Friday, December 14, 2012

മനസ്സേ ശാന്തമാകൂ

സായന്തനം ദിനപത്രത്തിന് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും സ്വീകരിച്ചു കൊണ്ട് ഞനീ സാനിട്ടോരിയത്തില്‍ എത്തുമ്പോള്‍ എന്റെ മനസ്സില്‍ ആവേശവും , ഉത്കണ്ഠയും തിരതല്ലുന്നുണ്ടായിരുന്നു . ഒരു വശത്തു ഏറ്റെടുത്ത ജോലി ഭംഗിയായ് തീര്‍ക്കണം എന്ന വാശി. മറുഭാഗത്ത്‌ അവിടെ ലഭിക്കാന്‍ പോകുന്ന സ്വീകരണത്തിന്റെ കാഠിന്യം .! ഒട്ടെങ്കിലും ആശ്വാസമേകുന്നത് നേരത്തെ അറിയിപ്പ് ഉള്ളത് കൊണ്ട് ആരെങ്കിലും സഹായിക്കുമെന്ന വിശ്വാസം മാത്രം .
"സ്നേഹാലയം മെന്റല്‍ സാനിറ്റോറിയം " പഴമയുടെ ഗാംഭീര്യം പേറി നില്‍ക്കുന്ന ഒരു പഴയ ബോര്‍ഡും അതിനു താഴെ ശക്തമായ കരിങ്കല്‍ ഭിത്തികളുടെ മറയും . ഗേറ്റില്‍ പാറാവുകാരന്‍ തടഞ്ഞു നിര്‍ത്തി . കാര്‍ഡ്‌ കാണിച്ചു വിവരം പറഞ്ഞപ്പോള്‍ അകത്താരോടോ ഫോണില്‍ സംസാരിച്ച ശേഷം അയാള്‍ കടത്തി വിട്ടു . ഡോക്ടറുടെ മുറി അന്വേഷിച്ചു ചെല്ലുമ്പോള്‍ ചുറ്റിനും ഭ്രാന്തന്മാരുടെ ബഹളം ഒരു ഭയമായ്‌ പൊതിഞ്ഞു പിടിച്ചു .
"മേ ഐ കമിന്‍ സാര്‍ "
അകത്തേക്ക്‌ നോക്കി ഉള്ള എന്റെ ചോദ്യം കേട്ട് ഉള്ളില്‍ നിന്നും മറുപടി വന്നു പെട്ടെന്ന് തന്നെ
"എസ് കം ഇന്‍ "
ഏകദേശം  ഒരു അമ്പതു വയസ്സ് തോന്നിക്കും ഡോക്ടര്‍ക്ക് . സുമുഖനായ ഒരു മനുഷ്യന്‍ , കഷണ്ടി ആക്രമിച്ചു തുടങ്ങിയ ശിരസ്സ്‌ എനിക്ക് നേരെ ഉയര്‍ന്നു . ഞാന്‍ എന്നെ പരിചയപ്പെടുത്തി .
"അയാം  ശരത് ചന്ദ്രന്‍ , കമിംഗ് ഫ്രം സായന്തനം ഡെയിലി "
"ഓ എസ് ഇരിക്കൂ , മേനോന്‍ വിളിച്ചിരുന്നു എന്നെ "
"താങ്ക്യൂ ഡോക്ടര്‍ "
ഒട്ടൊരു ആശ്വാസത്തോടെ ഞാന്‍ കസേരയിലേക്ക് അമര്‍ന്നു . കണ്ണുകളാല്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി മുറിയാകെ. പിന്നെ തിരിഞ്ഞുഎന്നെ തന്നെ നോക്കി ഇരിക്കുന്ന ഡോക്ടറെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ തിരക്കി .
" ഇവിടെ എത്ര സ്റ്റാഫ്‌ സേവനം അനുഷ്ടിക്കുന്നുണ്ട് ഡോക്ടര്‍ ?"
"ഞാനും മൂന്നു നഴ്സും പിന്നെ അഞ്ചു അറ്റന്റര്‍മാരും"
"ശരി  ഡോക്ടര്‍ എനിക്ക് ഒരു ആളിനെ സഹായി ആയി വേണം . ഇവിടെ ഒന്ന് ചുറ്റുന്നതിലും വിവരങ്ങളോ ചിത്രങ്ങളോ എടുക്കുന്നതിലും വിരോധമില്ലല്ലോ ? "
ആശങ്കയോടുള എന്റെ ചോദ്യത്തിന് ഒരു ചെറു ചിരിയോടെ ഡോക്ടര്‍ തലകുലുക്കി കൊണ്ട് പറഞ്ഞു .
" അതിനെന്താ വിടാമല്ലോ "
ഡോക്ടര്‍ മറപടി പറഞ്ഞു കൊണ്ട് ബെല്ലില്‍ വിരലമര്‍ത്തി .പെട്ടെന്ന് അതികായന്‍ ആയ ഒരു മനുഷ്യന്‍ ഓടിയെത്തി .
" രാമൂ , ഈ സാറിന്റെ കൂടെ ഒന്ന് ചെല്ലൂ , എല്ലായിടവും ഒന്ന് കാണിച്ചു കൊടുക്കുക .അദ്ദേഹത്തിനു എല്ലാരേയും പരിചയപ്പെടണം എന്നുണ്ട് ."
"ശരി ഡോക്ടര്‍ "
രാമു എന്ന് വിളിക്കുന്ന ആ മനുഷ്യന്‍ എന്നെ നോക്കി കൊണ്ട് പറഞ്ഞു .
ഞങ്ങള്‍ പുറത്തിറങ്ങി .
" സാര്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല സാര്‍ , ഞാന്‍ ഭ്രാന്തനല്ല സാര്‍ "
ഒരു നിലവിളി ശബ്ദം . ഞാന്‍ ആ ഭാഗത്തേക്ക് നോക്കി. മദ്ധ്യ വയസ്സ് പിന്നിട്ട ഒരു മനുഷ്യന്‍ . താടിയും മുടിയും ജട പിടിച്ചിരിക്കുന്നു . കണ്ണുകള്‍ കുഴിഞ്ഞു എല്ലുകള്‍ ഉന്തിയ ഒരു ശരീരം . അയാള്‍ എന്നെ നോക്കി കയ്യുകള്‍ കൂപ്പി കരയുകയാണ് . സഹതാപ പൂര്‍വ്വം ഞാന്‍ അയാളെ അവഗണിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി .
സ്ത്രീകളുടെ വാര്‍ഡും പുരുഷന്മാരുടെ വാര്‍ഡും രണ്ടു ഭാഗത്ത്‌ ആയിരുന്നു . ആദ്യം പോയത് സ്ത്രീകളുടെ വാര്‍ഡിലേക്ക് ആണ് . ജീവിതത്ത്ന്റെ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ അവിടെ കാണാന്‍ കഴിഞ്ഞു. ശാന്തമായ്‌ , നിര്‍ജ്ജീവമായ മിഴികളുമായ്‌ ലോകാത്തിനെ തന്നെ മറന്ന പോലുള്ള ചിലരും , പിറുപിറുത്തുകൊണ്ട് നടന്നു നീങ്ങുന്നവരും, പൊട്ടിച്ചിരിക്കുന്നവരും പുലഭ്യം പറയുന്നവരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു .
ഒട്ടു  മനോ വേദനയോടെ അവിടെ നിന്നും പുരുഷന്മാരുടെ വാര്‍ഡിലേക് നീങ്ങി .
ഒട്ടും വിഭിന്നമല്ല ഇവിടെയും കാഴ്ചകള്‍ . മനോ നില തെറ്റിയവര്‍ക്ക് സ്ത്രീ എന്നും പുരുഷന്‍ എന്നുമുള്ള വകതിരിവ് ഇല്ലല്ലോ . രോഗികള്‍ എല്ലാം ഒരുപോലെ . അവര്‍ക്കിടയിലൂടെ ആവശ്യം ഉള്ള ചിത്രങ്ങള്‍ എടുത്തും കണ്ടാല്‍ നോര്‍മ്മല്‍ എന്ന് തോന്നുന്നവരോട് കുശലം പറഞ്ഞു മുന്നോട്ടു നീങ്ങി നമ്മള്‍ .
പെട്ടെന്ന് ഞാന്‍ നിന്ന് പോയി . കണ്ണുകളിലാകെ ഒരു ഇരുട്ട് നിറയും പോലെ തോന്നി .
എന്താണ് ഞാന്‍ കാണുന്നത് ? ഇരുളടഞ്ഞ ആ സെല്ലിന്റെ മൂലയില്‍ ഇരുണ്ട വെളിച്ചത്തില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ , എന്തോ വായിച്ചു കൊണ്ടിരിക്കുന്ന അയാള്‍ ...
പുറം ലോകവുമായ്‌ ഒരു ബന്ധവും ഇല്ലാത്തവനെ പോലെ ഇരിക്കുന്ന ഒരു മനുഷ്യന്‍ . സ്വപനാടകനെ പോലെ കാലുകള്‍ അയല്‍ക്കരികിലേക്ക് നീങ്ങി .ഞാനറിയാതെ എന്റെ ഉള്ളില്‍ നിന്നും ശബ്ദം ചിതറി വീണു .
"ബാബൂ , നീ ... നീ ഇവിടെ ?"
പെട്ടെന്നു അയാള്‍ ഞെട്ടി തല ഉയര്‍ത്തി നോക്കി . ഒരു നിമിഷം . വ്യെവഛെദിച്ച്റിയാന്‍ വയ്യാത്ത എന്തൊക്കെയോ വികാരങ്ങള്‍ കണ്ണുകളില്‍ കൂടി കടന്നു പോയി. പൊടുന്നനെ അയാള്‍ തല താഴ്ത്തി . വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് തന്നെ മിഴികള്‍ പായിച്ചു . പക്ഷെ വിരലുകള്‍ അതിദ്രുതം വിറയ്ക്കുന്നുണ്ടായിരുന്നു . എന്തോ ഒളിക്കുന്ന ഭാവം ആ ശരീരഭാഷ വിളിച്ചറിയിക്കുന്നു .
വിങ്ങിപ്പോട്ടുന്ന ഹൃദയത്തോടെ ഞാന്‍ തിരിഞ്ഞു .
"മുഴുവട്ടാ സാറേ , ആരോ കുറെപ്പേര്‍ ഇവിടെ കൊണ്ട് വന്നു തള്ളിയതാ ഈ അടുത്ത കാലത്ത് .ഇടയ്ക്കിടെ ആരുടെയോ പേര് എടുത്തു പറഞ്ഞു നിലവിളിക്കുന്നത് കേള്‍ക്കാം . നല്ല ബോധം വരുന്ന സമയത്ത് ഡോക്ടറെ സ്വാധീനിച്ചാണ് ഈ പുസ്തകങ്ങള്‍ ഒപ്പിക്കുന്നത് "
രാമുവിന്റെ വാക്കുകള്‍ അകലങ്ങളില്‍ നിന്നെന്ന വണ്ണം അലയടിച്ചെത്തി . കര്‍ണ്ണപുടങ്ങളില്‍ അവ ഹുങ്കാരവമായി ആര്‍ത്തലച്ചു വീണു . ഒരു മായാസ്വപ്നത്തിലെന്നവണ്ണം ആണ് പിന്നീട് ഞാന്‍ അവിടെ ചിലവഴിച്ചത് . എല്ലാം കഴിഞ്ഞു എപ്പോഴോ മുറിയില്‍ തിരിച്ചെത്തി എന്ന് പറയാം .
പതിവിനു വിപരീതമായി ഭാര്യയോട് പോലും ഒന്നും മിണ്ടാന്‍ നില്‍ക്കാതെ നേരെ ബെഡ്ഡില്‍ പോയി കിടന്നു .
ചായയുമായി പിറകെ വന്ന ശാരി ആശങ്കയോടെ ചോദിച്ചു .
"എന്താ ഏട്ടാ ? എന്ത് പറ്റി ? "
അവളുടെ വാക്കുകള്‍ അയാള്‍ കേട്ടുവോ എന്ന് സംശയം . അയാളുടെ മനസ്സ് വിദൂരതയില്‍ എങ്ങോ മേയുകയായിരുന്നു . അവിടെ സ്വപ്നങ്ങളുണ്ടായിരുന്നു . മോഹങ്ങളുണ്ടായിരുന്നു , സങ്കല്‍പ്പങ്ങളുടെ തേരിലേറി കുതിച്ചു പായുന്ന ഒരു കൌമാരക്കാരന്‍  ...! അതാരായിരുന്നു ?
ബാബുവല്ലേ അത് ? അവനോടൊപ്പം ഒരു കൂട്ടുകാരനും ഉണ്ടല്ലോ . അവര്‍ എന്തോ പറയുകയാണ് .
" അളിയാ എന്റെ ജീവിതം ഏകാന്തതയില്‍ ഉഴലുകയാണ്. ഒരു പിടി വള്ളിക്കു വേണ്ടിയാണ് ഞാന്‍ ഫൌസിയെ സ്നേഹിച്ചത് . പക്ഷെ...!"
ബാബുവിന്റെ  കണ്ണുകള്‍ ഈറനണിഞ്ഞു . അവന്‍റെ മിഴികള്‍ അനന്തമായ ആഴിപ്പരപ്പില്‍ എന്തോ തേടുകയാണ് .
"ബാബൂ ... നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും . പക്ഷെ അവള്‍ക്കതരിയില്ലല്ലോ ? "
എന്റെ ആശ്വാസവാക്കുകള്‍ അവനില്‍ ചൊരിയാന്‍ നോക്കി ഞാന്‍ .

"ശരത് .. നിനക്കറിയുമോ ? യാതൊരു മോഹങ്ങളുമില്ലാതെയാണ് ഞാന്‍ ഇവിടെ വന്നത് .കോളെജിന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നെ മോഹിപ്പിച്ഛപ്പോഴും എന്നെ പിന്തിരിപ്പിച്ചത് ഈ കാരണങ്ങളാണ് . "
ഞങ്ങള്‍ കടലിനഭിമുഖമായി ആ തണുത്ത മണലില്‍ ഇരുന്നു .
"ഡിഗ്രി ജയിച്ചു എന്തേലും ജോലി നേടിയിട്ട് വേണം എന്റെ അച്ഛനും അമ്മയ്ക്കും ഒരു സുഖം കൊടുക്കാന്‍ എന്ന് ഞാന്‍ മോഹിച്ചു . പഠിത്തത്തില്‍ മാത്രം ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . കോളേജ്‌  തമാശകള്‍ ഞാന്‍ ഉപേക്ഷിച്ചു . പക്ഷെ എന്തോ ഒരു നിമിത്തം പോലെ എന്റെ ഉള്ളില്‍ ഫൌസി നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല .എന്നെ ഞാന്‍ അറിയുന്ന നാള്‍ മുതല്‍ ഞാനേകനായിരുന്നു . ദുഃഖങ്ങള്‍ മാത്രമായിരുന്നു എന്റെ കൂട്ടുകാര്‍ . സഹോദരീ സ്നേഹത്തിന്റെ സുഖമറിയാതിരുന്ന ഞാന്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ മരുപ്പച്ചകള്‍ തേടി അലയുകയായിരുന്നു . "
കടലിനോടോ  എന്നോടോ എന്നറിയാത്ത വണ്ണം അവന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു .
"അതെല്ലാം എനിക്കരിയാവുന്നതല്ലേ ? നീ ഇപ്പോള്‍ സങ്കടപ്പെടുന്നതെന്തിനാ..? ഫൌസിയെ നിനക്കിഷ്ടമാണ് എന്നെനിക്കറിയാം , പക്ഷെ അവള്‍ നിന്നെ വേറുത്തതെന്തിനാ ?"
