Thursday, January 24, 2019

വേരിന് രണ്ടറ്റമുണ്ട് ................... കെ ആര്‍ രഘു


വേരിന് രണ്ടറ്റമുണ്ട് (കവിതകള്‍ )
കെ ആര്‍ രഘു
അടയാളം പബ്ലിക്കേഷന്‍സ്
വില : 380 രൂപ


            കവിതകള്‍ സംവദിക്കേണ്ടത് കാലത്തോടാണ്. കാലം ഓര്‍ത്ത്‌ വച്ച് കൈമാറേണ്ട ഒന്നാണ് കവിത. അതിനു വേണ്ടത് ഉള്‍ക്കാഴ്ചയും കവിതകള്‍ എന്താണ് പറയേണ്ടത് എന്ന ബോധവും ആകണം. നമുക്ക് പറയാനുള്ളത് ഒരു സമൂഹത്തോടാണ്. ആ സമൂഹം അതെങ്ങനെ ഉള്‍ക്കൊള്ളണം അത് എന്നത് അതിന്റെ ആശയത്തോട് ചേര്‍ന്ന് മാത്രമേ നിര്‍വചിക്കാന്‍ കഴിയൂ . അതിനു ഏറ്റവും വലിയൊരു സമകാല ഉദാഹരണം ആണ് ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്റെ പ്രസിദ്ധമായ "ഇനിവരുന്നൊരു തലമുറയ്ക്ക്" എന്ന് തുടങ്ങുന്ന കവിത. അതൊരു കാലത്തിന്റെയാണ് എന്നല്ല പറയേണ്ടത് വരും കാലത്തിന്റെയാണ് . അതുപോലെയാണ് സമകാലിക സംഭവങ്ങളെ അടയാളപ്പെടുത്തുന്ന നിശബ്ദനായ കവി സുധീര്‍ രാജിന്റെ വരികളും . അതിനെ ഇന്ന് പാർശ്വവത്ക്കരിക്കാൻ വേണ്ടി മാത്രം ദളിത് കവിത എന്നൊരു ഫോര്‍മാറ്റില്‍ ഒതുക്കാന്‍ നടക്കുന്ന സംഘടിത ശ്രമം ചിലതൊക്കെ വ്യക്തമാക്കുന്നുണ്ട്. "ബേന്‍ചോദ് കീ കാലീ ഫൂല്‍ " എന്ന് കവി എഴുതുമ്പോള്‍  അതുകൊണ്ട് തന്നെ ആ കറുപ്പ് , ദളിത്‌ എന്നൊരു സത്വത്തില്‍ നിര്‍ത്തി വായിക്കണമെന്ന ശാഠ്യം അതുകൊണ്ടാണ് . കറുപ്പ് എന്നാല്‍ ദളിത് എന്നൊരു ബോധം സമൂഹം ഉറപ്പിച്ചു പിടിപ്പിക്കുന്നത്  കൊണ്ടാണത്.  കവിതകള്‍ പലപ്പോഴും കൊണ്ടു വരുന്നൊരു പൊതുബോധം ഉണ്ട് . അത് ജനമനസ്സിനെ ചിന്തിക്കാന്‍ മാത്രമല്ല ചിലപ്പോഴൊക്കെ പ്രതിഷേധിക്കാന്‍ കൂടി പ്രാപ്തമാക്കുന്നുണ്ട്. ഈ ട്രെന്‍ഡ് മനസ്സിലാക്കിയ ചില ഓണ്‍ലൈന്‍ കവികള്‍ എല്ലാ പ്രധാന സാമൂഹ്യ വിഷയങ്ങളിലും അവതരണ ഗാനങ്ങള്‍  എഴുതി അവയെ വീഡിയോ ആക്കി ചൊല്ലി അവതരിപ്പിച്ചു എങ്ങനെയും പ്രശസ്തി നേടണം എന്നൊരു ആഗ്രഹത്തില്‍ കവിയാകാന്‍ ശ്രമിക്കുന്നതും ഇന്നിന്റെ കാഴ്ചയാണ് . കുരീപ്പുഴയും , സച്ചിദാനന്ദന്‍ മാഷുമൊക്കെ കവിതകള്‍ എഴുതിയിരുന്നത് കാലത്തിനോടുള്ള ചോദ്യങ്ങള്‍ എന്ന രീതിയില്‍ ആയിരുന്നു. അവ അതിനാല്‍ തന്നെ ആധുനിക കാവ്യ ശാഖയില്‍ മുന്നില്‍ നിര്‍ത്തി സംസാരിക്കാന്‍ പര്യാപ്തമാക്കുന്ന ഒന്നായി നില്‍ക്കുന്നു. 
