Tuesday, September 16, 2014

അവര്‍ സദാചാരത്തിന്റെ പടയാളികള്‍

വാക്കുകള്‍ക്കിടയില്‍
അക്ഷരങ്ങള്‍ മരവിച്ചു നില്‍ക്കും
ചിലമ്പിച്ച സന്ധ്യകള്‍
പടിയിറങ്ങി പോകുമ്പോള്‍ ,
കാവലില്ലാ ദൈവപ്പുരകളില്‍
കണ്ണു പൊത്തിക്കളിക്കുന്നു
ഉടുവസ്ത്രമില്ലാത്ത ബിംബങ്ങള്‍.
തൊട്ടുരിയാടാന്‍
തഴുകി തലോടാന്‍
തീര്‍ത്ഥമായ്‌ നിറുകയില്‍ ,
നാവില്‍ തളിക്കുവാന്‍
വെമ്പലോടെ കാത്തുനില്‍ക്കുന്നു
വ്രണിതജന്മങ്ങള്‍ ചുറ്റിലും .

നാലകത്തിന്റെ
പടിപ്പുരയുടെ
ശ്രീലകത്തിന്റെ
മച്ചിന്‍പുറങ്ങളില്‍ ,
ചുവരുകളില്‍
ഗോപുരനടകളില്‍
നഗ്നമേനികള്‍ കാത്തു നില്‍ക്കുന്നു .
ഉദ്ധൃതമല്ലാത്ത ലിംഗങ്ങളും
അധമചിന്തകളുമില്ലാതെ
പരിവാരങ്ങള്‍ തൊട്ടു തൊഴുന്ന
കളഭം ചാര്‍ത്തുന്ന
പുണ്യവും കാത്തു .

വഴിയോരം
കീറിയ തുണിത്തുണ്ടിലും
അനാവൃതമാകുന്ന വസ്ത്രാഞ്ചലത്തിലും
സിനിമാ പോസ്ടറുകളിലും
നഗ്നഭാഗങ്ങള്‍ കണ്ടു
സ്ഖലിക്കുന്നു
കാറിത്തുപ്പുന്നു
സദാചാരഭ്രംശമോര്‍ത്തു
ദുഖിക്കുന്നവര്‍ .

അയലത്തെയടുക്കള വാതില്‍
എത്ര വട്ടം തുറന്നടഞ്ഞെന്നും
വാക്കുകളില്‍ , വരികളില്‍
എത്ര ലിംഗവും യോനിയും തടഞ്ഞുവെന്നും
ഭൂതക്കണ്ണാടി വയ്ക്കുന്നവര്‍ .

ഇരുട്ട് കട്ട പിടിക്കുമ്പോള്‍
തലയില്‍ മുണ്ടിട്ടു
കാമത്തിന്റെ മോണിട്ടറുകള്‍ തുറക്കുന്നവര്‍ .
ദിന്‍ മേം ഭയ്യ രാത് മേം ശയ്യ പാടുന്നവര്‍ .
ഇവര്‍ സദാചാരത്തിന്റെ പടയാളികള്‍
ഇവര്‍ സമൂഹത്തിന്റെ മുന്നണികള്‍
ഇവര്‍ സാംസ്കാരികതയുടെ അപ്പോസ്തലര്‍ .
-------------ബിജു ജി നാഥ് ---------



No comments:

Post a Comment