Saturday, January 22, 2022

നിന്നെയെഴുതുമ്പോൾ

നിന്നെയെഴുതുമ്പോൾ...
........................................

ഇലകൾ ക്ക് നിറമെന്താണ് ?
പച്ച 
മഞ്ഞ
ബ്രൗൺ
അല്ലല്ല ചാരം.....
നിനക്കെന്ത് നിറമാകും?
നോക്കൂ,
നിൻ്റെ മിഴികളിൽ
ചാരത്തിൻ്റെ കലർപ്പ്.
നിൻ്റെ സ്വരങ്ങളിൽ
മഞ്ഞിൻ്റെ തണുപ്പ്.
നീ ചുംബിച്ച കാറ്റിനും,
നീ തൊട്ട നിലാവിനും
നിൻ്റെ ഉഷ്ണത്തെ അളക്കാനാകുന്നില്ലന്നോ?
അതോ,
നീ അവരെ
കബളിപ്പിക്കുന്നുവെന്നോ?
നിനക്ക്  മരണം എന്ന് നീ.
നിനക്ക് ജീവിതമെന്ന് ഞാൻ.
നമുക്ക് ഭ്രാന്തെന്നവർ...
എത്ര രസാവഹം അല്ലേ ലോകം!
നിൻ്റെ ഭാവങ്ങളിൽ എന്താണ് ഇല്ലാതെയുള്ളത്?
കള്ളത്തരം കാട്ടി നിന്നെ മറച്ചു പിടിക്കുന്നതോ?
സന്തോഷം അഭിനയിച്ചു 
നീ പറ്റിക്കുന്നതോ ?
കരയാൻ മറന്ന് ചിരിക്കുന്നതോ...
ഏതിലാണ് നിന്നെ ഞാൻ തിരയേണ്ടത്?
നിൻ്റെ നിർമ്മമമായ മൗനത്തിൽ,
നിൻ്റെ നിർവ്വികാരമന്ദസ്മിതങ്ങളിൽ,
നിൻ്റെ നിർദ്ദോഷ ഫലിതങ്ങളിൽ
നിൻ്റെ കണ്ണീരുപ്പു പുരണ്ട ചിരിയിൽ
എപ്പോഴൊക്കെയാണ് പെണ്ണേ
ഞാൻ നിന്നെ തൊട്ടത്' !
 നീയാകും വസന്തത്തെയും
നീയാകും ശിശിരത്തെയും
നിൻ്റെ ഗ്രീഷ്മത്തെയും
എപ്പോഴുമെന്ന പോലെ ഞാൻ മണക്കുന്നു.
ഓടിയൊളിക്കുവാൻ എളുപ്പമാണ്.
പാടി മുഴുമിപ്പിക്കുവാനാണ് പാട്.
കണ്ടു മറക്കാൻ കഴിയുകില്ലാത്ത
ബന്ധമെന്തെന്ന് നാമറിയുന്നുവോ?
@ബിജു ജി.നാഥ്

No comments:

Post a Comment