“ഒരു കവിയുടെ ആത്മഹത്യ 
അയാളുടെ അവസാനത്തെ കവിതയാണ്.”(അന്ത്യ സന്ദേശം) 
എന്ന് സച്ചിദാനന്ദന്‍ മാഷ്‌ പറയുമ്പോള്‍ അതില്‍ വാസ്തവികതകള്‍ ഏറെ ഉണ്ടാകുന്നുണ്ട്.  
            ഇത്തരം കവിതകളുടെ വസന്തവും വരള്‍ച്ചയും സംഭവിക്കുന്ന മലയാള ഭാഷയുടെ ഇടത്താണ് കെ ആര്‍ രഘു എന്ന കവിയുടെ കവിതകള്‍ കവിതാസ്വദകരുടെ മനസ്സിലേക്ക് കടന്നു വരുന്നത്.  ചെറിയ ചെറിയ വരികള്‍ കൊണ്ട് വലിയ ചിന്തകള്‍ ഉന്നയിപ്പിക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു കവിയാണ്‌ കെ ആര്‍ രഘു എന്ന് “വേരിന് രണ്ടറ്റമുണ്ട്” എന്ന കവിതയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന , അതിമനോഹരങ്ങള്‍ ആയി അനുഭവപ്പെടുന്ന കവിതകളുടെ ഒരു ശേഖരണം ആണ് ഈ സമാഹാരം. എടുത്തു പറയേണ്ടത് ഈ പുസ്തകത്തിന്റെ പ്രിന്റിംഗ് , ഡിസൈന്‍ എന്നിവയാണ്. കവിതകളെ പെറുക്കി വച്ച രീതിയും , അവതരണവും വളരെ പ്രശംസനീയം ആണ്. അതുപോലെ നല്ലൊരു എഡിറ്റര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന വസ്തുതയായി മനസ്സിലാക്കാന്‍ കഴിയുന്നു.
            സമൂഹത്തിലെ എല്ലാ വിഷയങ്ങളെയും കവി ഇതില്‍ പരിഗണിക്കുന്നുണ്ട്. അവയൊക്കെയും പക്ഷെ ഒരു നേര്‍രേഖപോലെ തുറന്നു പറച്ചിലുകള്‍ ആയല്ല എന്നതാണ് അതിന്റെ പ്രത്യേകതയും . സൂചകങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍ നല്‍കുന്ന വായനാ സുഖം മനസ്സില്‍ കുത്തിക്കയറുന്ന ചിന്തകള്‍ ഇവയൊക്കെ കവിയുടെ കാവ്യരീതിയുടെ പ്രത്യേകതകള്‍ തന്നെയാണ് . അവതാരികയില്‍ കെ ഇ എന്നും കുരീപ്പുഴയും എടുത്തു പറയുന്നതും ഇവയൊക്കെ തന്നെയാണ് . വിശദമായ ഒരു പഠനവും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഒട്ടുമിക്ക കവികളുടെയും ആശംസകളും ആസ്വാദനങ്ങളും കൂടി ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . സര്‍വ്വസമ്മതനായ ഒരു കവിയായി കെ ആര്‍ രഘു നില്‍ക്കുമ്പോള്‍ കവിതകള്‍ അഹങ്കരിക്കുകയാണെങ്കില്‍ അത് അനുവദിച്ചുകൊടുക്കുക തന്നെ വേണം. രണ്ടു വരി എഴുതി നൂറു പേര്‍ ലൈക് ചെയ്താലുടന്‍ പ്രൊഫൈലില്‍ കവി എന്നും എഴുത്തുകാരന്‍ എന്നും എഴുതി ഒട്ടിച്ചു ഇനി എനിക്ക് ശേഷം പ്രളയം എന്ന് കരുതി ഇരിക്കുന്ന കവികള്‍ക്കല്ല കെ ആര്‍ രഘുവിനെപ്പോലുള്ള ഇരുത്തം വന്ന കവികള്‍ക്കാണ് ആ ലേബല്‍ നെറ്റിയില്‍ ഒട്ടിക്കാന്‍ അര്‍ഹത എന്ന് കരുതിപ്പോകുന്നത് സ്വാഭാവികം.
