Wednesday, November 14, 2012

നിഴല്‍ യുദ്ധം


മനസ്സ് മുറിച്ചു വച്ചപ്പോള്‍ സ്നേഹം വിടവാങ്ങിപ്പോയ്
പരിഭവം കരഞ്ഞു തീരുമ്പോള്‍ രാത്രി പുലരുന്നു .
നിന്റെ മിഴികളിലെ നനവിന് പറയാന്‍ കഥകള്‍
ഇലകൊഴിഞ്ഞ ശിശിരത്തിന്റെ ഓര്‍മ്മകള്‍ പോലെ വാടി നില്‍ക്കുന്നു .

മരുഭൂമിയില്‍ പെയ്തൊഴിയും മഴ പോലെ ആണ് സ്നേഹം !
ഒരു സാന്ത്വനം പോലെ കടന്നു വരുന്നതും
ഒരു പ്രളയം പോലെ കവര്‍ന്നെടുക്കുന്നതും
ഒരു വരള്‍ച്ച പോലെ വിണ്ടുകീറുന്നതും നിമിഷങ്ങളിലാണ് .

ബന്ധങ്ങളുടെ രസച്ചരട് നേര്‍ത്ത മുടിയിഴപോലെ
ശക്തമായ ഒരു തിരയ്ക്കതിനെ മുറിക്കാനാകില്ലെന്നാല്‍
ചെറിയ മാരുതനത് കവര്‍ന്നു പോകാം ഇരുളിലേക്ക്
പരന്ന കടല്‍ പോലെ മൌനം ബാക്കി ആയിടാം .

ഉപാധികള്‍ക്ക് മേല്‍ അടയിരിക്കുന്ന സൌഹൃദങ്ങള്‍
നിനക്കും എനിക്കുമിടയില്‍ സ്നേഹജാലകം തീര്‍ക്കും .
അളവുകോലുകള്‍ക്കു മുന്നില്‍ അധികമാകുന്നതു
തിരഞ്ഞെടുക്കാന്‍ മതിലുകളില്ല ഇടയിലായെന്നത് മറന്നിടായ്ക .

അക്ഷരങ്ങള്‍ക്ക് തീമഴയാകാന്‍ തലച്ചോര്‍ മതിയെങ്കിലും
നിന്റെ വളകിലുക്കം അവയില്‍ പ്രണയത്തുള്ളികളായ്
ചിലപ്പോഴൊക്കെ എന്റെ ചിന്തകള്‍ ഊഷരമാക്കുന്നു
നിന്റെ മുന്നില്‍ ഞാന്‍ എല്ലാം അടിയറവു പറയുന്നു .

എന്റെ സാമ്രാജ്യങ്ങള്‍ , എന്റെ ബാഹുക്കള്‍ ,
എന്റെ ആയുധങ്ങള്‍ , ഞാന്‍ തന്നെയും ഇല്ലാതാകുന്നു
എന്റെ മിഴികളില്‍ നിന്റെ അധരങ്ങളിലെ ചുവപ്പും
എന്റെ കര്‍ണ്ണങ്ങളില്‍ നിന്റെ മധുരസ്വരവും മാത്രം .

ചരിത്രം ആവര്‍ത്തിക്കുന്നു പിന്നെയും , പിന്നെയും
ഇരുളില്‍ ഒരു സ്വരം കേള്‍ക്കാം ലോലമായ്‌ .
പെണ്ണും മണ്ണും നമുക്കിടയില്‍ ഇല്ല പ്രതിരോധത്തിന്
പിന്നെന്തിനു നാം പിരിയണമിടവഴികള്‍ പിരിയുന്നിടത്ത് ?.
പിന്നെന്തിനു നാം പരസ്പരം ചോണനുറുമ്പുകളാകണം  ?
-------------------ബി ജി എന്‍ വര്‍ക്കല -----------------

No comments:

Post a Comment