Monday, June 22, 2020

മനസ്സറിഞ്ഞ ജീവിതം ....... ജയശ്രീ പ്രകാശ്




മനസ്സറിഞ്ഞ ജീവിതം (നോവല്‍)
ജയശ്രീ പ്രകാശ്‌
മാതൃഭാഷ ബുക്സ്
വില : 130 രൂപ


നോവലുകള്‍ എപ്പോഴും ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന വലിയ വായനകള്‍ ആണ് . ഓരോ ജീവിതത്തെയും അടയാളപ്പെടുത്താന്‍ ഒരു നോവലിന് കഴിയുന്നത്ര എളുപ്പമല്ല ഒരു കഥയോ കവിതയോ കൊണ്ടുള്ള ചിത്രീകരണം . അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണമായ ഒരു ജീവിതത്തെ അടയാളപ്പെടുത്തേണ്ടി വരുമ്പോള്‍ എപ്പോഴും നോവല്‍ എന്ന സാഹിത്യ ശാഖയെ തന്നെ ആശ്രയിക്കേണ്ടി വരിക സ്വാഭാവികമാണ് . ഇത്തരം, ജീവിതങ്ങളുടെ അടയാളപ്പെടുത്തലുകള്‍ വായനക്കാരെ പരിചയപ്പെടുത്തുക ഓരോ കാലങ്ങളും സംഭവങ്ങളും സംസ്കാരവും ജീവിതരീതികളും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഒരു നോവല്‍ എന്നത് ഒരു ജീവിതം മാത്രമല്ല ഒരു സംസ്കാരമോ ഒരു ഭൂവിഭാഗത്തിന്റെ അടയാളപ്പെടുത്തലോ ഒക്കെയായി മാറും . കാലത്തെ അതിജീവിച്ച ഓരോ നോവലുകളും, ഇതിഹാസങ്ങളും വായനക്കാരെ ആകര്‍ഷിച്ചു നിലനില്‍ക്കുന്നത് ഈ പ്രത്യേകതകള്‍ കൊണ്ട് മാത്രമാണ് . നോവല്‍ രചനകള്‍ അതുകൊണ്ട് തന്നെ വ്യക്തമായ പഠനങ്ങളും പ്രമേയത്തോടുള്ള ആത്മാര്‍ഥതയും ഒക്കെ നിലനില്‍ക്കുന്ന അടയാളപ്പെടുത്തലുകള്‍ ആകണം . അടുത്തിടെ വായിച്ച സാറാ ജോസഫ് എഴുതിയ ബുധിനി ഇത്തരത്തില്‍ ഉള്ള ഒരു അടയാളപ്പെടുത്തലിനെ സാക്ഷ്യപ്പെടുത്തുന്ന നോവലാണ് എന്ന് പറയാം. പഴയകാല നോവലുകളായ ചെമ്മീന്‍ , കയര്‍ , ഒരു ദേശത്തിന്റെ കഥ , ഖസ്സാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍, ദല്‍ഹി  തുടങ്ങിയ ഒരുപാട് നോവലുകള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നുണ്ട്.  ഇവയൊക്കെ ഓര്‍മ്മിപ്പിക്കുന്നത് ഇന്നും നല്ല നോവലുകള്‍ ഉണ്ടാകുന്നില്ല എന്ന് പറയാനോ സ്ഥാപിക്കാനോ അല്ല പക്ഷേ നോവലുകള്‍ക്ക് സ്വത്വബോധം നഷ്ടമാകുന്നു അവ വെറും രചനകള്‍ ആയി മറവിയിലേക്ക് കളയാന്‍ ബാധ്യസ്തമാകുന്നു എന്ന് സൂചിപ്പിക്കുവാനാണ് .  അടുത്ത കാലത്ത് വായിച്ച നല്ല നോവല്‍ ഏതെന്നു ഒരു സര്‍വ്വേ നടത്തിയാല്‍ പുതിയകാല നോവലുകളുടെ എത്ര പേരുകള്‍ ഓര്‍മ്മയില്‍ വരും എന്ന ചോദ്യം സ്വയം ഓരോ വായനക്കാരും ചോദിക്കുന്നതിനൊരു ചിന്തയുണ്ടാക്കുക എന്നൊരു ഉദ്ദേശ്യ ഇല്ലാതില്ല.

