Monday, September 22, 2014

നമുക്കിനി പ്രണയിക്കാം

പ്രണയം
നിന്‍ നാദബ്രഹ്മത്തില്‍
എന്നുമൊരീരടിയാകും നനുത്ത വികാരം .
നമുക്കോര്‍മ്മയാകുന്ന
പോയകാലങ്ങള്‍ക്ക് മുന്നില്‍
ചിറകു വിടര്‍ത്തിയാടുന്ന മയില്‍ പോലെ
നീയൊരു അനുഭൂതിയാകുന്നെന്നില്‍ .
കരിവണ്ടുകളാക്രമിച്ച
സുമദലങ്ങളില്‍ പൊടിയുമൊരു നിണം,
നിന്‍ പ്രണയത്തിന്റെ ശേഷിപ്പ്
എന്നിലതൊരു തീക്കാറ്റൂതുന്നുവോ ?
നിന്‍ ഇടനെഞ്ചില്‍
കുരുങ്ങുന്നൊരു വേദനയാകുന്നു
ഞാനാം കാവ്യം !
നമ്മള്‍ പിടഞ്ഞകലുന്ന ദൂരങ്ങളില്‍
മരുഭൂമിയുടെ നിശബ്ധത !
നിന്റെ മിഴികള്‍
മരുജലത്തിന്റെ തിളക്കമാകുന്നു .
പറയാതെ വയ്യ !
നമ്മള്‍ പ്രണയിക്കുകയായിരുന്നു
കള്ളിമുള്‍ച്ചെടികളില്‍
ശേഖരിക്കും ജലം പോലെ
നമ്മില്‍ പ്രണയം ഉറയുകയായിരുന്നു .
അകലുന്ന തോണികള്‍
കാറ്റ് തെളിക്കുന്ന പാതകള്‍
ഇല്ല നമുക്കെന്തിന് രണ്ടു പാതകള്‍ ?
കൊഴിഞ്ഞു വീഴാന്‍ കൊതിയോടെ നില്‍ക്കും
രണ്ടിളം പൂവുകള്‍ പോല്‍
നമുക്കിനി പ്രണയിക്കാം !
രാവിനു ഇനിയുമധികം നീളമില്ല .
നമുക്കിനി പ്രണയിക്കാം .
.................ബിജു ജി നാഥ്

No comments:

Post a Comment