Wednesday, November 7, 2012

ജീവിതം

ജീവിതം ഒരു കോപ്പി പേസ്റ്റ് ആണ് .
മറ്റാരുടെയോക്കെയോ ജീവിതങ്ങളെ നോക്കി
അനുകരിച്ചും , അഭിനയിച്ചും മുന്നോട്ടു നീങ്ങി
ഒരുനാള്‍ മരിച്ചു വീഴുന്ന ഒരു വെറും കഥ

കണക്കുകളില്‍ എപ്പോഴും നിഴലിക്കുന്നത്
പൊക്കിള്‍കൊടിയുടെയും പത്തുമാസത്തിന്റെ
ചുമടും പിന്നെ മുലയൂട്ടും മാത്രംമാണല്ലോ.
കണ്ണീരിന്റെ   സഹനപര്‍വ്വം താണ്ടുന്നത് .

രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന്‍
ചോരവറ്റിച്ച യൌവ്വനത്തിന്റെ കഥകള്‍കേട്ടു
ചിരിച്ചും  കരഞ്ഞും വേദന കാണിച്ചും
കപടമുഖമണിയാന്‍ വിധിക്കപ്പെടുന്നോര്‍ .

ആശ്രയം കൊടുത്തതിന്‍ ഉപകാര സ്മരണ പോല്‍
ശയ്യാവിരി നിവര്‍ത്തിയും , പടിവേല ചെയ്തും
സന്തതികളെ പെറ്റു വംശവൃക്ഷം വളര്‍ത്തിയും
ജീവിതത്തിനു തുണ പോകുന്ന ജന്മങ്ങള്‍ ചിലര്‍ ...!

ഒരേ ഉദരം പങ്കു വയ്പ്പോര്‍ തമ്മില്‍ ഒരുമയെന്ന
കളവിനെ നാവിലും വരികളിലും പങ്കുവച്ചു
തരാതരം അവസരത്തിന്റെ പങ്കുപറ്റി കുതികാല്‍ വെട്ടിയും
ചങ്കില്‍ കഠാരമുന തിരുകിയും സ്വന്തമാക്കുന്നവര്‍ .!

ഉടമസ്ഥാവകാശത്തിന്‍ ഉറപ്പില്ലാകരാറില്‍
വേണ്ടതൊക്കെ  കൊടുത്തും ശിക്ഷിച്ചും
മറ്റൊരു ജീവിത നാടകവേദിയിലേക്ക്
തള്ളിവിടുന്ന പുതുനാമ്പിന്‍ ശലഭങ്ങള്‍

ഒടുവില്‍  മണ്ണിന്‍ ഈറന്‍ മണം ശ്വസിച്ചു
ഇരുളില്‍ഒറ്റയ്ക്ക് വേഷമഴിച്ചു കിടക്കവേ
ഓര്‍മ്മപ്പൂവില്‍ ബാക്കിയാകുന്നതോ വെറും
കരളലിയിക്കും കണ്ണീരും ശാപവും മാത്രം .
-----------ബി ജി എന്‍ വര്‍ക്കല --------------

No comments:

Post a Comment