Tuesday, June 30, 2020

ഊണ് കാലമാകുമ്പോള്‍...


ഊണ് കാലമാകുമ്പോള്‍...
..........................................

കൈ കഴുകി പലകയില്‍ ഉണ്ണാനിരിക്കുമ്പോള്‍
പിഞ്ഞാണം നിറയെ ചോറും
കടല്‍മീന്‍ കറിയും
കൂട്ടിക്കുഴച്ചു വിഴുങ്ങാന്‍ എന്താ രസം !

മീൻകറിയില്ലാത്ത ദിവസം
ചോറ് കഴിക്കാന്‍ പറയുമ്പോള്‍ തന്നെ കരയുമായിരുന്നു .
കാലം കടന്നു പോയി.

അമ്മയുടെ മീന്‍കറി ചോറ് ഓര്‍മ്മകളില്‍ നിറച്ചു
അന്യ നാടുകളില്‍
തനിയെ കറി വച്ച് കഴിക്കുന്ന രസം
എന്തോ കഴിച്ചു
എന്തിനോ കഴിച്ചു .

ജീവിതത്തില്‍ ഒരു പങ്കാളി വന്നു
കറിയുടെ രുചി മാറി
വിഭവങ്ങളും പുതിയതായി .
പല നാടുകളില്‍
പല ഭാഷക്കാര്‍
പല രസങ്ങള്‍
എങ്കിലും എപ്പോഴും
രസമുകുളങ്ങളില്‍ നിറയുക
അമ്മ വച്ച
നെത്തോലിയും അയലയും  പച്ചത്തേങ്ങയരച്ചു വച്ചതും
ചൂരയും നെയ്‌ച്ചാളയും പുളീം വെള്ളോം വച്ചതും
ചാളത്തല ചട്ടിയില്‍ അവിച്ചതും
ഒക്കെയും ഒക്കെയും മാത്രമാണ് .

കാലം കഴിഞ്ഞു
ഇന്നമ്മ വച്ചാലും കറിയില്‍ കാണാന്‍ ഇല്ല
അന്നത്തെ അമ്മയുടെ പാചകരസം.
മാറിയത് രസമറിയാന്‍ ഉള്ള കഴിവാകുമോ ?
-----------ബിജു ജി നാഥ് വര്‍ക്കല


No comments:

Post a Comment