ഹെര്‍ബേറിയം(നോവല്‍)
സോണിയ റഫീക്ക്
ഡി സി ബുക്സ്
വില 210 രൂപ
ഒരാള്‍ എഴുതുമ്പോള്‍ ഒരു ലോകം വിടരുന്നു . ആ ലോകം പ്രണയത്തിന്റെയാകാം , രതിയുടെതാകാം , ജീവിതത്തിന്റെയാകാം , നടന്നുപോയ ചരിത്രത്തിന്റെയാകാം വരുംകാലസത്യങ്ങളുടെയാകാം ചിലപ്പോഴെങ്കിലും, അല്ല പലപ്പോഴും മിഥ്യകളുമാകാം . എഴുതിക്കഴിയുമ്പോള്‍ പലപ്പോഴും എഴുത്തുകാരന്‍ അത്ഭുതപ്പെട്ടേക്കാം താന്‍ എന്താണ് പകര്‍ന്നതെന്നു . ലോക ചരിത്രങ്ങളില്‍ എല്ലാം തന്നെ നാം വായിക്കപ്പെടുന്ന കൃതികള്‍ മേല്‍പ്പറഞ്ഞ ജീവിത സങ്കേതങ്ങളുമായി ഇഴപിരിഞ്ഞ വായനാനുഭവങ്ങളുടെ സമ്മിശ്ര ഗന്ധം നുകരുന്നവയാണ് .
സോണിയ റഫീക്ക് തന്റെ ഹെര്‍ബേറിയം എന്ന നോവലില്‍ പകരുന്ന വിഷയം ഒരു പക്ഷെ ആധുനിക ലോകത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉളവാക്കുന്ന ഒരു വിഷയം തന്നെയാണ് . നാമൊക്കെ ഇന്ന് ജീവിക്കുന്ന കാലഘട്ടം എന്നത് ആഗോള താപനത്തിന്റെയും അണുവികിരണങ്ങള്‍ കൊണ്ട് മലീമസമാകുകയും ചെയ്യുന്ന ഒരു ലോകത്തിന്റെ ഉമ്മറത്താണ് . വരും കാലം നമുക്ക് കാത്തുവച്ചിരിക്കുന്നവ ഉഷ്ണത്തിന്റെ , ശൈത്യത്തിന്റെ അതി കഠിനമായ അനുഭവങ്ങളെ ആണ് . ജീവിതം നമ്മെ പഠിപ്പിച്ചു തരാന്‍ പോകുന്നത് നാം നഷ്ടപ്പെടുത്തിയവയുടെ വില എത്ര വലുതാണ് എന്നതിനെയാണ് . വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നടുവില്‍ നാം പലപ്പോഴും നഷ്ടപ്പെടുത്തിയ നന്മകള്‍ ഉണ്ട് . അവ നമ്മുടെ കാലത്തിനെ എങ്ങനെ ആണ് ബന്ധപ്പെടുത്തുന്നത് എന്നും അവയുടെ അവശിഷ്ടങ്ങള്‍ നമ്മില്‍ എന്ത് അനുരണനങ്ങള്‍ ആണ് വരുത്തുന്നത് എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു .
എന്താണ് ഈ നോവല്‍ പങ്കു വയ്ക്കുന്നത് എന്ന് പറയുന്നത്ആമുഖത്തിനെ കാട്കയറല്‍ തരുന്ന അസഹ്യതയെ പ്രതിരോധിക്കും എന്ന് കരുതി അതിലേക്ക് കടക്കാം . നാം സാധാരണ വായിച്ചു പോകുന്ന നോവലുകളില്‍ കാണുക ജീവിതങ്ങള്‍ നടത്തുന്ന സമരങ്ങള്‍ തന്നെയാണ് . പക്ഷെ അവ തൊഴില്‍ ബന്ധിതമോ , ബന്ധങ്ങള്‍ , വികാരങ്ങള്‍ തുടങ്ങിയവ തമ്മിലോ ഉള്ള സമരസങ്ങളില്‍ കൂടി കടന്നു പോകുന്ന പ്രഹേളികകള്‍ വെളിപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങളോ , അടയാളപ്പെടുത്തലുകളോ ആണ് മിക്കപ്പോഴും.
എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി സോണിയ റഫീക്ക് തന്റെ നോവലിലൂടെ പരിചയപ്പെടുത്തുന്നത് നാം ജീവിക്കുന്ന സാമൂഹിക , പാരിസ്ഥിതിക ലോകവും അവയിലെ സസ്യ ജന്തു ജാലങ്ങള്‍ മനുഷ്യനുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും അവയുടെ ജീവിതത്തില്‍ എന്തൊക്കെ കടന്നുകയറ്റങ്ങള്‍ ആണ് മനുഷ്യന്‍ നടത്തുന്നത് എന്നുമുള്ള വിഷയമാണ് . ടിപ്പു എന്ന ഒന്‍പതു വയസ്സുകാരനിലൂടെ ഇതള്‍ വിരിയുന്ന നോവല്‍ തുടങ്ങുന്നത് ഗള്‍ഫ് നാടിന്റെ മരുഭൂമിയുടെ സൗന്ദര്യം വര്‍ണ്ണിച്ചുകൊണ്ടാണ് . ഒരു പക്ഷെ അതാകും ഈ നോവലിനെ ഇത്രയധികം ആര്ദ്രമാക്കുന്നതും . ചുട്ടുപൊള്ളുന്ന മണല്‍ക്കാടില്‍ നിന്നും ഇരുളിലെ തണുപ്പും ഗൂഡമായ നിശബ്ദതയും കവര്ന്നുകൊണ്ട് പോയ ഫാത്തിമ കോറിയിട്ടു കടന്നുപോയ അക്ഷര സൂചികകളില്‍ കൂടി സഞ്ചരിക്കുന്ന ആസിഫിലൂടെയാണ് ടിപ്പു എന്ന ബാലന്റെ വേരുകള്‍ വായനക്കാരന്‍ ഒപ്പിയെടുക്കുന്നത് . ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഗള്‍ഫ് നഗരിയില്‍ പരിമിതമായ ബാല്‍ക്കണി പോലുള്ള ഇടങ്ങളില്‍ തന്റെ ഗ്രാമത്തിന്റെ പച്ചപ്പിനെ തിരികെ പിടിക്കാന്‍ ശ്രമിച്ച ഫാത്തിമയെ അറിയാതെ പോകുന്ന ആസിഫ് ഗ്രാമത്തിന്റെയും നഗരത്തിന്റെയും രണ്ടു മുഖങ്ങള്‍ പോലെ നിലനില്‍ക്കുന്ന ദാമ്പത്യം സൂക്ഷ്മമായി അവതരിപ്പിക്കുന്നു . ഇവര്‍ക്കിടയില്‍ ഗെയിമുകളില്‍ കൂടിയും പുതുപുത്തന്‍ ജീവിത ശൈലികളോടും ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ടിപ്പു ഫാത്തിമയുടെ മരണത്തിലേക്കുള്ള തിരോധാനത്തിലൂടെ നാട്ടിലേക്ക് പറിച്ചു നടപ്പെടുകയാണ് . നാട്ടിലെത്തുന്ന ടിപ്പു ഫാത്തിമയുടെ അഭാവത്തില്‍ അവളുടെ അമ്മ(നബീസ)യുടെ കീഴില്‍ തികച്ചും നാട്ടിന്‍പുറത്തുകാരനായി ജീവിച്ചു തുടങ്ങുന്നു. ടിപ്പുവിന് കൂട്ടായി സമപ്രായക്കാരിയായ അമ്മാളു കൂടി എത്തുന്നതോടെ നോവല്‍ അതിന്റെ കാതലായ ഭാഗത്തേക്ക് അടുക്കുന്നു . അമ്മാളുവും ടിപ്പുവും പതിവ് കുട്ടികളുടെ തലത്തില്‍ നിന്നും മാറി സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത് . പ്രകൃതിയെ അടയാളപ്പെടുത്തുന്ന പച്ചപ്പിന്റെ മാസ്മരികതയിലേക്ക് നടന്നടുക്കുന്ന ആ കുട്ടികള്‍ തങ്ങളുടെ പരിസരങ്ങളിലെ കാവിലേക്കു ആകര്‍ഷിക്കപ്പെടുകയാണ് . ആ കാവില്‍ നിറഞ്ഞു നില്‍കുന്ന ജൈവസമ്പത്തില്‍ അവരുടെ കല്മഷമില്ലാത്ത മിഴികള്‍ പതിക്കുമ്പോള്‍ അന്നുവരെ അജ്ഞാതമായിരുന്ന പലതും അവര്‍ കണ്ടെത്തുകയാണ് . അമ്മാളുവിന്റെ പിതാവും കാര്‍ഷികവിദഗ്ധനുമായ വിനീതിന്റെ സസ്യ ആല്‍ബത്തിലെ ഓരോ ഇലകളെയും തേടി അവര്‍ അലയുകയാണ് . അവര്‍ കണ്ടെത്താതെ പോകുന്ന പത്തു സസ്യങ്ങളിലൂടെ നമ്മള്‍ നഷ്ടപ്പെടുത്തുന്ന തിരികെ ലഭിക്കാത്ത ചില അമൂല്യതകളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് . ആ യാത്രയിലൂടെ ആ കുട്ടികള്‍ കണ്ടെത്തുന്ന ജൈവ വൈവിധ്യങ്ങള്‍ ഓരോ വായനക്കാരനെയും തന്റെ കുട്ടിക്കാലത്തെയും പരിസരങ്ങളെയും ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും. ടിപ്പുവിന് ലഭിക്കുന്ന കളിക്കൂട്ട് ആണ് അങ്കുവാമ . അപൂര്‍വ്വമായ ആ ആമയും ടിപ്പുവും തമ്മില്‍ ഉടലെടുക്കുന്ന അഭൂതപൂര്‍വ്വമായ ആത്മബന്ധവും ഈ നോവലിലെ മറ്റൊരു വിസ്മയക്കാഴ്ചയാണ് . ഓരോ കുട്ടികളും മണ്ണിനോട് ചേര്‍ന്ന് ജീവിക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ അവരെ അതിനു അനുവദിച്ചിരുന്നു എങ്കില്‍ അവരിലെ പല അസുഖങ്ങളും, മാനസിക അവസ്ഥകളും മാറി വരികയും ആരോഗ്യകരമായ ഒരു ജീവിതം അവര്‍ക്ക് ലഭിക്കുകയും ചെയ്തേനെ എന്ന് ഈ നോവല്‍ വായനക്കാരനോട് പറയുന്നു . പൂക്കളും ശലഭങ്ങളും ,പക്ഷികളും ഉരഗങ്ങളും ഒക്കെ ഇതിലെ ഭാഗങ്ങള്‍ ആണ് അല്ലെങ്കില്‍ ഇതില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍ ആണ് . എല്ലാം തന്നെ തികഞ്ഞ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുകയും ഒരു ജൈവ പഠനതലം തുറന്നുകൊടുക്കുകയും ചെയ്യുന്നു ഈ നോവല്‍ . വരും കാലത്തിനു വേണ്ടി നഷ്ടമാകുന്ന ഓരോ സസ്യ സമ്പത്തിനെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള വിത്ത് ശേഖരണം, ഇന്നത്തെ കാലത്തെ കാഴ്ചപ്പാടുകള്‍ മൂലം നഷ്ടമായ സ്ഥലപരിമിതികളെ മറികടക്കാന്‍ റോഡുകളില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന അമ്മാളു , സ്കൂളില്‍ തന്റെ ഹെര്‍ബേറിയം പരിചയപ്പെടുത്തുക വഴി കുട്ടികളില്‍ മുഴുവന്‍ ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ കഴിയുന്ന ടിപ്പുവിന്റെ പരിസ്ഥിതി സ്നേഹം, കാട്ടില്‍നിന്നും കിട്ടിയ ആമയെ അതേ കാട്ടില്‍ തന്നെ തിരികെവിട്ടു ആശ്വാസം കൊള്ളുന്ന അമ്മാളുവും ടിപ്പുവും ,കാവു വിലയ്ക്ക് വാങ്ങി അത് വെട്ടിനശിപ്പിക്കാന്‍ ശ്രമിക്കുന്ന റഷീദ് ,അതിനെ ചെറുക്കാന്‍ കഴിയാതെ തങ്ങളുടെ പരിമിതികള്‍ അറിഞ്ഞു നിസ്സഹായരാകുകയും , തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ അതില്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അമ്മാളുവും ടിപ്പുവും . തങ്ങളുടെ പച്ചപ്പിനെ നഷ്ടപ്പെടുന്ന വിധത്തില്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്ന അവരുടെ ദുസ്വപ്നങ്ങള്‍, തങ്ങളുടെ പരിസ്ഥിതിയെ തിരികെ പിടിക്കുവാന്‍ വേണ്ടിയുള്ള അവരുടെ ചിന്തകള്‍ ...തുടങ്ങി എല്ലാ കാഴ്ചകളും വായനക്കാരില്‍ സ്വമേധയാ തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ചിന്തിക്കുവാനും അവയെ പരിരക്ഷിക്കുവാനും ഉള്ള ഒരു ത്വര വളര്‍ത്തും എന്നത് ആണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന സന്ദേശവും ആശയവും .
