Tuesday, May 27, 2014

എന്റെ ജാലകം


തുറന്നിടാന്‍ മടിച്ചൊരു
ജാലകമെനിക്കുണ്ട് .
കാറ്റ് കയറാതെ
വെളിച്ചമറിയാതെ
ഞാനടച്ചിട്ടൊരു കിളിവാതില്‍ .

എന്റെ ജാലകത്തിനപ്പുറം
മഴവില്ലുകള്‍ നിറഞ്ഞതാണ്‌ .
നീലാകാശവും
മഴമേഘങ്ങളും
കിളികളും
പച്ചപ്പും നിറഞ്ഞത്‌ .

എന്റെ ജാലകത്തിനപ്പുറം
ജീവിതങ്ങളുണ്ട്‌
സ്നേഹവും
പ്രണയവും
രതിയും
എല്ലാം വിളഞ്ഞു നില്‍ക്കുന്നുണ്ട് .

എന്റെ ജാലകത്തിനപ്പുറം
ബന്ധങ്ങളുണ്ട് .
മാതൃത്വവും
നല്ലപാതിയും
കുഞ്ഞുമക്കളും
ചിരിതൂകി നില്‍ക്കുന്നുണ്ട് .

എന്റെ ജാലകത്തിനപ്പുറം
എല്ലാമുണ്ട്
എനിക്കന്യമായ
എനിക്കപ്രാപ്യമായ
എന്റെതന്നെ എല്ലാം .

പക്ഷെ
എന്റെ ജാലകത്തിനിപ്പുറം
ഒന്നുമില്ല .
നിറഞ്ഞ നിശബ്ദതയും
ഒടുങ്ങാത്ത ഇരുളും
കടുത്ത തണുപ്പും
എന്റെ പ്രണയവും മാത്രം .

ഇനി നിങ്ങള്‍ ചോദിക്കരുത്
എന്റെ ജാലകങ്ങള്‍
അടഞ്ഞു കിടക്കുന്നതെന്തിനെന്നു?
ഞാനെന്തുകൊണ്ട്
ജീവിക്കുന്നില്ലെന്നു .
-------ബി ജി എന്‍

No comments:

Post a Comment