Tuesday, September 16, 2014

പ്രണയലേഖനം


പ്രണയം പുറത്താകുമോ എന്ന ഭയത്തിന്റെ അവസാന തിരിവില്‍ വച്ചാണ് നീ എന്നെ സ്വതന്ത്രന്‍ ആകാനും യാത്ര ചെയ്യാനും അനുവദിച്ചത് . പക്ഷെ എന്റെ മൂന്നാം കണ്ണില്‍ നിന്റെ മനസ്സിലെ ഭയം തെളിഞ്ഞു വന്നു . ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു സുഖമല്ലേ നിനക്ക് ? നിന്റെ കണ്ണുകളില്‍  ഭയം പിടയുന്നത് കാണാമായിരുന്നു . നീ പറയാന്‍ ശ്രമിച്ചു അതെ എന്ന് പക്ഷെ പറഞ്ഞതും കേട്ടതും എനിക്ക് കഴിയില്ല എന്നായിരുന്നു . എന്താണ് നിനക്ക് കഴിയാതെ പോയത് എന്ന ചോദ്യം നാവില്‍ ഉണ്ടാകുമ്പോഴും ഞാന്‍ ചോദിച്ചത് സാരമില്ല എന്ന് മാത്രമായിരുന്നു. കാരണം ഞാന്‍ അറിയുന്നുണ്ടായിരുന്നു നിനക്ക് അത് സഹിക്കാന്‍ കഴിയുന്നതല്ല എന്ന് . നമ്മള്‍ പ്രണയിച്ചത് ഒരുപക്ഷെ നമ്മള്‍ അറിഞ്ഞിരുന്നില്ല എന്നാണു എനിക്ക് മനസ്സിലാകുന്നത്‌ . പരസ്പരം മിഴികളില്‍ മിഴി കൊരുത്തിരിക്കുമ്പോള്‍ നീ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു പോയി . നിന്റെ മിഴികളില്‍ എന്നെ കാണുമ്പോള്‍ വിരിയുന്ന നാണം കാണാന്‍ എനിക്ക് വല്യ ഇഷ്ടം ആണ് എന്ന് . എന്റെ മിഴികളില്‍ നാണമോ എന്ന് ഞാന്‍ അന്വേഷിച്ചു തുടങ്ങുകയായി ഞാന്‍ പിന്നെ . വാചാലമായ മൗനത്തിനുമപ്പുറം നിന്റെ നുണക്കുഴികളില്‍ സ്നേഹം പടരുന്നതും,ചുവപ്പ് അധികരിക്കുമ്പോള്‍ എനിക്ക് നാണമാകുന്നു എന്ന് പറഞ്ഞു മിഴി പൊത്തി നീ ഓടിയകലുന്നതും കാണുമ്പോള്‍ ഞാന്‍ വീണ്ടും ആലോചിക്കുന്നു ഇവിടെ നാണം ആര്‍ക്കായിരുന്നു ?
നിന്നില്‍ വിരിയുന്ന കുഞ്ഞു കുഞ്ഞു ചിരിപ്പൂക്കള്‍ എന്തിനായിരുന്നു എന്ന് നിന്നോട് ചോദിക്കേണ്ടി വന്നിട്ടില്ല എനിക്ക് . ഇരുട്ട് ഉമ്മ വച്ചുറക്കുന്ന നിന്റെ മുടിയിഴകളെ തഴുകി ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് നിന്റെ കവിളില്‍ ഉമ്മ വയ്ക്കുമ്പോള്‍ എന്റെ ചുണ്ടിന്‍ സ്പര്‍ശനമേറ്റെന്നപ്പോലെ നീ പൂത്തുലയുന്നത് ഞാന്‍ കാണുന്നു . നഗ്നമായ നിന്റെ പുറത്തു വിരലോടിക്കുമ്പോള്‍ എഴുന്നു വരുന്ന കുഞ്ഞുരോമങ്ങള്‍ , തുടിച്ചുയരുന്ന നിന്റെ മുലച്ചുണ്ടുകള്‍ എല്ലാത്തിനുമുപരി നിന്റെ കണ്ണുകള്‍ കൂമ്പി അടയുന്ന അസുലഭമായ കാഴ്ച അതിലും മനോഹരമായ ഒരു കാഴ്ചയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.
നിന്നോടുള്ള സ്നേഹം കൊണ്ടാകാം പുലരികളെ ഞാന്‍ ഇത്ര അധികം ഇഷ്ടപ്പെടുന്നത് . ഓരോ ഉറക്കത്തില്‍ നിന്നും ഞാന്‍ കൊതിക്കുന്നത് ഒരു പ്രഭാതം . നീ എന്റെ ജീവനില്‍ സംഗീതം ആകുമ്പോള്‍ , എന്നില്‍ പ്രണയം കോരി നിറയ്ക്കുമ്പോള്‍ എനിക്ക് എന്നെ നഷ്ടമാകുന്നു .
നീയില്ലാത്ത ദിനങ്ങളെ ഞാന്‍ പേടിയോടെ നോക്കിക്കാണുന്നു . നിന്റെ ചലനങ്ങളെ , നിന്റെ നിഴലിനെ ,നിന്റെ സുഗന്ധത്തെ തേടി ഞാനാം ശലഭം വട്ടമിട്ടു പറക്കുന്നു . നിന്റെ ശബ്ദത്തിന്റെ മാന്ത്രികതയില്‍ ഞാന്‍ എന്നെ വരിഞ്ഞു മുറുക്കുന്നു . എനിക്കെന്നില്‍ നിന്നും എന്നെ എവിടെയോ നഷ്ടം ആകുന്നു . പ്രണയത്തിന്റെ തീക്കാറ്റില്‍ ഞാന്‍ ഉരുകിയൊലിക്കുന്നു . നിന്റെ സാമീപ്യമേകുന്ന രാവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു . നമുക്കിടയിലെ മൗനം ഉരുകിയോലിച്ചു പോകുവാനും , നീ എന്നില്‍ പടരുന്നൊരു ലതയാകുവാനും കഴിയുന്ന പൌര്‍ണ്ണമി രാവുകളെ ഞാന്‍ സ്വപ്നം കാണുന്നു .
----------------------ബിജു ജി നാഥ് -------------------------------------------------------------

1 comment: