Friday, January 28, 2022

കേരള ചരിത്രം.....................പ്രൊഫ: എ ശ്രീധര മേനോന്‍



കേരള ചരിത്രം (ചരിത്രം )

പ്രൊഫ: എ ശ്രീധര മേനോന്‍

ഡി സി ബുക്സ്

വില: ₹ 399.00

 

 

ചരിത്രത്തെ വായിക്കുക എന്നാല്‍ നാം നമ്മെ അറിയുക എന്നാണർത്ഥം.  ആഫ്രിക്കയുടെ ഇരുണ്ട ഭൂമിയില്‍ നിന്നും വിവിധ വര്‍ണ്ണങ്ങള്‍ , ഭാഷകള്‍ , രൂപങ്ങള്‍ ഒക്കെയായി ഭൂമിയുടെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ച മനുഷ്യവര്‍ഗ്ഗം ! അതിന്റെ ഉത്പത്തിയും പരിണാമവും ശാസ്ത്രം പഠിപ്പിക്കുമ്പോള്‍, അതിന്റെ കറുത്ത ഹാസ്യം മതം പഠിപ്പിക്കുന്നു . തിരഞ്ഞെടുപ്പ് എന്നൊരു അവകാശം മനുഷ്യര്‍ക്കുണ്ടെങ്കിലും അവര്‍ അതിനു പ്രാധാന്യം നാല്‍കാറില്ലല്ലോ എല്ലാ കാര്യങ്ങളിലും . ചാള്‍സ് ഡാര്‍വിനും , ഡ്വാക്കിന്‍സും , സ്റ്റീഫന്‍ ഹോക്കിംഗും അടങ്ങിയ ശാസ്ത്ര ചിന്തകര്‍ പങ്കുവയ്ക്കുന്ന തെളിവുകളും അടിസ്ഥാന വിവരങ്ങളും വിവരിക്കുന്ന ശാസ്ത്രീയ ചിന്തകള്‍ അറിയാനോ വായിക്കാനോ മിനക്കെടുക വലിയ ബുദ്ധിമുട്ടുള്ള മനുഷ്യര്‍ക്ക് എളുപ്പമുള്ള വസ്തുത മതഗ്രന്ഥങ്ങള്‍ നല്‍കുന്ന അനായാസ അറിവുകള്‍ വിശ്വസിക്കുകയാണ് . അതിനാല്‍ ത്തന്നെ ചരിത്രത്തെ അറിയുക എന്നത് മനുഷ്യനു ഒരേ സമയം ആവശ്യവും അതുപോലെ അതൊരു പാഴ്ജോലിയുമാണ് . നാടിനെ അറിയുക നാട്ടാരെ അറിയുക ശേഷം നിങ്ങള്‍ അയല്‍ നാടുകളെ അറിയുക എന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത് എന്നു കരുതുന്നു . അതിനാല്‍ത്തന്നെ കേരളീയരായ എല്ലാവരും കേരള ചരിത്രം അറിയുന്നതു നല്ലതാണ് . പക്ഷേ എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒക്കെയും ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിന്റെ ചരിത്രം കൂടി തിരയേണ്ട ഗതികേടിലാണ് ചരിത്രാന്വേഷികള്‍ ആയ എല്ലാവരും . കേരളത്തിൻ്റെ ചരിത്രം പല വിധത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത് നമ്മുടെ എഴുത്തുകാര്‍ . പരശുരാമന്‍ മഴുവെറിഞ്ഞു കിട്ടിയ കേരളത്തിനെ പഴമയും പൊലിമയും പറയുന്ന ചരിത്രം മുതല്‍ നമുക്ക് വായനകള്‍ സുലഭമാണ് . കേരളം എന്ന പേരിനെ തെങ്ങുമായി കൂട്ടിയിണക്കുന്ന ചരിത്രകാരന്മാരും ഉണ്ട് . അതുപോലെതന്നെയാണ് ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ കാര്യവും . ഓരോ ജാതിക്കാരും തങ്ങളുടെ വേരുകള്‍ ഈ മണ്ണിലെയാണ് എന്നു തെളിയിക്കാനുള്ള ചരിത്ര രചനകളില്‍ ആണ് . ചിലരാകട്ടെ തങ്ങളുടെ ദേശസ്നേഹവും മത സൗഹാര്‍ദ്ധങ്ങളും വെളിപ്പെടുത്താനും ചിലര്‍ക്ക് തങ്ങളുടെ സ്വത്വബോധം തെളിയിക്കാനും ചരിത്ര രചനകള്‍ നടത്തുന്ന പാച്ചിലിലാണ് . ഇവരൊക്കെയും മുന്‍വിധികളും , ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിക്കപ്പെട്ട കുതിരകളുടെ കണ്ണുകളെ മൂടുന്ന വിധം മൂടികള്‍ അണിഞ്ഞവരുമാണ് . അതിനാല്‍ അത്തരം ചരിത്രങ്ങള്‍ക്ക് ഇന്ന് അടിസ്ഥാനമോ അംഗീകാരമോ ഉണ്ടാകുന്നില്ല . തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും ഒരളവു വരെ എന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് കഴിയുകയുമില്ല .