 "ശരത് നീ കരുതുന്നുണ്ടോ ഞാന്‍ വെറുമൊരു മടയന്‍ ആണെന്ന് ? എന്റെ ജീവിതത്തിനു അര്‍ത്ഥവും വ്യാപ്തിയും കൈ വന്നതു ഞാന്‍ ഫൌസിയെ സ്നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ ആണ് . വീടിന്റെ ഉള്ളിലെ സംഘര്‍ഷങ്ങല്‍ക്കിടയിലും അവളുടെ ഓര്‍മ്മകള്‍ ആണ് എനിക്ക് ശാന്തിയും സമാധാനവും നേടിത്തന്നിരുന്നത് . അതുകൊണ്ടാണ് ദേവിയുടെ വാക്കുകള്‍ ഞാന്‍ ചെവി കൊള്ളാതിരുന്നത് . അവള്‍ അതില്‍ പരിഭവിച്ചിരുന്നെങ്കിലും ...എന്നില്‍ ഫൌസി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ . ഏകാന്ത രാവുകളില്‍ അവളുടെ ഫോട്ടോവില്‍ നോക്കി ആയിരം കഥകള്‍ ഞാന്‍ പറയുമായിരുന്നു . ഒടുവില്‍ ....."
അവന്‍ കൈകള്‍ കൊണ്ട് മുഖം പൊത്തി വിങ്ങി കരഞ്ഞു . എങ്ങലുകള്‍ക്കിടയില്‍ അവന്‍റെ വാക്കുകള്‍ ചിതറി വീഴുന്നുണ്ടായിരുന്നു .
"അവള്‍ എന്നെ വെറുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ തകരാന്‍ തുടങ്ങി . അവസാന ആശ്രയവും അറ്റു പോകുമെന്ന് വന്നപ്പോള്‍ ഞാന്‍ ഒരു പരീക്ഷണത്തിന്‌ മുതിര്‍ന്നു . അങ്ങനെയാണ് ഞാന്‍ മീനുവുമായി അടുത്തത്‌ . "
ഒരു തുടര്‍ക്കഥ കേള്‍ക്കുന്ന ലാഘവത്തോടെ ഞാന്‍ അവനെ കേട്ട് കൊണ്ടിരുന്നു .
അത് കണ്ടെങ്കിലും അവള്‍ എന്നെ സ്നേഹിക്കുമെന്നും , എന്നോട് മിണ്ടുമെന്നും ഞാന്‍ കരുതി . എന്നാല്‍ ...."
കടല്‍ രൌദ്രത വെടിഞ്ഞു ശാന്തയായി കഴിഞ്ഞിരുന്നു . നനഞ്ഞ കയ്യുകള്‍ കൊണ്ട് അവള്‍ നമ്മുടെ പാദങ്ങളെ തടവി തലോടി തിരിച്ചു പോയി .
ഇരുളില്‍ കടല്‍ തീരത്ത്‌ നിന്നും അവനെ ആശ്വസിപ്പിച്ചു തിരികെ കൊണ്ട് പോകുമ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഉള്ളില്‍ ഇപ്പോഴും ഉണ്ട് .
"ശരത് അവളെന്നെ സ്നേഹിചില്ലെങ്കില്‍ ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും . അല്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിക്കും "
അവന്‍റെ വാക്കുകള്‍ അന്ന് എന്നില്‍ ഉയര്‍ത്തിയത് വെറും സഹതാപം മാത്രം ആയിരുന്നു .
എനിക്ക് അറിയാമായിരുന്നു അവള്‍, ഫൌസി അവനെ സ്നേഹിക്കുന്നില്ല എന്ന് . കൂടെ പഠിച്ച മറ്റേതോരാളെയും പോലെ മാത്രമായിരുന്നു അവള്‍ക്കു അവനും . ഒരിക്കല്‍ കൂട്ടുകാരികള്‍ അവന്‍റെ ഇഷ്ടം അറിഞ്ഞു അവളെ കളിയാക്കിയപ്പോള്‍ അവള്‍ അവനെ ക്രൂദ്ധനായി നോക്കുകയും ഒരു പാട് ശകാരങ്ങള്‍ ചൊരിയുകയും ചെയ്തത് ഞാനും കേട്ട് നിന്നതാണ് . "നാണമില്ലല്ലോ പട്ടിയെ പോലെ ഇങ്ങനെ പിറകെ നടക്കാന്‍ " എന്ന അവളുടെ വാക്കുകള്‍ ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ കേട്ടിരുന്നത് ഞാന്‍ കണ്ടതുമാണ് . ഒരിക്കല്‍ അവളെ ഒന്ന് തൊടാന്‍ വേണ്ടി മാത്രം ബസ്സില്‍ അവള്‍ക്കു പിറകെ ചാടി കയറി കയ്യില്‍ ഉണ്ടായിരുന്ന വിലപിടിച്ച വാച്ചിന്റെ ഗ്ലാസ്സ് ഉടഞ്ഞു പോയതും , അതില്‍ ഒട്ടും പരിഭവം ഇല്ലാതെ , വിഷമം ഇല്ലാതെ അവളുടെ മുടിയില്‍ അവന്‍ മണപ്പിച്ചെന്ന സന്തോഷം പങ്കിട്ടതും മനസ്സില്‍ ഓടികയറി വരുന്നുണ്ട് .
