Saturday, December 22, 2012

നഗര സന്താനങ്ങള്‍

നിരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട് 
ചതുരകട്ടകളില്‍ പാതിമൂടും  ജാലകങ്ങള്‍ .
ഹൃദയംനുറുങ്ങുന്ന തേങ്ങല്‍ ചീളുകള്‍
ചിതറി വീഴുന്നോരീ തെരുവിന്‍ വഴിത്താരകള്‍ .

ചതുപ്പ് നിലങ്ങളില്‍ പുതഞ്ഞു താഴുന്നു
കരിവളകള്‍ തന്‍ മോഹന രാഗങ്ങള്‍
എരിയും  ശ്വാസത്തെ മിഴിയും കണ്കളാല്‍
അലകടല്‍ ഹൃത്തില്‍ നിറയ്ക്കുന്നു ജീവിതം .

മതിമോഹനം ചില മേടകള്‍ തന്നിലായ്‌
പതിതമാം  നടനത്തിന്‍ നൂപുരമുലയുന്നു
വിലപേശിയകലുന്ന മിഴികളില്‍ കൌടില്യം
വിറപൂണ്ടോരുടലിന്റെ നിറമേഴും കവരുന്നു .

ഇരുളില്ല പകലില്ല സന്ധ്യയും പുലരിയും
ഇവിടില്ല  മഴവില്ലും മയില്‍പീലിയും.
കരളുകള്‍ പൊടിയുന്ന കാമമാം മിഴികളില്‍
വഴുതികിടക്കുന്ന തെരുവുകള്‍ മാത്രം .!

രാവോന്നിരുളുംബോളിരതേടിയിറങ്ങുന്ന
കാട്ടുപൂച്ചകള്‍ തന്‍ കണ്ണുകള്‍ തിളങ്ങുന്നു.
നാവില്‍നിന്നിറ്റുന്ന ലഹരിതന്‍ദ്രാവകം, മുരളും
വിശപ്പിന്നാസക്തിയില്‍ കുഴയുന്ന തെരുവുകള്‍ .

ചതുരക്കളം തീര്‍ക്കുമാകാശ തിരശ്ശില പതിയെ
വിരല്‍ത്തുംബാല്‍ മാറ്റി നോക്കുന്നോരമ്പിളി തന്‍
മിഴിക്കോണിലുണ്ടൊരു ഭയം വിരിയുന്ന നോട്ടം
താഴെ പിടയുമാ പേടമാനിനെ കാണുന്ന മാത്രയില്‍ .

വിശപ്പാറി കഴിയുമ്പോളിരതന്‍ ഗര്‍ഭപാത്രത്തിന്നു-
ള്ളു ഭേദിക്കുന്ന ലോഹദണ്ടുകളില്‍ കരിംചോര,
മഞ്ഞിന്‍കൂടാരത്തിലെക്കാഞ്ഞു പതിക്കുമീ നഗ്നമാ-
പൂവുടല്‍ വിറയ്ക്കുന്നു കാഴ്ചകള്‍ തറയുമ്പോള്‍ .

മുകുളങ്ങള്‍ തന്നിതളുകള്‍ വിടര്‍ത്തി ജരാനരകള്‍
മധുപാനം ചെയ്യുന്നിരുള് കരയുന്ന  നേരം .!
പിടയുമീ ശിഖരത്തെ നിര്‍ലജ്ജം ചീന്തുന്നു
കൊഴിയുന്നു ചോരപൊടിയും ദളങ്ങള്‍ മണ്ണില്‍ .

കോണ്ക്രീറ്റ് ചതുരങ്ങള്‍ പേറുന്നുണ്ടാത്മാക്കള്‍
ലഹരിയില്‍  പുളയുന്ന മാദകമേദസ്സ്കള്‍
അധികാരം,പദവിയും ,ചതിയും, വികാരമറ്റ രതിയും
നിറയുന്ന വരണ്ട മനസ്സുകള്‍ തന്‍ മാനുഷാകാരങ്ങളെ .
--------------------ബി ജി എന്‍ വര്‍ക്കല ------------




No comments:

Post a Comment