പാകമാകാ കുപ്പായങ്ങള്‍ക്കുള്ളില്‍
വേവുമാറാത്ത മനസ്സുകള്‍ തേങ്ങുന്നു .
നിയതിയില്ലാത്ത യാത്രതന്‍ മുന്നില്‍
വഴി പിഴയ്ക്കുമീ ഓര്‍മ്മകള്‍ പോലവേ.
എവിടെയോ പിടഞ്ഞു തകരുന്നുണ്ടാകാം
നിലവിളികളുടെ നീര്‍ക്കുമിളകളെങ്കിലും
പ്രിയതെ, യാത്ര തുടരുക നിന്നിലെ
വൃണിതമാം ചിത്തം അമരും വരേയ്ക്കും .
കല്ലുകള്‍ മുള്ളുകള്‍ കയറ്റിറക്കങ്ങള്‍
കൊടും വനങ്ങള്‍ ഹിംസ്രജന്തുക്കള്‍
കണ്ണടച്ചാല്‍ മുടിയഴിക്കും യക്ഷിപ്പന
ചോര മണക്കും നിശാഗന്ധികള്‍ !
മഴമരങ്ങള്‍ തേടി അലയുന്ന വര്‍ഷം
കോരിത്തരിക്കുന്ന ഹേമന്തരാവുകള്‍
വറ്റിവരണ്ടൊരു നദി പോല്‍ ഗ്രീഷ്മവും
മദനോത്സവങ്ങള്‍ തന്‍ വാസന്തവും .
ഇല്ല തീരുന്നില്ല യാത്രകളൊരിക്കലും
വന്നു ഭവിക്കുന്ന കുതൂഹലപാതകളില്‍
പാഥേയം കാല പാദാര്‍ച്ചന ചെയ്തിട്ട്
ഓര്‍മ്മതന്‍ ചില്ലില്‍ ഞാനൊതുങ്ങുന്നു.
-------------------------ബിജൂ ജി നാഥ് ...
No comments:
Post a Comment