കലാലയ ജീവിതം അവസാനിപ്പിച്ചു പോകുമ്പോള്‍ ആട്ടോഗ്രാഫ് പോലും അവള്‍ എഴുതി കൊടുത്തില്ല അവനു എന്നത് എനിക്ക് ഓര്‍മ്മ ഉണ്ട് . പിന്നീട് നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല . വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം . നഗരത്തിലേക്ക് കൂടുമാറിയ ഞാന്‍ പിന്നെ പഴയ സൌഹൃദങ്ങളില്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി .
ഇന്ന് ആ മനോരോഗ ആശുപത്രിയില്‍ ബാബുവിനെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വിടരുന്നത് സഹതാപം അല്ല , സങ്കടം ആണ് . അവള്‍ മനസ്സിലാക്കാതെ പോയ ആ സ്നേഹം . അതിന്റെ ബാക്കിയല്ലേ ഇന്ന് ഞാന്‍ ആ സെല്ലില്‍ കണ്ടത് .
"പ്രിയപ്പെട്ട ബാബൂ .... നിന്നോടെന്തു പറയാന്‍ ഞാന്‍ ... നിന്റെ ജീവിതം നീ ഒരു കളിപ്പന്ത് പോലെ തട്ടികളിച്ചു . ഒടുവില്‍ ഇന്ന് നീ ....."
കണ്ണുകള്‍ നിറഞ്ഞു ഒഴുകി . ഒരു തണുത്ത കൈവിരല്‍ പാട് അത് തുടക്കുമ്പോള്‍ ആണ് ഞെട്ടി ഉണരുന്നത് . അപ്പോഴും ശാരി അരികില്‍ ഇരിപ്പുണ്ടായിരുന്നു . സമയം എത്ര ആയി എന്നറിയില്ല . എത്ര നേരം ആയി അവള്‍ ഇവിടെ ഇങ്ങനെ ഇരിക്കുന്നുണ്ടാകും . ഞാന്‍ കണ്ണു തുറന്നത് കണ്ടു അവള്‍ നെറ്റിയില്‍ കൈ വച്ച് കൊണ്ട് ചോദിച്ചു .
"എന്താ ഏട്ടാ .. തല വേദനിക്കുന്നോ ? "
ഞാന്‍ ചിരിച്ചു ."
 അതെ വേദനിക്കുന്നു ... തല മാത്രം അല്ല മനസ്സും "
ഒരു നനുത്ത ചുംബനം ആയിരുന്നു അവളുടെ മറുപടി .പിന്നെ തന്റെ കവിളില്‍ കൈ വിരല്‍ പാടുകള്‍ പരതി നടന്നു . മെല്ലെ അവള്‍ എന്റെ നെഞ്ചിലേക്ക് മുഖം ചേര്‍ത്തു. അവളുടെ മുടിയിഴകളില്‍ വിരലോടിക്കുമ്പോള്‍ മനസ്സ് വിങ്ങുക ആയിരുന്നു . ജീവിതം പാഴാക്കി കളഞ്ഞ ആ സതീര്ത്യനെ ഓര്‍ത്ത്‌ .
---------------------------------ബി ജി എന്‍ വര്‍ക്കല .........1995



No comments:

Post a Comment