 

    കേരളചരിത്രം എന്ന പുസ്തകത്തിലൂടെ പ്രൊഫ. എ. ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ അറിയപ്പെടുന്നതും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുള്ളതുമായ വിഷയങ്ങളെ ക്രോഡീകരിക്കുക എന്നതാണ് . സംഘകാലവും തുടര്‍ന്നുമുള്ള കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക , ആത്മീയ ,സാഹിത്യ രംഗങ്ങളിലുള്ള മാറ്റങ്ങളും സംഭവങ്ങളും ഈ പുസ്തകത്തില്‍ വിശദമായി പറഞ്ഞു പോകുന്നുണ്ട് . സാഹിത്യത്തിലും സാമൂഹിക ഇടപെടലുകളിലും പുരാതന കേരളം കൈക്കൊണ്ടിരുന്ന സത്യസന്ധതയും പ്രോത്സാഹനവും ഇന്നത്തെ കേരള ജനതയില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത അത്രയും മനോഹരമായിരുന്നു എന്നു വായന പറയുന്നു . ജാതിവിവേചനം ഇല്ലാതിരുന്ന സാമൂഹ്യ ഇടം കേരളത്തിന് ഒരിക്കല്‍ സ്വന്തമായിരുന്നത്രെ . ഉന്നത ജാതിയോ നീച ജാതിയോ ഇല്ലാത്ത ഒരു ജനത . ഇവിടെ വ്യാപാരത്തിനായി വന്നിരുന്ന അറബികളും ക്രൈസ്തവരും പോലും ഒരു കാലം വരെ കച്ചവടം എന്ന കാര്യത്തില്‍ മാത്രമാണു ശ്രദ്ധ ചെലുത്തിയിരുന്നത് . ആറും ഏഴും നൂറ്റാണ്ടിന്റെ വരവോടെ ഇവിടെയും മതം എന്നൊരു ചിന്ത ഉണ്ടായിത്തുടങ്ങുന്നു എന്നു വായന അറിവ് നല്കുന്നു.  പുതിയ മതം അതിന്റെ സവിശേഷതകളും മേന്മയും നടിക്കുമ്പോഴാണ് തങ്ങളിലും ഒരു മതം ഉണ്ടെന്ന ചിന്ത കേരളീയരിലേക്ക് സംക്രമിക്കുന്നത് . അതേസമയം ക്രൈസ്തവ മതം അതിനും മുന്നേ കേരളത്തില്‍ വന്നിരുന്നുവെങ്കിലും അതിനീ മതചിന്ത ഉണര്‍ത്താനോ ഉയര്‍ത്താനോ താത്പര്യം ഇല്ലാതിരുന്നതോ അതോ അവരുടെ ഇടപെടല്‍ നയപരമായിരുന്നതോ ആയിരുന്നിരിക്കാം . എന്തായാലും പതിനഞ്ചാം നൂറ്റാണ്ടൊക്കെ ആകുമ്പോഴേക്കും ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭരണാധിപര്‍ പതിയെ ഇവിടെയും വര്‍ണ്ണ വ്യവസ്ഥയും ജാതി ചിന്തയും കടുത്ത തോതിലേക്ക് വ്യാപിപ്പിച്ചു തുടങ്ങിയിരിക്കുന്നതായി കാണാം . തുടര്‍ന്നങ്ങോട്ട് സംഘര്‍ഷങ്ങളുടെ കാലമാണ് . അറബികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയില്‍ നിന്നും തുടങ്ങുന്ന തുറന്ന യുദ്ധം പതിയെ അവരെ ആശ്രയിച്ച് കഴിഞ്ഞ രാജാക്കന്മാരിലൂടെ ജനങ്ങളിലേക്കും പടരുകയായിരുന്നെന്ന് കാണാം . അതിനെത്തുടര്‍ന്നാണ് കേരളത്തിനും പൊലിപ്പിച്ചു കാട്ടുന്ന വീര യോദ്ധാക്കളുടെ നിറം പിടിച്ച കഥകള്‍ക്ക് തുടക്കമിടുന്നതും. പരസ്പരം അധികാരം പിടിച്ച് നിര്‍ത്തനും വിപുലമാക്കാനും ബാഹ്യശക്തികളെ അനുവദിക്കുകയും ആദരിച്ചു എഴുന്നെള്ളിച്ചു കൂടെ നിര്‍ത്തുകയും ചെയ്ത ഭരണാധികാരികള്‍ കേരളത്തെ വിദേശ ശക്തികളുടെ അടിമകളാക്കാന്‍ വളരെ സഹായിച്ചു .

