ഒരേ കടൽ നീന്തി കടക്ക നാം.!
...................................................
അരയിലൊരൊറ്റ മുണ്ടുമായ-
രികിലിരിപ്പു നീയെൻ്റെ ഓമലേ !
നനുനനെ തൂവലുടലു പോലെ
തിളങ്ങുന്നു നിൻ കവിളുകൾ മോഹനം.
ഇരുണ്ട ചുവപ്പിൽ വരണ്ട നിൻ
അധരദളങ്ങൾ,വിടർന്നപുഷ്പം.!
കറുകറുപ്പിൽ വെള്ളിക്കസവണി-
ഞ്ഞുടലിൽമൂടിക്കിടക്കും ചികുരവും.
പ്രണയമോ വാത്സല്യമോ ,ആരാകിലെന്ത്
മതിവരുവോളം കുടിച്ചുവറ്റിച്ചൊരാ
പഴയ പ്രസരിപ്പിൻ തുടുതുടുപ്പിൻ്റെ
ഒഴിഞ്ഞ സഞ്ചി പോൽ ഉണക്കമുന്തിരികൾ!
ഒടിഞ്ഞു തൂങ്ങും ചുമലിൽ, ചുമടെടുപ്പിൻ
കൊടിയ ഭാരത്തിൻ കാളിമ പടർന്നതോ.
വരണ്ട കൺകൾ തൻ മഷിക്കറുപ്പിൻ
ചിരിയിൽ വിരിയും പൂക്കളെ നോക്കി
ഞാനരികിലിരിക്കുന്നു നിർന്നിമേഷനായ്.
പറയുക നിൻ്റെ പ്രണയത്തിനെന്ത്
മധുരമെന്ന് ഞാൻ പറഞ്ഞതിൻ മറുപടി.
പകരുക നിൻ ജീവിതാഗ്നിതൻ ചൂടിൽ
വിടരുമാ പുഷ്പദളങ്ങൾ തൻ മധു.
ഒരു നിമിഷത്തിൻ്റെ ലഹരി പൂക്കുന്ന
നീലക്കടലു നാമിനി നീന്തിക്കടന്നിടാം.
..... ബി.ജി.എൻ വർക്കല
No comments:
Post a Comment