മരിച്ചു പോയ അമ്മയെ മറക്കാന്‍ കഴിയും വിധം ആസിഫ് വിചാരിച്ചത്തിലും പ്രായോഗികമായി ടിപ്പുവിന് കഴിയുന്നത് നാട്ടിലെ പച്ചപ്പും അതിന്റെ മാസ്മരികതയും തന്നെയാണ് . നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ നാം സ്നേഹിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ദുഃഖം ഒന്നുമല്ലാതായി തീരും എന്നൊരു ചൂണ്ടു പലക കൂടിയാണ് ഈ നോവല്‍ തരുന്നത് .
പ്രകൃതിയെയും മനുഷ്യനെയും തമ്മില്‍ ഇഴയടുപ്പത്തോടെ നിര്‍ത്തുന്ന ബന്ധങ്ങളുടെ രസതന്ത്രത്തെ വളരെ മനോഹരമായി എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നു . വീട് നഷ്ടപ്പെട്ട മൂങ്ങ വൈദ്യുതി കമ്പിയില്‍ വന്നിരുന്നു വിലപിക്കുമ്പോള്‍ , വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ട അന്യ ദേശക്കാര്‍ നമ്മുടെ പടിപ്പുരയില്‍ വന്നു നിന്ന് വിലപിക്കുന്ന ഓര്‍മ്മ ആണ് ടിപ്പുവില്‍ ഉണ്ടാകുന്നത് . ആ കാഴ്ച വായനക്കാരിലും ഒരു പുതിയ അവബോധം വളര്‍ത്തും എന്ന് തന്നെ പ്രതീക്ഷിക്കാം . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ പൊക്കിള്‍ക്കൊടി ബന്ധത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന ഈ നോവല്‍ ഒരു പരിസ്ഥിതിപഠനസഹായിയായോ , സ്കൂള്‍ തലങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ അവബോധനത്തിനു വേണ്ടിയുള്ള ഒരു ചാലകമായോ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും . ഇത് വായിക്കുന്ന ഓരോ ആളിന്റെ മനസ്സിലൂടെയും പതിഞ്ഞു പോകുന്ന ചിത്രങ്ങളെ ഒരു ചലച്ചിത്രത്തിനെയോ ഡോക്യുമെന്ററിയുടെയോ ഫ്രെയിമില്‍ അടയാളപ്പെടുത്തി വയ്ക്കുന്നത് കാലത്തിന്റെ ആവശ്യകതയാണ് എന്ന് മനസ്സിലാക്കി അതിനുള്ള ശ്രമം സര്‍ക്കാരിന്റെയോ വിദ്യാഭ്യാസവകുപ്പിന്റെയോ സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് വായന തോന്നിപ്പിച്ചു . തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു അടയാളപ്പെടുത്തല്‍ തികച്ചും അവസരോചിതമായി എന്ന് പറയാതെ വയ്യ . എല്ലാരും ആവശ്യം വായിച്ചിരിക്കേണ്ടതും , സ്കൂള്‍ ലൈബ്രറികളില്‍ അത്യാവശ്യം സൂക്ഷിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ പെടുത്തെണ്ടതും ആയ ഒരു പുസ്തകം ആണ് ഇതെന്ന് നിസ്സംശയം പറയാം . ആശംസകളോടെ ബി. ജി എന്‍ വര്‍ക്കല
No comments:
Post a Comment