            സമൂഹത്തില്‍ പക്ഷെ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ ആകുലതകള്‍ കവിയും അനുഭവിക്കുന്നുണ്ട് . അതിനാലാകണം
“മുറിവെല്ലാം പിന്നില്‍ നിന്നാണ്
മുന്നില്‍ വന്നയക്കണേ
അവസാനത്തെ
അമ്പെങ്കിലും...” 
എന്ന് നെഞ്ചു നീറി പറയേണ്ടി വരുന്നത് കവിക്ക്‌ . ജീവിതത്തെ നോക്കി കാണുന്ന അതേ മനസ്സ് തന്നെയാണ് സമൂഹത്തെ നോക്കിക്കാണുമ്പോള്‍ കൂടി കവിയില്‍ നിഴലിക്കുന്നത്. സാര്‍വ്വജനികമായ  ഒരു ലോകത്തില്‍ മാത്രമേ ശാശ്വതമായ ശാന്തി ലഭിക്കൂ എന്ന് കവി മനസ്സിലാക്കുന്നു .
“ആശുപത്രി വരാന്തയില്‍ ഓടിക്കളിക്കുന്ന കുട്ടികളെ
ഒരു ഗര്‍ഭിണി വാത്സല്യത്തോടെ
വായിക്കുന്നു...
അവളുടെ പേര് ഗുജറാത്ത്” 
എന്ന വരികളില്‍ നിറഞ്ഞു കിടക്കുന്നൊരു മൗനം ഉണ്ട്. അത് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാലം ഉണ്ട് . ക്രൂരമായ നരഹത്യകളുടെ ഇരുണ്ട രാപ്പകലുകളെ ഇന്നും ഭയത്തോടെ ഓര്‍ക്കുന്ന ഒരു സമൂഹവും. എന്തുകൊണ്ടും ആ കാഴ്ചയെ ഇങ്ങനെയല്ലാതെ എങ്ങനെ ആണ് ഒരു കവിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയുക. പരത്തിപ്പറഞ്ഞു  കണ്ണീര്‍ സീരിയലുകള്‍ സൃഷ്ടിക്കല്‍ അല്ല കവിത എന്ന് കവി സ്നേഹപൂര്‍വ്വം നമ്മെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് ഈ വരികള്‍ കൊണ്ട് . മറ്റൊരിടത്തു കവി വളരെ വ്യക്തമായി സമൂഹത്തില്‍ പ്രത്യേകിച്ച് ഗ്രാമീണ ജീവിതത്തില്‍ കണ്ടു വരുന്ന ഒരു മാനസിക രോഗത്തെ വിലയിരുത്തുന്നത് എങ്ങനെ എന്ന് കാണാം.
“ അഴയില്‍ കണ്ടാല്‍
പക്ഷിയിരിക്കും
തറയില്‍ വിരിച്ചാല്‍
പട്ടി കടിക്കും
ഇരുളും മുമ്പിതെടുത്തിട്ടില്ലെങ്കില്‍
വഴിയോരയാത്രക്കാര്‍ പൊക്കിയെടുക്കും
നാളെ വെളുപ്പിന്
ചേറു പുരട്ടി
വീമ്പു പറഞ്ഞു രസിക്കും
പെണ്ണെ ...
