Saturday, January 1, 2022

അവസാനമൊഴി

 


അവസാനമൊഴി

..................................

 

വേദനിക്കുന്നു ഞാന്‍ നിന്നെയോര്‍ത്തിന്നഹോ !

വേദനയല്ലാതെ എന്തുണ്ട് നീ തന്നു ?

പൊട്ടിയടരുമെന്‍ ഹൃത്തിന്റെ ഭിത്തിയില്‍

ഒട്ടിച്ചു ചേര്‍ത്തതാണെന്നേ നിന്നെ ഞാൻ;


എത്ര വസന്തങ്ങള്‍, പുഷ്പിച്ചിടാതെന്റെ

ഓര്‍മ്മതന്‍ വാടിയില്‍ മരവിച്ചുറങ്ങി...

എത്ര മഴക്കാലം എന്റെ ഹൃദന്തത്തെ  

തെല്ലും നനക്കാതെ പെയ്തൊഴിഞ്ഞങ്ങനെ.


എന്നും പ്രതീക്ഷതന്‍ വെള്ളി വെളിച്ചത്തെ

സ്വപ്നം കണ്ടു ഞാന്‍ നിദ്രയെ പൂകി.

എന്നും പുലരിയില്‍ കണികണ്ടുണരുവാന്‍

നിന്നെ മോഹിച്ചു കണ്‍ തുറന്നു. 


ഹേ എന്റെ സൂര്യ!  ഹേ എന്റെ ആകാശമേ!

പോകുക എന്നെയീ ഇരുളില്‍ ഉപേക്ഷിച്ച്.

വിട്ടുപോയീടുക കാറ്റും വെളിച്ചവും

വിട്ടകന്നീടുക സ്നേഹബന്ധങ്ങളും .


ഒറ്റയ്ക്ക് ഞാന്‍ തീര്‍ത്ത മണ്‍പുറ്റിലെന്നെ

വിട്ടേച്ചു പോകുക, തിരികെ വന്നീടായ്ക നീ.

കത്തിച്ചു വച്ചോരു മണ്‍വിളക്കിന്‍ നാളം

ഊതിക്കെടുത്തുക കാറ്റേ മടിവേണ്ടിനി.

 

പൂര്‍ണമാകാത്തൊരു കാവ്യം പോലെ,

മുഴുമിക്കാനാകാത്തൊരു ചിത്രം പോലെ,

പറയാന്‍ മറന്നോരു പ്രണയം പോലെ

അകലാന്‍ കൊതിക്കുമീ ജീവന്‍ പിടയുമ്പോള്‍...


അരുതിനി പറയരുതു നീ പടുവാക്കുകള്‍.

അറിയാതെ പോലും നല്‍കരുത് സ്വപ്നങ്ങള്‍.

ചിതയില്‍ എരിയുമെന്‍ ഹൃദയത്തിനോട്  

അരുതു നീയിനി മിടിക്കാന്‍ പറയരുതേ .

 @ബിജു ജി നാഥ്

No comments:

Post a Comment