Thursday, November 1, 2012

പുണ്യം പേറുന്ന ശാപജന്മങ്ങള്‍

അമ്മെ ഭയമാകുന്നെനിക്കെന്റെ
യൌവ്വനം നല്‍കുമീ സമ്പത്താല്‍
നക്ഷ്ടമാകുന്നെന്റെ സ്വകാര്യത ,സ്വാതന്ത്ര്യം ,
നക്ഷ്ടമാകുന്നെന്റെ ശബ്ദവും .

മുഖമുയര്‍ത്തിയീ  ലോകത്തെ നോക്കുവാന്‍
ഉള്ളുതുറന്നൊന്നു  പൊട്ടിച്ചിരിക്കുവാന്‍
ആഴിതന്‍ തീരത്തൊന്നൊറ്റക്കിരിക്കുവാന്‍
വീഥികള്‍ തോറുമലസം നടക്കുവാന്‍

നാടകശാലയില്‍ , സായാഹ്നകുടനിവരും
ഭോജനാലയങ്ങളില്‍ സ്വപ്നത്തില്‍ മുഴുകുവാന്‍
എങ്ങുമേയില്ലൊരു സ്വാതന്ത്ര്യമെനി-ക്കെന്നും
വിലക്കുകള്‍ തന്‍ ചക്രവ്യൂഹം മാത്രം ചുറ്റിലും  .

ചിറകു വിരിച്ചു പറക്കുവാന്‍ കഴിയാത്ത
കൂട്ടിലെ കിളിയായി വളര്‍ത്തീടുവാന്‍
എന്തുണ്ടെന്നിലുമവനിലും വേറിട്ട്‌
ലിംഗഭേദമെന്ന ന്യൂനതയല്ലാതെ ?

വേണ്ടെനിക്കീ സ്ത്രൈണഭാവങ്ങളൊന്നുമേ
വേണ്ടെനിക്കീ അംഗലാവണ്യങ്ങളും
പ്രസവിക്കുവാന്‍ വേണ്ടി മാത്രമായുള്ള
ഉത്പാദനയന്ത്രമാകുവാന്‍ വയ്യിനി .

ഉണ്ട് വികാരങ്ങള്‍ ,വിചാരങ്ങള്‍ , മോഹങ്ങള്‍
മണ്ണില്‍ പുരുഷനുള്ളത് പോലെനിക്കുമേ
ഇണചേരുവാന്‍ വേണ്ടി മാത്രമല്ലീ  ദേഹം
ചിറകറ്റ പക്ഷികളല്ല ഞങ്ങള്‍ കേവലം .

വിശക്കുമ്പോള്‍ ഭക്ഷണം വച്ച് വിളമ്പാനും
മുഷിയുമ്പോള്‍ വസ്ത്രം തിരുമി ഉണക്കാനും
കോപത്തിന്‍ അഗ്നിയെ ദേഹിയില്‍ താങ്ങാനും
കാമത്തിന്‍ ക്രീഡയില്‍  ഉപകരണമാകാനും .

ആവശ്യനേരത്ത് മാത്രം സ്നേഹിക്കുന്ന
ചാണക്യവേഷമഴിക്കുക പൌരുഷമേ
സ്നേഹിക്ക ഞങ്ങളെ വയ്യിനി താങ്ങുവാന്‍
മണ്ണിലീ അടിമത്തം, ഞങ്ങളും തുല്യരാണ്  .
-------------ബി ജി എന്‍ വര്‍ക്കല --------------


No comments:

Post a Comment