Wednesday, January 26, 2022

അവകാശദിനാശംസാ കമ്മിറ്റി.

അവകാശദിനാശംസാ കമ്മിറ്റി.
..........................................................
കമ്മിറ്റിയിൽ കേട്ട വാക്യങ്ങൾ ഒക്കെയും
എങ്ങനെ ആഘോഷം പൊടിച്ചിടാമെന്നാ.
നാരായണേട്ടൻ ആദ്യം ഉച്ചത്തിൽ ചൊല്ലീ
നമ്മൾക്ക് വേണ്ടത് സംസ്കാരഷോയല്ലോ.

ചാടിയെണീറ്റിട്ട്  വിജയൻ പറഞ്ഞപ്പോൾ 
നമ്മടെ പിള്ളേർ ഒരുക്കുന്നുണ്ടിടിവെട്ട്.
എന്താണ് കാണട്ടെ എങ്കിലെന്നേവരും
ഒന്നായി പുരികം ഉയർത്തി നോക്കി വ്യഗ്രം.

നാരായണഗുരുവങ്ങിരിപ്പൂ യോഗാസനം.
കൂട്ടത്തിലുണ്ട് ജഡായുവും ചിറകറ്റങ്ങനെ!
കണ്ണു മിഴിച്ചു നാരായണാദി ചോദിപ്പൂ വേഗം
എന്താണീ കാണ്വത് നാരായണ നാരായണ .

പെട്ടെന്ന് ചാടിയെണീറ്റ വേലായുധൻ കാണി
ചൊല്ലീ മീശപിരിച്ചു കൊണ്ടങ്ങ് ഗർവ്വോടെ.
ദേശസ്നേഹത്തിൻ തനിമയുള്ളോരിവർ
തന്പ്രതിമകൾ നാം വയ്ക്കുന്നു കാണുക.

നാരായണനും ജഡായുവും പിന്നെയാ
സുബ്രമണ്യ ഭാരതീം കൂട്ടരും ആരാണ് ?
നിങ്ങളറിയൂ പ്രിയ സോദരേ നമ്മുടെ
സംസ്കാരമെന്തെന്ന് ആഴത്തിലീക്ഷണം.

ശങ്കരനെ നിങ്ങൾ ഓർക്കുക മേലിലും
ചാതുർവർണ്യത്തിൻ്റെ ശില്പിയാണാ ഭുവൻ
കൂട്ടത്തിൽ നിങ്ങൾ കണ്ടീടുക മറക്കാതെ
വീര ഹനുമാനും ഗർദ്ദഭദേവിയും കൂട്ടരും.

നീലനിറമാർന്ന പോത്തിനെ കാണുകിൽ
ഓർക്കുക നിങ്ങൾ തൻ സംസ്കാരമാണത്.
ക്ഷേത്രവും സംസ്കൃതി തന്നുടെ ഛായയും
കണ്ടു കൺകുളിർത്തീടണം നാം കൂട്ടരെ.

ഇങ്ങനെ ചൊല്ലിയാ നാരായണാദികൾ
ചെമ്മേ വായടപ്പിച്ചാ വിജയാദിയെ സത്വരം!
മെല്ലെയവർ ഓർമ്മിപ്പിച്ചാദി മനുവിൻ്റെ
ചാതുർവർണ്യത്തിലാ ചണ്ഡാളനിലയെന്ത്.

ഓച്ഛാനിച്ചപ്പോൾ കുനിഞ്ഞു നിന്നാ ജനം
ഒരുമയോടൊന്നിച്ചു വിളിച്ചൂ ഹർഷാമോദം.
ജയിക്കട്ടെ ജനനി , ജയിക്കട്ടെ സംസ്കാരം.
കുമ്പിട്ട് നില്ക്കാം നാം, വരിക പ്രഭോ വേഗം.
@ബിജു ജി.നാഥ്


No comments:

Post a Comment