെന്റെ സൗഹൃദങ്ങളിൽ ഒരാൾ
മാത്രമാണെന്ന് പറഞ്ഞു കൊണ്ട് അയാൾ ആ നഗരം വിടുന്ന വാർത്ത അറിയിക്കുന്നു. മനസ്സു
തകർന്ന സുചിത്ര വീട്ടിലെത്തി അയാൾ പോയ വിവരം പറയുമ്പോൾ അച്ഛനുമമ്മയും
സന്തോഷിക്കുന്നു. അവൾ തന്റെ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ
കണ്ണുകൾ പൂട്ടി ധ്യാനത്തിലിരിക്കുമ്പോൾ ആരോ പൊട്ടിച്ചിരിക്കുന്ന ഒച്ച അവളെ
ഞെട്ടിക്കുന്നു. പിന്നൊരിക്കലും കണ്ണുപൂട്ടി പ്രാർത്ഥിക്കാൻ അവൾക്കാകുന്നില്ല.
ഈ നോവലിൽ പറഞ്ഞു പതം വന്ന കമ്യൂണിസ്റ്റ് ചിന്തകളും അവയുടെ
വാഴ്ത്തലുകളും അവയിലെ അപചയങ്ങൾ തൊട്ടു നോക്കാതെ , കമ്യൂണിസം
ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ വസ്തുതകളെ തൊട്ടു പോകുകയും ചെയ്യുന്ന കാഴ്ചകൾ
ആണ് വായനയിൽ തടയുന്നത്. ഒരു കഥാപാത്രത്തെക്കൊണ്ട് മറ്റു കഥാപാത്രത്തെ
അവതരിപ്പിക്കാനും മനസ്സിലാക്കിക്കാനുമുള്ള രീതിയാണ് ആഖ്യായനശൈലി. ഇതിൽക്കൂടി കഥ
പറയാനുള്ള കഥാപാത്രങ്ങളുടെ വ്യഗ്രത പ്രകടമാക്കുന്ന സന്ദർഭങ്ങൾ പലപ്പോഴും
കൃത്രിമമായി അനുഭവപ്പെട്ടു. ഭാഷയുടെ ലാളിത്യം സാധാരണ താത്വിക ചിന്താപരമായ
ഭാഷാപ്രയോഗങ്ങൾ ഇല്ലാതെ വായിക്കാൻ സാധിപ്പിച്ചു എന്നത് മറച്ചുവയ്ക്കാൻ കഴിയില്ല.
പുതുമയൊന്നും ഇല്ലാതെ ഒരു ചെറുകഥയായി വായിക്കാവുന്ന ഒരു കഥയെ പറഞ്ഞു പരത്തി
നോവലാക്കി എന്നതാണ് ഈ വായന തന്ന കാഴ്ച.
ആശംസകളോടെ
ബി.ജി.എൻ വർക്കല
No comments:
Post a Comment