Friday, January 14, 2022

ഋതു, വാതായനങ്ങളുടെ മഴവില്ല്......... ഡോ. കെ.വി.സുമിത്ര

ഋതു , വാതായനങ്ങളുടെ മഴവില്ല് (കവിതകൾ), 
ഡോ. കെ. വി. സുമിത്ര, 
സുജിൽ പബ്ളിക്കേഷൻസ്
വില: ₹ 225.00


        കവിതകൾ സാഹിത്യത്തിൻ്റെ ആദിമ സന്താനങ്ങൾ ആണല്ലോ. അവയിൽ നിന്നുമല്ലേ പിൽക്കാല സാഹിത്യരൂപങ്ങൾ എല്ലാം രൂപം കൊണ്ടത്.! എന്താകും ആദ്യകാല കവിതകളുടെ ഇതിവൃത്തം. തീർച്ചയായും മറന്നു പോകാതിരിക്കാൻ , കാലത്തിന് സമ്മാനിച്ച വീരകഥകൾ തന്നെയാകും അവ. ചിലപ്പോൾ വിരഹിയായ കാമുകനോ കാമുകിയോ ഇണയുടെ ശ്രദ്ധയ്ക്കു വേണ്ടി പാടിയതോ പറഞ്ഞതോ ആയ വരികളുമാകാം. എന്തു തന്നെയാണെങ്കിലും കവിതകൾക്ക് ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള യാത്രയിലോ പരിണാമത്തിലോ ഇതിവൃത്ത ശോഷണം സംഭവിക്കാതെയുള്ള ഒന്നാണ് പ്രണയം എന്നു മനസ്സിലാക്കുന്നു. ജീവിതം , പ്രണയം, മരണം ഇവയുടെ ഇടയിലൂടെയുള്ള സഞ്ചാരിയാണ് മനുഷ്യൻ..! ജീവിതവും മരണവും തീരുമാനിക്കപ്പെടുന്നതും പ്രണയം തന്നെയാണ്. സ്വതന്ത്രമായ ഒരു നിലനില്പും അനന്തമായ നിർവ്വചനങ്ങളും നിറഞ്ഞതാണ് പ്രണയം . ലോകത്തെ ഒട്ടുമിക്ക സാഹിത്യ സൃഷ്ടികളിലും സംഭവിക്കുന്നത് പ്രണയം തന്നെയാണ്. ജിബ്രാനെയും റൂമിയെയും ഒക്കെ കാലം ഓർത്തു വയ്ക്കുന്നത് ആ ഒരു വിഷയം കൊണ്ടു തന്നെയാണല്ലോ. എഴുതപ്പെട്ടതും അറിയപ്പെടാതെ പോയതും എഴുതാനിരിക്കുന്നതും ഒക്കെയും പ്രണയമാണ്. 

         കൃഷ്ണനോടുള്ള ഭക്തിയും പ്രണയവും ഇല്ലാതെ ഭാരതത്തിലെ എത്ര സ്ത്രീകളെ കാണാനാകും. വിഭിന്നമായ മതങ്ങൾ കടന്നു വന്നിട്ടും കൃഷ്ണനൊപ്പം പിടിച്ചു നില്ക്കാൻ ക്രിസ്തു മാത്രമേയുള്ളൂ. ഭക്തിയുടെ മറവിലുള്ള പ്രണയത്തിൻ്റെ ഒളിച്ചുകടത്തൽ മാത്രമല്ലത്. നിശബ്ദം കവിതകളിലൂടെ കൃഷ്ണനെയും ക്രിസ്തുവിനെയും മുൻനിർത്തിക്കൊണ്ട് കാമിനികൾ തങ്ങളുടെ പ്രണയിതാക്കളോട് സംവദിക്കുന്നതാണത്. സുഗതകുമാരി കൃഷ്ണാ നീ എന്നെയറിയില്ല എന്നു പറയുമ്പോൾ മറുകാവ്യം പിറക്കുന്നതങ്ങനെയാണ്. ( വെറുമൊരുദാഹരണം മാത്രം ). സോഷ്യൽ മീഡിയകളിലെ പ്രണയകാവ്യങ്ങൾ ആണ് ഇക്കണക്കിൽ ഏറ്റവും നൂതനമായ സന്ദേശ കാവ്യങ്ങൾ. പ്രണയിക്കുന്നവർ പരസ്പരം താന്താങ്ങളുടെ വാളുകളിൽ പ്രണയ സന്ദേശങ്ങളും മറു കുറികളും നിർലോഭം കൈമാറുന്നു . വായനക്കാർ അതിൽ പുളകിതരും വികാരഭരിതരും ആകുന്നു. പ്രണയകാവ്യങ്ങളുടെ ഋതുഭേദങ്ങളാണ് ഡോ. കെ. വി. സുമിത്രയുടെ "ഋതു , വാതായനങ്ങളുടെ മഴവില്ല് "എന്ന പുസ്തകത്തിലെ കവിതകൾ. ഈ കവിതകൾ എല്ലാം തന്നെ പ്രണയവും വിരഹവും വേദനയും വിഷാദവും രതിയും ഉറഞ്ഞുകിടക്കുന്ന വികാര പ്രപഞ്ചത്തിൽ നിന്നു കൊണ്ടു സംവദിക്കുന്ന പ്രണയിനിയുടെ മനസ്സാണ് സമ്മാനിക്കുന്നത്. ജീവിതത്തിൻ്റെ സുഗന്ധത്തെയൊട്ടാകെ വാരിയെടുത്തണിയുന്ന ഒരുവളുടെ ആത്മനൊമ്പരങ്ങൾ എന്നവയെ പറയാൻ കഴിയും. ഏറ്റവും വിഷാദാത്മകമായ മനസ്സുകൾ രാവിൻ്റെ ഏകാന്തയാമത്തിൽ ഒറ്റക്കിരുന്നു കേഴുന്ന പ്രതീതിയുണ്ടാക്കുന്ന കവിതയിലെ വരികൾക്കൊക്കെ സാന്ദ്രമായ ഒരു സ്ഥായീഭാവം ഉണ്ട്. ഓർമ്മകളുടെ ഭാരം പേറി പറക്കാനാവാതെ ചിറകു കുഴഞ്ഞിരിക്കുന്ന ഒരു കിളിയെപ്പോലെയാണത്. പ്രിയനു വേണ്ടി പണിതീർത്ത ദേവാലയത്തിൽ മന്വന്തരങ്ങളായവൾ കാത്തിരിപ്പിലാണ്. പ്രണയിനികളുടെ ഒരു പരമ്പരയിൽ അവസാനത്തെ കണ്ണിയാകാനാഗ്രഹിക്കുന്നൊരാൾ.

