എകാന്തതയുടെ മരുക്കാറ്റിൽ
പ്രണയമുറിവുകളുടെ പനിച്ചൂടിൽ
പൊതിഞ്ഞു പിടിച്ച ലവണരസങ്ങൾ
മുന്നിലിട്ട് തന്നോരപ്പക്കഷണം നീ.
ആശ്വാസങ്ങളുടെ ചാറ്റൽമഴയായ്
സാന്ത്വനത്തിൻ മഞ്ഞുപ്പുതപ്പായി
കൈവിട്ടുപോയ ജീവിതത്തിൽ നിന്നും
പ്രണയത്തെ തിരിച്ചുപിടിച്ചവൾ.
മൂടിക്കെട്ടുന്ന ആകാശത്തിൽ നിന്നും
പെയ്തൊഴിയുന്ന കാർമേഘങ്ങളെ
ഒരുദീർഘ നിശ്വാസത്തിനകമ്പടിയാൽ
ഹൃദയത്തിൽ സംസ്കരിക്കുന്നവൾ
തുഴയാൻ മറന്നു കയങ്ങൾ തേടുമ്പോൾ
കരയിലേക്ക് നൂൽകെട്ടി വലിച്ചവൾ
ജീവിതത്തിൻ നൂലറ്റ പട്ടത്തെ, കാറ്റിൻ
കൈകളിൽ നിന്നും രക്ഷിച്ചെടുത്തവൾ
ഇന്നെന്റെ പകലുകൾ തുടങ്ങുന്നതും
രാവുകളൊടുങ്ങുന്നതും നീയാം സമുദ്രത്തിൽ
ഇന്നെന്റെ കാമനകൾ ചിറകു വിരിക്കുന്നത്
നിന്റെ ചിറകേറി നിന്റെ ആകാശത്തിൽ .
-----------------------ബി ജി എൻ വർക്കല
No comments:
Post a Comment