എഴുത്തുകാരിയും  അധ്യാപികയുമായ ജയശ്രീ പ്രകാശ് ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി വീട്ടമ്മയാണ്. കവിതയുടെ തട്ടകത്തില്‍ നിന്നുള്ള ഒരു ചുവടുമാറ്റമോ ശ്രമമോ ആണ് നോവല്‍ രചന എന്ന് തോന്നിപ്പിക്കുന്ന അവരുടെ ആദ്യ നോവല്‍ ആണ് "മനസ്സറിഞ്ഞ ജീവിതം". നോവല്‍ രചനകളുടെ പരമ്പരാഗത മാമൂലുകള്‍ ഒന്നും വശമില്ലാത്ത ഒരാള്‍ നോവല്‍ എഴുതുമ്പോള്‍ സംഭവിക്കുക സത്യസന്ധത എഴുത്തില്‍ കൊണ്ട് വരാന്‍ ഉള്ള ശ്രമമാകും . അത്തരത്തില്‍ സത്യസന്ധത മാത്രം കൊണ്ട് ഒരു നോവലിനെ അടയാളപ്പെടുത്താന്‍ കഴിയുമോ എന്നത് പിന്നീടുള്ള ചിന്തയാണ് . ഈ നോവലില്‍ ജയശ്രീ പറയാന്‍ ശ്രമിക്കുന്നത് മായ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് . അവളുടെ കുട്ടിക്കാലത്ത് നിന്നും യൗവനത്തിലെ ഒരു ഭാഗം വരെ കൊണ്ട് വന്നു നിര്‍ത്തുന്ന രീതിയില്‍ അല്ലെങ്കില്‍ വര്‍ത്തമാന കാലത്ത് നിനുകൊണ്ട് തന്റെ ഭൂതകാലത്തിലൂടെ സഞ്ചരിച്ചു ഇന്നില്‍ വന്നു നില്‍ക്കുന്ന പോലെ അവതരിപ്പിക്കുന്നു. . എല്ലാ പെണ്‍കുട്ടികളെയും പോലെ ഒരു സാധാരണക്കാരിയായ നാട്ടിൻ പുറത്തുകാരിയായ ഒരു കുട്ടിയായാണ് മായ ജനിച്ചതും വളര്‍ന്നതും. കൂട്ടുകുടുംബ വ്യവസ്ഥിതിയുള്ള ഒരു കുടുംബ പശ്ചാത്തലത്തിലാണ് അവളുടെ ബാല്യകൗമാരങ്ങൾ. സ്നേഹവും, ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും ദാമ്പത്യത്തിലെ കെട്ടുറപ്പുകളും മായയുടെ ജീവിതത്തിലെ അനുഭവ പാഠങ്ങള്‍ ആണ്. തന്റെ ജീവിതം കൊണ്ട് ചുറ്റുപാടിൽ മുഴുവൻ  പോസിറ്റീവായ ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ മായ ശ്രമിക്കുന്നത് കാണാം . ദാമ്പത്യജീവിതത്തിലെ ഇഴയടുപ്പങ്ങള്‍ നഷ്ടമാകുന്നതും,  കുട്ടികള്‍ക്കിടയിലെ മാനസിക പ്രശ്നങ്ങളും, മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ കുടുംബ ജീവിതത്തെ ബാധിക്കുന്നതും അതുപോലെ ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരുടെ ജീവിതത്തെ തിരികെ പിടിക്കാന്‍ ഉള്ള ശ്രമങ്ങളും ഒക്കെയും മായ എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വ വികാസത്തിന്റെ ഉദാഹരണവും മാനുഷികമായ കാഴ്ച്ചപ്പാടുകളുടെ ഉന്നതിയുമാണ് കാണിക്കുന്നത് . ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മായയെ അവതരിപ്പിക്കുന്ന ജയശ്രീ, മായയുടെ കാഴ്ച്ചപ്പാടിലൂടെയും ചിന്തകളിൽ  കൂടെയും ആ ജീവിതത്തെ പറഞ്ഞു പോകാന്‍ ശ്രമിക്കുന്നു .  കഥാപാത്ര ചിത്രീകരണങ്ങള്‍ പലപ്പോഴും പാളിപ്പോകുക കഥാപാത്രങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് അവരുടെ ചിന്തയും സംഭവങ്ങളും ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് . ഇവിടെ മായയെ അവതരിപ്പിക്കുമ്പോൾ ജയശ്രീ അനുവിക്കുന്നതും ആ ഒരു ബുദ്ധിമുട്ടാണ് . പലപ്പോഴും മായയെ അവതരിപ്പിക്കുന്ന രീതി ഒരു പറഞ്ഞുപോക്ക് പോലെയോ വിവരണം പോലെയോ ഒക്കെ ആകുന്നു . ഒരു കഥ ആരോ പറഞ്ഞു കേള്‍പ്പിക്കുന്ന പ്രതീതി ചിലപ്പോ സംഭവിക്കുന്നു മറ്റു ചിലപ്പോള്‍ കഥാപാത്രം തന്നെത്തന്നെ അവതരിപ്പിക്കുന്നു . ഏതു രീതിയിലായാലും കഥാപാത്രത്തിൻ്റെ ശരിയായ പാത്ര വത്കരണവും മാനസിക സഞ്ചാരങ്ങളും ദ്യോതിപ്പിക്കുവാനും അത് വായനക്കാരില്‍ ശരിയായി സന്നിവേശിപ്പിക്കുവാനും കഴിയാത പോകുന്നുണ്ട് . ഇത്തരം ബുദ്ധിമുട്ടുകള്‍, എഴുത്തില്‍ കാണിച്ച ധൃതിയും വായനയുടെ കുറവും കൊണ്ടാകാനാണ് സാധ്യത . ചിലപ്പോഴൊക്കെ മുട്ടത്തു വര്‍ക്കി കഥകളുടെ ഒഴുക്കും ശീലും കടന്നു വരുന്നുണ്ട് എങ്കിലും പാത്ര സൃഷ്ടിയിലും നോവല്‍ രചനയിലും ഇനിയും ഒരുപാട് മുന്നേറാന്‍ ഉണ്ട് ഈ എഴുത്തുകാരി എന്ന് ഈ ആദ്യ നോവലിലൂടെ തന്റെ ബാലാരിഷ്ഠതകള്‍ നിരത്തി വായനക്കാരോട് പറയുന്നുണ്ട് .

നല്ല കഥയാണ് . നല്ലൊരു ഇതിവൃത്തവും അതുപോലെ സന്ദേശവും അടങ്ങിയ നോവല്‍ . കുറേക്കൂടി മനസ്സിരുത്തി എഴുതുകയായിരുന്നുവെങ്കില്‍ അതിനെ  കുറച്ചുകുടി മെച്ചമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നി .

കവിതയില്‍ നിന്നും നോവലിലേക്ക് ചുവടു മാറിയ ജയശ്രീയുടെ ഈ ആദ്യ സംരംഭം ഒരു അനുഭവമായി, പരീക്ഷണമായി കരുതി കൂടുതല്‍ മെച്ചപ്പെട്ട നോവലുകള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല





No comments:

Post a Comment