വാര്‍ത്തയടിച്ചു പതയ്ക്കും
ചായക്കടയില്‍ ...” 
     തീര്‍ച്ചയായും അടിവസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കാകുമ്പോള്‍ അതിനു സ്വകാര്യത എങ്ങും ലഭിക്കുന്നില്ല. അത് പകല്‍ മാത്രമല്ല രാത്രിയും ഗുപ്തമാക്കി വയ്ക്കേണ്ട ഒരു അവസ്ഥയാണ് ചില മനുഷ്യര്‍ മൂലം സംഭവിക്കുനത്. ഉറക്കെ പറയാന്‍ കഴിയാത്ത കാര്യങ്ങളെ ഒരിക്കലും ഒളിച്ചു വയ്ക്കാതിരിക്കാന്‍ കവി വളരെ ശ്രദ്ധിക്കുന്നുണ്ട്. പറയേണ്ടത് പറഞ്ഞു തന്നെ തീരണം. പകരം ശോക കവിതകളും പ്രണയകവിതകളും എഴുതി അനുവാചകരെ പാട്ടിലാക്കി 'കഷ്ടം' പറയുക അല്ല കവിതയുടെ ലക്‌ഷ്യം എന്ന് കവി ഓര്‍മ്മപ്പെടുത്തുന്നു . പ്രാദേശികവും ദേശീയതയും കടന്നു കവി സഞ്ചരിക്കുന്നത് ഒരിക്കലും ഒരു സാമൂഹിക ജീവി പൊതുവായ ഒരു ഇടത്തില്‍ ഒറ്റപ്പെട്ടു കിടക്കരുതെന്നൊരു പാഠം നല്‍കുന്നുണ്ട് .
“മകനെ....
വിദൂരദേശങ്ങളിലായിരുന്ന
നിന്റെയും എന്റെയും ഭാഷയില്‍
സമാനതകളുള്ള
ചില അക്ഷരങ്ങള്‍ ഉണ്ടല്ലോ , ഐലന്‍ ....” 
എന്ന് കവി പറയുമ്പോള്‍ വായനക്കാരന്‍ അതിനാല്‍ തന്നെ ആ ഒരു ലോകമേ തറവാട് എന്ന ചിന്തയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് അറിയാതെ തന്നെ . സഹജീവികളുടെ ദുഃഖം അത് കാലമോ ദേശമോ അതിരാകുന്നില്ല എന്ന് കവിയുടെ നീതി വളരെ വ്യക്തമാകുന്ന നിമിഷങ്ങള്‍ ആണത്. താന്‍ ജീവിക്കുന്ന അതിരുകളെ കവി വളരെ വ്യക്തമായി അടയാളപ്പെടുത്തുനത് എങ്ങനെ എന്ന് കാണുക
“മെലിഞ്ഞൊട്ടിയ മനുഷ്യരെയും
തൊലിപോളിച്ച പോത്തിനെയും
വിദേശത്തേക്ക്
കയറ്റിയയക്കുന്ന
ഒരു ദേശീയ കമ്പനിയുടെ
പുതിയ ഏജന്‍സിഎടുക്കുവാന്‍
താല്പര്യമുള്ളവര്‍
അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ്
അപേക്ഷിക്കേണ്ടതാണ് .
