Thursday, May 15, 2014

ഓര്‍മ്മകളിലൊരു ദിനം

ഇന്ന്, ജീവിതത്തിന്റെ വസന്തം തിരികെ കിട്ടിയ ദിവസം .എങ്ങനെ ആഘോഷിക്കും ആരും കൂടെയില്ലാതെ എന്താഘോഷം ? പക്ഷെ ഈ മധുരത്തിനൊരു കയ്പ്പുണ്ടല്ലോ അല്ലെ ! അല്ലെങ്കിലും അതങ്ങനെയാ നല്ല വിചാരങ്ങളുടെ നടുക്കെപ്പോഴും ദുഷ്ചിന്തയും കയറി വരും . വിട്ടുകള പോകട്ടെ .
ആയിരം പൂക്കള്‍ കൊണ്ട് ഞാന്‍കൊരു -
ത്തൊരീ വസന്തഹാരം 
ആരുടെ ഗളത്തിലണിയിക്കേണ്ടു ഞാന്‍ 
ഓര്‍മ്മയില്‍ പാടുകള്‍ വീണ -
നേര്‍ത്ത സ്പന്ദനങ്ങളോടെ
ആരെയോര്‍ത്തിനിയും കാത്തു നില്പ്പൂ ഞാന്‍ !
ഇതെന്റെ വേദന, മധുരമൂറും നൊമ്പരം ,
ആത്മാവില്‍ കുളിരായ് എന്നെ തഴുകിടുമ്പോള്‍ 
ആരെയോര്‍ത്തിനിയും കാത്തുനില്‍പൂ ഞാന്‍ !
വേനലില്‍ പെയ്തു തോര്‍ന്ന മഴ . 
പുതുമണ്ണിന്റെ ഗന്ധം സിരകളില്‍ നവ്യമായ ഒരനുഭൂതി . വിണ്ടു കീറിയ മണ്ണിനെ കരയിക്കാന്‍ വേണ്ടി മാത്രം ഒന്ന് വന്നുപോയ മഴപോലെ എന്‍റെമനസ്സിനെ നോവിക്കാനാകുമോ ഇങ്ങനെ ഒരു തമാശ !
ഇല്ല ... ഒരിക്കലുമാകില്ല എന്നെനിക്കറിയാം. ഒരു പക്ഷെ ആരെക്കാളുമേറെ എനിക്കതുറപ്പിച്ചുപറയാനുമാകും. വിധിയുടെ തടവറയില്‍ കാലം തന്ന നോവുമായ് ഏകാന്തനായ് ഞാനുണ്ടാകും . ഇനിയുള്ള നാളുകള്‍ എന്റേതാണ്. എന്റെ വനവാസത്തിന്റെ പൂര്‍ത്തീകരണം എന്താകും .?
നിന്റെ വിജയങ്ങള്‍ എന്റേതാണ്
നിന്റെ ചിന്തകള്‍ ഞാനാണ്‌ 
നീയാണെന്നുടെ സര്‍വ്വസ്വവും , പ്രിയേ -
നീയാണെന്നുടെ ജീവരക്തം .
ഉതിര്‍ന്നു വീഴുന്ന ഹിമകണികകള്‍ മനസ്സില്‍ കുളിര് ചൊരിയുന്നു. ആത്മാവില്‍ സംഗീതമായി , മയില്‍‌പ്പീലി തുണ്ടായി, ഒരോര്‍മ്മത്തെറ്റു പോലെ നീയാണ് . ഉണ്ണുമ്പോഴും , ഉറങ്ങുമ്പോഴും അരികിലിരിക്കാന്‍ , വേദനിക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ , പിണങ്ങുമ്പോള്‍ കളിയാക്കി ചിരിക്കാന്‍ , പരിഭവങ്ങള്‍ പറയാനും , കേള്‍ക്കാനും എനിക്ക് നീ വേണമെന്നത് പോലെ നിനക്ക് ഞാനും വേണ്ടതല്ലേ ?
ഓര്‍ക്കവേ ഒരു കുഞ്ഞു ശലഭമായ് എന്റെ ഹൃദയത്തില്‍ നീ വന്നിരിക്കുന്നതും മധു നുകരുന്നതും സന്തോഷത്തോടെ നിന്റെ കുഞ്ഞു ചിറകുകള്‍ വിറപ്പിക്കുന്നതും അറിയുന്നു ഞാന്‍ .
"വിറയ്ക്കുന്ന ശലഭത്തിന്റെ ചിറകുപോല്‍
തുടിക്കുന്ന വികാരമാണ് സ്നേഹം "
-............................................ബി ജി എന്‍ ...................................

No comments:

Post a Comment