Monday, January 3, 2022

കവിത പറയുന്നവർ

കവിത പറയുന്നവർ
............................................

കവിത പറയാമെന്നവർ വാതുവയ്ക്കുന്നു.
ഏത് കവിതയെന്ന തർക്കത്തിന്
വിപ്ലവം എന്ന് മേൽക്കോയ്മ.
രക്തരൂക്ഷിതമായ തെരുവുകൾ സൃഷ്ടിക്കാൻ
പട്ടിണി മരണങ്ങൾക്കും 
പീഡനങ്ങൾക്കും സ്കോപ്പില്ലെന്നു തീർപ്പാകുന്നു.
അടിവസ്ത്രത്തിൽ രേതസ്സ് മണം തിരയുന്ന 
രാഷ്ട്രീയമോ
അതിരുകാക്കുന്ന ദേശീയതയോ
പശുത്തോലിൽ പുഴുവരിക്കുന്ന വർഗ്ഗീയതയോ 
ഏതാണ് വേണ്ടതെന്ന ചർച്ച മുഴുക്കുന്നു.
പുകയുന്നു...
സുവർണ്ണ ലായനികൾ ഒഴിയുന്നു...
വദനസുരതങ്ങൾ പൊടിപൊടിക്കുന്നു.
തളർന്ന ഉടലുകൾ വസ്ത്രം മറക്കുന്നു.
ചർച്ചയിൽ ഒടുവിൽ തീരുമാനമാകുന്നു.
അഗ്രം മുറിച്ചൊരു കവിതയിലേക്ക് 
തെരുവു സ്തംഭിക്കുന്നു.
ദൈവവിളിയെന്നോ
ദൈവ സ്തുതിയെന്നോ തിരിച്ചറിയാത്തിടത്ത്
ആണെന്നും പെണ്ണെന്നും എഴുതാത്തിടത്ത്
പുതിയ കവിത പിറക്കുന്നു.
കവിതയുടെ അഗ്രചർമ്മത്തിനെ ചൊല്ലി
തെരുവ് കത്തുന്നു.
കവിതയിലെ ദൈവനാമത്തെ ചൊല്ലി 
തെരുവു ചുവക്കുന്നു.
കവിതയിലെ മനുഷ്യരെത്തേടി
തെരുവു വിലപിക്കുന്നു.
അനന്തരം കവിതയിലെ വിതയും
കവന സൗന്ദര്യവും ചർച്ചയാകുന്നു.
മുഖം മൂടിയുള്ള മനുഷ്യർ 
കവിതയെ കണ്ടെത്തുന്നു.
കവിതയിലൂടെ അവർ കവിയെ തിരയുന്നു.
പിന്നെ,ചരിത്രം കവിയെ ഓർക്കുന്നു.
@ബിജു.ജി.നാഥ്

No comments:

Post a Comment