മുന്‍പരിചയമുള്ള
കൊലയാളികള്‍ക്ക്
മുന്ഗണന” 
എന്ന കവിതയിലൂടെ സമകാലീനരാഷ്ട്രീയ പരിസരങ്ങളെ കവി വ്യക്തമായി പറയുന്നു. മറുത്തൊന്നു പറയാന്‍ കഴിയാതെ നിശബ്ദമായി പോകുന്ന ഇത്തരം പരിസരങ്ങളെ പരിചയപ്പെടുത്തുന്ന കവിയിലെ മനുഷ്യന്‍ എത്രയോ അധികം വേദനിച്ചിരിക്കാം എന്ന്  വരികളിലെ ഉറഞ്ഞു കിടക്കുന്ന മൗനം വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നു . സരളമായി ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ഗുരുവിനെ കവിയില്‍ കാണാന്‍ കഴിയും . വലിഞ്ഞു മുറുകി നില്‍ക്കുന്ന മനസിനെ അയച്ചു വിടാനും ഒരു ചെറു ചിരിയോടെ കാര്യങ്ങള്‍ മനസ്സിലാക്കാനും സഹായിക്കുന്ന വഴികാട്ടിയാകുന്നു കവി ചിലപ്പോള്‍ .
“കോലുമിഠായി
കടിച്ചു പൊട്ടിച്ചു തിന്ന
അവനോടു അവള്‍ പറഞ്ഞു...
അങ്ങനെയല്ല
പയ്യെ ,
നുണഞ്ഞു
നുണഞ്ഞു ...” 
അതെ , ശരിയാണ് അത് മനസ്സിലാക്കാതെ പോകുന്നവര്‍ ആണ് ഭൂരിഭാഗവും . അവളെ മനസിലാക്കാന്‍ അവനു കഴിയാത്തിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് എന്നത് എത്ര  ലളിതമായി പറയുന്നു . ഒടുവില്‍ കവി മനസ്സിലാക്കുനത് അതോ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോ എന്താണ് എന്നത് മനസ്സിലാക്കുമ്പോള്‍ വായനക്കാരും ചിന്തിക്കുക ഇത് ശരിയാണല്ലോ എന്നുതന്നെയാണ് . സമകാലീന ലോകത്തിന്റെ ഫാസിസചിന്തയില്‍ എഴുത്തോ കഴുത്തോ എന്ന ഭയ ചിന്തയില്‍ നിന്നുകൊണ്ട് എഴുതാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് കവി പറയുന്നു
“ദേശീയത
എന്ന് എഴുതിയിട്ടുള്ളത്
വംശീയത
എന്ന് തിരുത്തി വായിക്കേണ്ടതാണ് .” 
മറു വാക്കുകള്‍ ഉണ്ടാകുക അസാധ്യമാകുന്ന ഇത്തരം തിരിച്ചറിവുകളെ നോക്കി പകച്ചു നില്‍ക്കുന്ന വായനക്കാര്‍ ഒരു പക്ഷെ ചിന്തിച്ചു തുടങ്ങിയേക്കാം. ഇതിനെ എങ്ങനെ ദേശീയത എന്ന ചട്ടക്കൂട്ടില്‍ തിരികെ എത്തിക്കാന്‍ കഴിയും എന്ന് .
            കവിതകള്‍ വായിക്കേണ്ടത് മനസ്സുകൊണ്ടാണ് . ചിന്തയില്‍ അതുകൊണ്ട് എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം . അപ്പോള്‍ മാത്രമേ കവിത എന്തെന്നും എന്തിനെന്നും ഉള്ള ലക്‌ഷ്യം അത് കൈവരിക്കുകയുള്ളൂ. . ഇവിടെ കെ ആര്‍ രഘു എന്നൊരു കവി ജീവിച്ചിരുന്നു എന്നത് കാലം എന്നും ഓര്‍മ്മിപ്പിക്കുക ഈ കവിതകളില്‍ കൂടിയാകും .  ഒച്ചപ്പാടുകള്‍ ഇല്ലാതെ കവിതകള്‍ കൊണ്ട് നിശബ്ദം കുത്തി നോവിച്ചും തല്ലിയും തലോടിയും ഇത്തരം സാമൂഹിക ബോധം ഉള്ള കവികള്‍ ഉണ്ടായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകത കൂടിയാണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
           









No comments:

Post a Comment