Thursday, May 15, 2014

തീവണ്ടി

ഗ്രാമത്തിന്‍ മാറിലൂടെ
ഒച്ചിന്റെ വേഗത്തില്‍
ഒരു തീവണ്ടി ഓടുന്നു .
പുകക്കുഴല്‍ തുപ്പുന്ന
കറുത്ത ജീവവായു
കണ്ണ്തുറിച്ചു വലിച്ചെടുക്കുന്നു
തൊലിപ്പുറത്തെല്ല്
പച്ചകുത്തിയ കുഞ്ഞുങ്ങള്‍ .

വൃദ്ധയുടെ മാറിടം പോല്‍
ശുഷ്കിച്ച കുളങ്ങളില്‍
ഊര്‍ദ്ധന്‍ വലിക്കുന്നു
മാനത്തുകണ്ണികള്‍ .
പ്രത്യാശയറ്റ പാടങ്ങള്‍
വിണ്ടുകീറിയ നെഞ്ചില്‍
വിരല്‍കൊണ്ട് താളം പിടിച്ചു
മഴയോടുള്ളപ്രണയം
പാടി മരിക്കുന്നു .

ഓരോ ബോഗികളും
ഗ്രാമം കടന്നു പോകുമ്പോള്‍
ഓരോ മരണം
സംഭവിക്കുന്നു .

പച്ചിലകള്‍
നെല്‍ക്കതിരുകള്‍
പിച്ചിമന്താരങ്ങള്‍
കാട്ടു നെല്ലികള്‍
നാട്ടുമാവുകള്‍
കാളവണ്ടികള്‍
ശരറാന്തലുകള്‍
അവ മരിച്ചു കൊണ്ടേ ഇരിക്കുന്നു .

ഗാര്‍ഡിനെ വഹിച്ചു
അവസാന ബോഗി
ഗ്രാമം വിടുമ്പോള്‍
വെളുത്ത കൊറ്റികള്‍
ഗ്രാമം തേടി വരുന്നു .
ആകാശവും മണ്ണും
പരസ്പരം ഗൂഡമായ്
മിഴികള്‍ കൊരുക്കുന്നു .

സൂര്യന്‍
വറ്റി വരണ്ട കടല്‍ തേടി
കിഴക്കോട്ടു
സഞ്ചരിച്ചു തുടങ്ങുന്നു .
-------------ബി ജി എന്‍

No comments:

Post a Comment