       വാക്കുകൾ, ഉപമകൾ, പ്രതീകങ്ങൾ, ഗുപ്തമായ മൗനം തുടങ്ങി കവിതയ്ക്കാവശ്യമായ എല്ലാ ചേരുവകളും അറിയാവുന്ന കവിയുടെ ആദ്യ പുസ്തകമല്ല ഇത്. ഡോ.കെ.വി. സുമിത്ര മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള ഒരാളും പ്രമുഖ സ്ഥാപനങ്ങളിൽ എഡിറ്റർ തസ്തികയിൽ ജോലി ചെയ്തുവരുന്നതുമാണ്. തൻ്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചു പുസ്തകങ്ങൾ ഉള്ള കവി, തൻ്റെ അറിവും കഴിവും പക്ഷേ വേണ്ടവിധത്തിൽ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ല എന്നൊരു പരാതിയാണ് കവിതകൾ വായിച്ചു കഴിയുമ്പോൾ അനുഭവപ്പെടുന്നത്. ഒട്ടുമിക്ക പൊതുപ്രവർത്തകർക്കും ഉള്ള ഒരു പ്രധാന പ്രശ്നം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ കാണാനോ പരിഹരിക്കാനോ അവർക്ക് സമയം കിട്ടില്ല എന്നുള്ളതാണ്. തീർച്ചയായും ഇവിടെ കവിക്കും അതേ അവസ്ഥയാണ് സംഭവിച്ചത് എന്നു മനസ്സിലാക്കുന്നു. അക്ഷരത്തെറ്റുകൾ ഇന്നൊരു വലിയ വിഷയമായി പ്രസാധകരോ എഴുത്തുകാരോ ശ്രദ്ധിക്കാറില്ല എന്ന ഖേദകരമായ വസ്തുതയ്ക്കൊപ്പം തന്നെ പലപ്പോഴും കവിതയുടെ വായനകളെ വഴിതെറ്റിക്കുന്ന പുലബന്ധമില്ലാത്ത ഉപമകൾക്കും കാഴ്ചകൾക്കും വായനക്കാർ സാക്ഷിയാകേണ്ടി വരുന്നുണ്ട്. ഇത്തരം അവസ്ഥകളെ ഒരു വലിയ പരിധി വരെ മറികടക്കാൻ എഡിറ്റർ വിഭാഗത്തിനു കഴിയും. പക്ഷേ ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണക്കാർക്കും എഡിറ്റർ എന്ന സംഗതി വെറും അനാവശ്യമായി കരുതുന്ന ഒന്നായിട്ട് തോന്നുന്നു. 

      വരുംകാല രചനകളെ നല്ല രീതിയിൽ അടയാളപ്പെടുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു. കഴിവും ഭാഷയും കൈകളിലുള്ള ഇരുത്തം വന്ന ഒരു കവിയാണ് എന്നാൽ അലസത കൂടിയുണ്ട് കൂടെയെന്ന് ഓർമ്മിപ്പിക്കുന്നു. സസ്നേഹം ബിജു.ജി.നാഥ്



No comments:

Post a Comment