അവരുടെ സഹായത്തോടെ രാജ്യാതിര്‍ത്തികള്‍ വിശാലമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പരാദങ്ങളെപ്പോലെ പടര്‍ന്ന് കയറുകയും രാജാക്കൻമാര്‍ക്കും ദേശവാഴികള്‍ക്കും നാടും അധികാരവും നഷ്ടമാകുകയും ചെയ്തു . വ്യക്തമായ രീതിയില്‍ മതസ്പര്‍ദ്ധ ഉണരുന്ന വിധത്തില്‍ ബ്രിട്ടീഷ്കാരുടെ കാലത്തോടെ കേരളീയ വിഭാഗങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും ഹൈദരും പിന്ഗാമികളും അതിനു എണ്ണയൊഴിച്ചുകൊടുക്കുക കൂടി ചെയ്തപ്പോള്‍ കേരളത്തില്‍ രണ്ടു മതങ്ങളുടെ പ്രത്യക്ഷ വിരോധവും മൂന്നാം മതത്തിന്റെ കൌശലങ്ങളും മറനീക്കി മുന്നില്‍ എത്തിയിരുന്നു . ജാതി വിവേചനവും മറ്റും അതിന്റെ പൂര്‍ണ്ണതയില്‍ വരികയും പ്രക്ഷോഭങ്ങളും രക്തചൊരിച്ചിലുകളും കൊണ്ട് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകള്‍ കൂലങ്കുഷവുമായി മാറിക്കഴിഞ്ഞിരുന്നു . ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടത്തോടെ മാത്രമാണു ഇവയൊക്കെയും ഒരു വിധത്തിലെങ്കിലും സമവായത്തിന്റെ ഒരു രൂപത്തിലേക്ക് ഭാഗികമായെങ്കിലും വന്നു തുടങ്ങുന്നതെന്ന് കാണാം .

 

ചരിത്രത്തെ വായിക്കുക നമ്മെ അറിയുക എന്നത് തന്നെയാണ് . അതിനാല്‍ത്തന്നെ ഇത്തരം ചരിത്രരചനകള്‍ വായിക്കപ്പെടുക തന്നെ വേണം . പി ബാലകൃഷ്ണന്റെ കേരള ചരിത്രവും ജാതി വ്യവസ്ഥയും , റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനവും മനു വിന്റെ ദന്തസിംഹാസനവും ഒക്കെ വായിക്കുന്നതിനൊപ്പം പ്രൊഫസര്‍ ശ്രീധര മേനോന്റെ കേരള ചരിത്രവും വായിക്കപ്പെടുക വേണ്ടതുണ്ട് . പൂര്‍ണ്ണമായ സത്യങ്ങള്‍ എന്നോ ഇതാണ് ചരിത്രമെന്നോ എന്നല്ല ഇപ്പറഞ്ഞത്തിന് അർത്ഥം . പക്ഷേ തുറന്ന കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ വായിച്ചറിയാൻ ഇത്തരം രചനകള്‍ നമ്മെ സഹായിക്കുകയും ഒരു ധാരണയില്‍ എത്താന്‍ കഴിയുകയും ചെയ്യും . പഴയകാല സംസ്കാരവും , നിലവിലിരുന്ന സാമൂഹ്യ സാഹചര്യങ്ങളും ആചാരങ്ങളും ഒക്കെ അറിയാനും അവയുടെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ഇത്തരം വായനകള്‍ സഹായിക്കും . പരസ്പരം സ്പര്‍ദ്ധയോടെ ജീവിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവര്‍ ആരായിരുന്നെന്നും എപ്പോഴാണ് ഈ സ്പര്‍ദ്ധ അവര്‍ക്കിടയില്‍ വന്നതെന്നും അറിയാന്‍ കഴിയും . ഒരേ വംശവൃക്ഷത്തില്‍ നിന്നും പല ശാഖികള്‍ ആയി പിരിഞ്ഞവര്‍ പരസ്പരം നടത്തുന്ന യുദ്ധവും പകയും എന്തിനെന്ന് ചിന്തിക്കാന്‍ സഹായിക്കും ചരിത്ര പഠനങ്ങള്‍ . പക്ഷേ അവ ഒരിയ്ക്കലും മത ഗ്രന്ഥങ്ങളുടെ സംഭാവനകള്‍ ആയ ചരിത്രങ്ങളും പുരാണങ്ങളിലെ വീരനായക കോമിക് കഥാപാത്രങ്ങളുടെ ചുവടു പിടിച്ചതോ ആകരുതെന്ന് മാത്രം . ആശംസകളോടെ ബിജു.ജി.നാഥ്


No comments:

Post a Comment